ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാതം വച്ചു നോക്കിയാൽ എല്ലാ നാടകത്തിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വേണ്ടത്. അങ്ങനെ വല്ലവരും ഇവിടെ ചെയ്യുന്നുണ്ടോ?
ചുട്ട ജീവിതാനുഭവങ്ങളും സാമൂഹ്യ നിരീക്ഷണപാടവവും തെളിഞ്ഞ ഉൾക്കാഴ്ചയുമുള്ള പ്രതിഭാസന്പന്നരായ എഴുത്തുകാർക്കേ ശക്തമായ നാടകമെഴുതാൻ കഴിയൂ. അവർക്കേ പ്രഫഷണൽ നാടകവേദിയെ ഇന്നത്തെ അവസ്ഥയിൽനിന്ന് ഉയർത്തിക്കൊണ്ടുവരാൻ കഴിയുകയുള്ളൂ. ആരുബലമുള്ള ഇതിവൃത്തവും കരുത്തുറ്റ കഥാപത്രങ്ങളും മികച്ച നാടകീയ മുഹൂർത്തങ്ങളും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളുമുൾക്കൊള്ളുന്ന നല്ല നാടകങ്ങൾ ഈ രംഗത്ത് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
മുന്പ് ചൂണ്ടിക്കാട്ടിയതു പോലെ നാല്പതും അന്പതും വർഷംമുന്പ് ഞാൻ കണ്ട നാടകങ്ങളിലെ പ്രമേയവും പ്രധാന കഥാപാത്രങ്ങളും നാടകീയ ആവർത്തനങ്ങളും മനസിന്റെ തിരശീലയിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു. എന്നാൽ ഇന്നോ? നാടകം കണ്ടു നാല്പതു മിനിറ്റാവുന്പോഴേക്കും മിക്കതിന്റെയും കഥയും കഥാപാത്രങ്ങളും മനസിൽനിന്നും ഊരിപ്പോകുന്നു.
നാടകത്തിന്റെ പേര് പോലും മറക്കുന്നു. എന്തുകൊണ്ട്? നാടകം പ്രേക്ഷകന്റെ മനസിൽ തട്ടുന്നില്ല. ഉള്ളിൽ പതിയുന്നില്ല. അതിലെ രംഗങ്ങളൊന്നും അയാളുടെ ഹൃദയത്തിൽ ചലനമുണ്ടാക്കുന്നില്ല. ഈ മൂല്യച്യുതിക്കാണ് പരിഹാരമുണ്ടാവേണ്ടത്. എൺപതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയ സാമാന്യം ഭേദപ്പെട്ട കുറേ പ്രഫഷണൽ നാടകങ്ങളെയും ഇപ്പോൾ ഇറങ്ങുന്ന ചുരുക്കം ചില നല്ല നാടകങ്ങളെയും മറന്നുകൊണ്ടല്ല ഞാനിതു കുറിക്കുന്നത്. അതിനു ശക്തമായ പിന്തുടർച്ച ഉണ്ടാവുന്നില്ല എന്നതാണ് പ്രശ്നം.
സ്ത്രീകളുടെ എണ്ണം
ഞാനെഴുതിയ അമച്വർ നാടകങ്ങളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ത്രീ കഥാപാത്രങ്ങളേ ഉണ്ടാവാറുള്ളൂ. അതിന്റെ പേരിൽ പലരും എന്നെ ആക്ഷേപിച്ചിട്ടുണ്ട്. ബിസിനസ് തന്ത്രംവച്ചാണ് ജോസ് ഇങ്ങനെ ചെയ്യുന്നതെന്നു പറഞ്ഞ് പുച്ഛിച്ചവരുണ്ട്. അങ്ങനെ പുച്ഛിച്ച പ്രഫഷണൽ നാടകപ്രവർത്തകരിൽ ചിലരോട് ഞാൻ ചോദിച്ചു: ""എന്താ നിങ്ങളുടെ നാടകങ്ങളിൽ മൂന്നു പെണ്ണുങ്ങൾ സ്ഥിരമാണല്ലോ? മൂന്നു പെണ്ണുങ്ങളില്ലെങ്കിൽ നാടകമുണ്ടാവില്ലെ?""മിനിമം മൂന്നു പെണ്ണുങ്ങളുണ്ടെങ്കിലേ ഒരു ഗ്ലാമറുള്ളൂ. നാടകം ഓടണ്ടേ സാറേ?''
