ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര്‍. മങ്ങിയ വെളിച്ചത്തിൽ വഴിവക്കിൽ വില്പനയ്ക്കു വച്ച പുസ്തകക്കൂമ്പാരങ്ങളിൽ കേൾക്കാത്ത കഥകൾ തിരയുന്ന കട്ടിക്കണ്ണട വച്ച ബുദ്ധിജീവികള്‍...ഇതു കോൽക്കത്ത, കാഴ്ചകൾ അവസാനിക്കാത്ത നഗരം.
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര്‍. മങ്ങിയ വെളിച്ചത്തിൽ വഴിവക്കിൽ വില്പനയ്ക്കു വച്ച പുസ്തകക്കൂമ്പാരങ്ങളിൽ കേൾക്കാത്ത കഥകൾ തിരയുന്ന കട്ടിക്കണ്ണട വച്ച ബുദ്ധിജീവികള്‍...ഇതു കോൽക്കത്ത, കാഴ്ചകൾ അവസാനിക്കാത്ത നഗരം.
നെടുമ്പാശേരിയിൽനിന്ന് പറയുന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോൽക്കത്ത പട്ടണത്തിന്റെ നീലവാനിൽ ഒന്നു വട്ടമിട്ട ശേഷം സുഭാഷ്ചന്ദ്രബോസ് വിമാനത്താവളത്തിലേക്കു താഴ്ന്നു തുടങ്ങി. വിമാനത്തിന്റെ കുഞ്ഞുജാലകത്തിലൂടെ പുറത്തേക്കു നോക്കി.
നഗരത്തെ ചുറ്റിപ്പിണഞ്ഞൊഴുകുന്ന ഹൂഗ്ലി നദിയുടെ മങ്ങിയ ആകാശചിത്രം കൗതുകം പകർന്നു. വായിച്ചറിഞ്ഞ കോൽക്കത്തയുടെ കാഴ്ചകളിലേക്കു പറന്നിറങ്ങുന്നതിന്റെ ആവേശം മനസിലുണ്ടായിരുന്നു. ടാഗോറിന്റെയും വിവേകാനന്ദന്റെയും ബങ്കിംചന്ദ്ര ചാറ്റർജിയുടെയും നാട്.
മദർ തെരേസയുടെയും ജ്യോതിബസുവിന്റെയും സത്യജിത്റായിയുടെയും മമത ബാനർജിയുടെയും തട്ടകം. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെയും തൊഴിലാളി യൂണിയനുകളുടെയും കാൽപന്തുകളിയുടെയും നഗരം. കൊളോണിയൽ ചിഹ്നമായ ട്രാമും മനുഷ്യൻ മനുഷ്യനെ വലിക്കുന്ന റിക്ഷകളും മഞ്ഞടാക്സികളും പെട്ടിക്കൂട് ബസുകളും പൊടിപടലങ്ങളും ഇനിയും അകന്നുപോകാത്ത നഗരം.
ചുറ്റിപ്പിണഞ്ഞ പഴമ/b>
വിമാനത്താവളത്തിലെ ശീതളിമയിൽനിന്നു പുറത്തുകടന്നത് 41 ഡിഗ്രിയിൽ കത്തുന്ന പകലിന്റെ തീച്ചൂളയിലേക്കാണ്. നഗരം ചുറ്റി ലോഡ്ജിലേക്കുള്ള ബസ് യാത്ര കോൽക്കത്ത പട്ടണത്തിന്റെ ഏകദേശരൂപം മുന്നിലേക്കു കാട്ടിത്തന്നു.
പഴമ ചുറ്റിപ്പിണഞ്ഞു നിൽക്കുന്ന കെട്ടിടങ്ങളും ഇടുങ്ങിയ വഴികളും ഗതാഗതക്കുരുക്കും വെള്ള ഉടുപ്പിട്ട പോലീസുകാരും വഴിയരികിലെ പഴം പച്ചക്കറി മത്സ്യ കച്ചവടങ്ങളുമെല്ലാം വായിച്ചറിഞ്ഞ കോൽക്കത്തയെ മുന്നിലേക്കു കൊണ്ടുവരികയാണ്.
വാസ്തുഹാരയിലെ ദമയന്തിയെ പോലുള്ള, പരുത്തി സാരിയുടുത്ത സുന്ദരികളെ ഇടയ്ക്കിടെ കാണാം. ബംഗാളിനോട്, പ്രത്യേകിച്ചു കോൽക്കത്തയോടു മലയാളികൾക്ക് എന്നുമൊരു അടുപ്പമുണ്ട്. മുംബൈയിലേക്കെന്ന പോലെ ഒരു കാലത്തു മലയാളികൾ കൂട്ടത്തോടെ ചേക്കേറിയിരുന്ന വ്യാവസായിക നഗരമായിരുന്നു കോൽക്കത്ത.