അപ്പോൾ അതാണ് കാര്യം. തനി ബിസിനസാണ് ഇവിടെയും ലക്ഷ്യം. അന്ന് അങ്ങനെ പറഞ്ഞവർ, ഇന്നു രണ്ടു സ്ത്രീകളെ വച്ചു നാടകമിറക്കുന്നു. നടികളുടെ ക്ഷാമം കൂടിയപ്പോൾ ഒരു സ്ത്രീ കഥാപാത്രമായാലും പ്രഫഷണൽ നാടകമിറക്കാം എന്ന നിലയിലെത്തിത്തുടങ്ങി. ഇപ്പോൾ ഒരാളെത്തന്നെ രണ്ടും മൂന്നും റോളുകളിൽ വേഷം കെട്ടിക്കുന്നു.
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാതം വച്ചു നോക്കിയാൽ എല്ലാ നാടകത്തിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വേണ്ടത്. അങ്ങനെ വല്ലവരും ഇവിടെ ചെയ്യുന്നുണ്ടോ?
നാടകത്തിന്റ ഇതിവൃത്തം ആവശ്യപ്പെടുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് ഉൾക്കൊള്ളിക്കേണ്ടത്. എസ്.എൽ. പുരത്തിന്റെ പ്രസിദ്ധമായ "അഗ്നിപുത്രി' നാടകത്തിൽ ആകെ എട്ടു കഥാപാത്രങ്ങളിൽ അഞ്ചുപേരും സ്ത്രീകളാണ്. ആ നാടകത്തിന് അത് ആവശ്യമായിരുന്നു.
സ്ത്രീ കഥാപാത്രങ്ങളുടെ എണ്ണവും ഗ്ലാമറുമല്ല നോക്കേണ്ടത്. ഒറ്റ സത്രീ കഥാപാത്രം മാത്രമുള്ള എന്റെ എത്രയോ നാടകങ്ങൾ അമച്വർ സംഘങ്ങൾ ഇരു കരങ്ങളും നീട്ടി ആവേശപൂർവം സ്വീകരിച്ചു. നാടിന്റെ നാനാഭാഗത്തും അതി തന്മയത്വത്തോടെ അവതരിപ്പിച്ചു.
അവതരിപ്പിച്ചവർ ആരും സ്ത്രീ കഥാപാത്രങ്ങളുടെ എണ്ണം പോരെന്നു പരാതി പറഞ്ഞില്ല. കാരണം ഉള്ള സ്ത്രീ കഥാപാത്രത്തിനു ജീവനുണ്ടായിരുന്നു, വ്യക്തിത്വമുണ്ടായിരുന്നു. ആ കഥാപാത്രം നാടകത്തിൽ നിറഞ്ഞുനിന്നിരുന്നു. സ്ത്രീ കഥാപാത്രങ്ങളുടെ എണ്ണക്കുറവുകൊണ്ട് എന്റെ നാടകങ്ങൾക്ക് ഒരപകടവും സംഭവിച്ചില്ല.
ഒറ്റ സ്ത്രീ കഥാപാത്രം കൊണ്ടുതന്നെ നാടകവിജയം സാധ്യമാകുന്ന രീതിയിൽ ഞാൻ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും സംഭവങ്ങളെയും വിഭാവനം ചെയ്തു. അതിനനൃസൃതമായി രംഗങ്ങളും നാടകീയ മുഹൂർത്തങ്ങളും ഉചിതമായ സംഭാഷണങ്ങളമൊരുക്കി. അങ്ങനെ നാടകത്തിനു മൊത്തത്തിൽ കെട്ടുറപ്പും പിരിമുറുക്കവുമുണ്ടാക്കി. സംഭാഷണ രചനയിൽ ഞാൻ ഏറെ ശ്രദ്ധിക്കും.