ചതുപ്പിലെ നഗരം
വായിച്ചു തീർത്ത നോവലുകളോ കണ്ട സിനിമകളോ ഇടതുപക്ഷ രാഷ്ട്രീയമോ ഭൂപ്രകൃതിയോ മത്സ്യപ്രിയമോ സമാനങ്ങളായ മറ്റെന്തൊക്കയോ തീർക്കുന്ന ഗൃഹാതുരചിന്തകൾ. നിലംപൊത്തറായ പഴയ ചണമില്ലുകളും കൈത്തറിശാലകളും അങ്ങാടികളും വസ്ത്രങ്ങൾ ഉണക്കുന്ന കമ്പിവലയിട്ട മട്ടുപ്പാവുകളും ഇന്നും കോൽക്കത്തയെ ചരിത്രത്തിന്റെ ശേഷിപ്പും സൂക്ഷിപ്പുമായി നിലനിർത്തുന്നു.
1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കോൽക്കത്ത. 1692ൽ ജോബ് ചാർനോക്ക് എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്തെ ഗോബിന്ദപുർ, കൊലികത, സുതാനുതി ഗ്രാമങ്ങൾ ഉൾപ്പെടുന്ന ചതുപ്പ് പ്രദേശം ഒരു വ്യാപാരകേന്ദ്രം പണിയാൻ തെരഞ്ഞെടുത്തു. ഈ സ്ഥലത്താണ് ഇന്നത്തെ കോൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്.
പുലർച്ചെ അഞ്ചിനുതന്നെ കോൽക്കത്തയിൽ നേരം പുലർന്നു. തെരുവുകൾ സജീവം. നിരത്തിൽ വഴിയാത്രക്കാരുടെയും ജോലിക്കാരുടെയും വിദ്യാർഥികളുടെയും തിരക്ക്. അതിനിടയിലൂടെ വെറുതെ നടന്നു. ചില ഭാഗങ്ങളിൽ നഗരത്തിന് ആധുനിക മുഖമുണ്ട്.
എങ്കിലും ഇടുങ്ങിയ തെരുവുകളുടെ ചാരുതയാണ് നഗരത്തിന്റെ മുഖമുദ്ര. കാലങ്ങളായി അതിനോട് ഇണങ്ങിയ ജീവിതങ്ങൾ. വഴിയോരത്തെ പൊതുബോർഡിൽ തൂക്കിയിട്ട പാർട്ടിപ്പത്രം ശ്രദ്ധയോടെ വായിക്കുന്ന ഒരു വയോധികനെ കണ്ടു.
തെരഞ്ഞെടുപ്പ് കാലമായിട്ടും വലിയ പ്രചരണങ്ങൾ നഗരത്തിൽ കണ്ടില്ല. ചിലേടങ്ങളിൽ മാത്രം മമത ബാനർജിയുടെ ഫ്ലക്സുകൾ കാണാം. തുടർച്ചയായി 34 വർഷം ഇടതുപക്ഷം ഭരിച്ച സംസ്ഥാനമാണ് ബംഗാൾ. പക്ഷേ, ഇപ്പോൾ അധികാരത്തിന് ഏഴയലത്ത് എത്താനാവുന്നില്ല.
ബേലൂർ മഠം
ഇളംവെയിലിനു പോലും പൊള്ളുന്ന ചൂട്. ചൂടും തണുപ്പുമൊന്നും വകവയ്ക്കാതെ ഈ മഹാനഗരം ചലിച്ചുകൊണ്ടേയിരിക്കുന്നു. ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിലേക്കായിരുന്നു ആദ്യ യാത്ര.
ശ്രീരാമകൃഷ്ണന്റെ പ്രധാന ശിഷ്യനായിരുന്ന സ്വാമി വിവേകാനന്ദനാണ് 1897ൽ ബേലൂർ മഠം സ്ഥാപിച്ചത്. ഹിന്ദു ഇസ്ലാമിക് ബുദ്ധ ക്രിസ്ത്യൻ കലകളെ സമന്വയിപ്പിക്കുന്ന വസ്തുവിദ്യയിലാണ് കെട്ടിടം. ബേലൂർ മഠത്തിന്റെ കവാടത്തിലെത്തി വാഹനത്തിൽനിന്നു പുറത്തിറങ്ങിയതും ചൂടറിഞ്ഞു തുടങ്ങി. മാവും പ്ലാവും പേരാലുകളും തണൽ വിരിച്ച വിശാലമായ മുറ്റം.
ആശുപത്രിയും സ്കൂളും വായനശാലയും മോസ്കും ഉൾകൊള്ളുന്ന അങ്കണം. കിഴക്കുഭാഗത്തു ഹൂഗ്ലി നദി ശാന്തമായൊഴുകുന്നു. സ്വാമി വിവേകാനന്ദന്റെ ജീവിതവുമായി ബന്ധപ്പെട്ടവയെല്ലാം പാവനമായി സംരക്ഷിച്ചിട്ടുണ്ട് ബേലൂർ മഠത്തിൽ.
ഒരു ബോട്ട് യാത്ര
ബേലൂർ ഘട്ടിൽനിന്നു ബോട്ട് പിടിച്ചാണ് ഹൂഗ്ലിയുടെ കിഴക്കേക്കരയിലുള്ള ദക്ഷിണേശ്വര കാളീക്ഷേത്രത്തിലേക്കു തിരിച്ചത്. അടിത്തട്ടിൽനിന്നു കലങ്ങി ഉയരുന്ന വെള്ളം. ഹിമാലയത്തിൽനിന്ന് ഉത്ഭവിക്കുന്ന പുണ്യനദിയായ ഗംഗയുടെ വാലറ്റഭാഗമാണ് ഹൂഗ്ലി.
ഹൂഗ്ലി നദിയിലാണ് ഇന്ത്യയിലെ വലിയ ശുദ്ധജല തുറമുഖമായ കോൽക്കത്ത പോർട്ട്. തുറമുഖത്തുനിന്നു കടലിലേക്കു പിന്നെയുമുണ്ട് 203 കിലോമീറ്റർ ദൂരം. സാവധാനം സഞ്ചരിക്കുന്ന ബോട്ടിൽ ഇരിക്കുമ്പോൾ കോൽക്കത്തയുടെയും ഹൗറയുടെയും തീരങ്ങൾ കാണാം.
അടുക്കി വച്ച കൂടുകൾ പോലെ കെട്ടിടങ്ങൾ, ക്ഷേത്രങ്ങൾ, ഗോപുരങ്ങൾ. ഇടയ്ക്കിടെ ബംഗാളി ഗ്രാമങ്ങളിലേക്കു സഞ്ചരിക്കുന്ന തിങ്ങിനിറഞ്ഞ യാത്രാ ബോട്ടുകൾ കാണാം. മണൽ വാരുന്ന വഞ്ചികൾ, കക്ക വരുന്നവർ, മത്സ്യം പിടിക്കുന്നവർ, നദിയിലേക്കിറങ്ങുന്ന നിരവധിയായ ഘട്ടുകൾ, അവിടെ കുളിക്കുകയും അലക്കുകയും ചെയ്യുന്നവർ...
ഹൂഗ്ലിയിലൂടെ നീങ്ങുന്പോൾ കാഴ്ചകൾക്കു തെല്ലും പഞ്ഞമില്ല. താരാ മാ മന്ദിറിനും രാമകൃഷ്ണഘട്ടിനും ഇടയിൽ എന്നും വൈകുന്നേരങ്ങളിൽ ആരതി ഉണ്ടാകും. ആരതി കാണാൻ ജനങ്ങൾ കരകളിൽ തടിച്ചുകൂടും.
പൊള്ളുന്ന പാദങ്ങൾ
കോൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിച്ച് ഒൻപതിടങ്ങളിൽ പാലങ്ങളുണ്ട്. അവയിലൊന്നായ വിവേകാനന്ദസേതുവിന്റെ അടിയിലൂടെ മറുകരയിലെ കടവിലെത്തി. ബോട്ടിറങ്ങി നടക്കുമ്പോൾ ചൂട് വല്ലാതെ അലട്ടി.ക്ഷേത്രകവാടത്തിൽ ശ്രീരാമകൃഷ്ണന്റെ ചിത്രത്തിനരികെ ഒരു വാചകം കാണാ, "ഒരുപാട് വിശ്വാസങ്ങൾ പോലെ ഒരുപാട് വഴികളും.'
നഗ്നപാദരായി വേണം ദക്ഷിണേശ്വര കാളീക്ഷേത്രത്തിലേക്കു കയറാൻ. അതൊരു വെല്ലുവിളി തന്നെയായിരുന്നു. ചുട്ടു പൊള്ളുന്ന തറയോടിൽ ചവിട്ടി സന്ദർശകരിൽ മിക്കവരും ഞെളിപിരി കൊണ്ടു. അതിവിശാലമായ ക്ഷേത്രമുറ്റത്തു സവിശേഷമായ വാസ്തുഭംഗിയിൽ പ്രൗഢിയോടെ ദക്ഷിണേശ്വര കാളീക്ഷേത്രം.
റാണി രാശ്മണി ഹൂഗ്ലി നദിക്കരയിൽ മുപ്പതിനായിരം ഏക്കർ സ്ഥലം വാങ്ങി നിർമിച്ച ക്ഷേത്രം. ബംഗാളി വാസ്തുവിദ്യ. മൂന്നു നിലകൾ. 1855ൽ നിർമാണം പൂർത്തിയായി. ടോളിഗഞ്ചിലെ രാധാകന്ത് ക്ഷേത്രത്തിന്റെ നവരത്ന ശൈലിയാണ് പ്രചോദനം.