നല്ല നാടകം പിറക്കാൻ
"Good dialogue is character' എന്ന് ഇംഗ്ലീഷ് നാടകകൃത്തായ ഗാൽസ്വർത്തി പറഞ്ഞിട്ടുണ്ട്. നല്ല സംഭാഷണം പാത്രസൃഷ്ടിയാണ്. ഗാൽസ്വർത്തി പറഞ്ഞ അഭിപ്രായം അതേപടി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു പടികൂടി കടന്നു ഞാൻ പറയും: "Good situation is dialogue and character' - നല്ല മുഹൂർത്തം നല്ല സംഭാഷണവും പാത്രസൃഷ്ടിയുമാണ്.
നല്ല നാടകീയ മുഹൂർത്തങ്ങൾ നാടകത്തിലുണ്ടെങ്കിൽ അവിടെ കഥാപാത്രങ്ങളുപയോഗിക്കുന്ന സംഭാഷണത്തിനു ശക്തിയും സ്വാഭാവികതയും താനേ കൈവരും. ചുരുക്കത്തിൽ നാടകത്തിലെ നല്ല മുഹൂർത്തങ്ങളാണ് മിഴിവുറ്റ കഥാപാത്രങ്ങളെയും മികച്ച സംഭാഷണത്തെയും സൃഷ്ടിക്കുക. അവ ഏറെക്കാലം പ്രേക്ഷകന്റെ മനസിൽ തങ്ങിനിൽക്കും.
പ്രഫഷണൽ നാടകസംഘങ്ങൾക്കു വേണ്ടി രചന നടത്തുന്ന സുഹൃത്തുക്കൾ കാതലായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. പ്രഫഷണൽ നാടകങ്ങൾക്കു പണ്ടത്തെ പുഷ്കല കാലഘട്ടത്തിന്റെ നിലവാരവും ശക്തിയും ആകർഷകത്വവും സിദ്ധിക്കണമെങ്കിൽ താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്ന നാടകങ്ങൾ ഉണ്ടാവണം. 1. ജീവിതഗന്ധിയായ, സാമൂഹ്യപ്രസക്തിയുള്ള ഇതിവൃത്തങ്ങൾ. 2. കാന്പും കരുത്തുമുള്ള പുത്തൻ പ്രമേയങ്ങൾ. 3. ആത്മസഘർഷം മുറ്റിനിൽക്കുന്ന രംഗങ്ങൾ. 4. മികച്ച നാടകീയ മുഹൂർത്തങ്ങൾ. 5. മിഴിവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങൾ. 6. ഭാവതീവ്രമായ അഭിനയങ്ങൾ. 7. പുതുമയാർന്ന അവതരണ ശൈലികൾ.
ഇങ്ങനെയായാൽ പ്രഫഷണൽ നാടകവേദിയുടെ ഇന്നുള്ള തളർച്ചയും മുരടിപ്പും മാറും. പുതുജീവനും ഓജസും കൈവരും. അവതരിപ്പിക്കപ്പെടുന്ന ഓരോ നാടകവും പ്രേക്ഷകരുമായി നേരിട്ടു സംവദിക്കണം. രംഗവേദിയിലെ നാടകം പ്രേക്ഷകന്റെ മനസിൽ നടക്കണം. ചുരുക്കത്തിൽ നാടകം ഒരു ദൃശ്യാനുഭവമായി മാറണം. നല്ല ജീവിതാനുഭവങ്ങളും പ്രതിഭാസന്പത്തുമുള്ള പുതിയ പുതിയ എഴുത്തുകാർ ഈ രംഗത്തേക്കു കടന്നുവരട്ടെ.
സി.എൽ.ജോസ്