മദർ ഹൗസ്
ഒരു മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കു കടന്നാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ഹോട്ടലിൽ എത്തിയത്. കോൽക്കത്ത സെന്റ് പോൾസ് കത്തീഡ്രലിൽനിന്ന് ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലൂടെ റിപ്പൺ തെരുവിലേക്കു നടന്നു. അവിടെ 54A നമ്പറിൽ ചാരനിറത്തിൽ ഒരു ബഹുനില കെട്ടിടം. മദർ ഹൗസ്.
120ൽപരം രാജ്യങ്ങളിൽ മoങ്ങളുള്ള മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ആസ്ഥാന മന്ദിരം. ഒരു ഇടത്തരം കോൺവന്റ് സ്കൂളിന്റെ മട്ടും ഭാവവും. നിരത്തിനോടു ചേർന്നുള്ള മന്ദിരത്തിന്റെ കുഞ്ഞുകവാടം കടക്കുമ്പോൾ അടിത്തട്ടിലെ അനാഥത്വ ചിന്തകൾക്ക് ആശ്രയം കിട്ടിയ ആഹ്ലാദത്തിലാകും എല്ലാ മനസുകളും.
മദർ തെരേസയുടെ ഹൃദയം പോലെ നാലു വശങ്ങളിലേക്കും വാതായനങ്ങൾ തുറക്കുന്ന ഒരു കൊച്ചു സ്വീകരണ മുറിയാണ് ആദ്യം. അവിടെ നീല കരയുള്ള സാരിയണിഞ്ഞ ഒരു സന്യാസിനി കുറെ ഗ്രാമീണരോടു സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. ബാഗും സഞ്ചിയുമായി പുറത്തു കാത്തിരിക്കുന്നുണ്ട് ഒന്നുരണ്ടു സ്ത്രീകൾ. അല്പം മുന്നോട്ടു നടന്നാൽ വലതു വശത്തായി മദർ തെരേസയുടെ കബറിടം.
വെളുത്ത മാർബിളിൽ തീർത്ത കബറിടത്തിൽ കൈകൾ വച്ചു മനമുരുകി പ്രാർഥിക്കുന്ന നാനാജാതി മതസ്ഥർ. തൊട്ടുതന്നെ മദർ തെരേസ മ്യൂസിയം. മ്യൂസിയത്തിൽനിന്ന് ഇറങ്ങി ഗോവണി കയറി ചെന്നാൽ മദർ 44 വർഷങ്ങൾ ഉപയോഗിച്ചിരുന്ന കിടപ്പുമുറി. കിടക്കയും ചെറിയൊരു മേശയുമുള്ള കൊച്ചുമുറി. ചുമരിൽ ക്രൂശിതരൂപവും മുൾക്കിരീടവും. ജനാലക്കരികിൽ സന്യാസിനികൾക്കു നിർദേശങ്ങൾ നൽകാനുള്ള 16 കത്ത് പെട്ടികൾ. എത്ര ലളിതമാണ് അവിടത്തെ ഒാരോ കാഴ്ചയും.
വിക്ടോറിയ മെമ്മോറിയൽ
കോൽക്കത്തയിലെ ഏറ്റവും സുന്ദരസ്മാരകമായ വിക്ടോറിയ മെമ്മോറിയലിലെത്തുമ്പോൾ സായാഹ്നമായി. പോക്കുവെയിലിൽ പരിലസിക്കുന്ന ഒരു മണിമന്ദിരം. വിക്ടോറിയ രാജ്ഞിയുടെ ഓർമയ്ക്കായി ഹൂഗ്ലി നദിക്കരയിൽ 64 ഏക്കറിൽ 1921ൽ കഴ്സൺ പ്രഭു നിർമിച്ച കൊട്ടാരം. പൂർണമായും മക്രാനാ മാർബിൾ ഉപയോഗിച്ചാണ് 56 മീറ്റർ ഉയരമുള്ള വിക്ടോറിയ മെമ്മോറിയലിന്റെ നിർമാണം.
കാളിഘട്ട് ക്ഷേത്രം
ചൂടിനു ശമനമായതോടെ തെരുവുകളിൽ തിരക്കേറി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കാളീക്ഷേത്രമായ കാളിഘട്ടിൽ എത്തുമ്പോൾ സന്ധ്യയായി. ഭൂമിയിലെ 51 ശക്തി പീഠങ്ങളിൽ പ്രധാനപ്പെട്ടതാണ് കാളിഘട്ട് ക്ഷേത്രം. ദിവ്യന്മാരായ ബ്രഹ്മാനന്ദഗിരിയും ആത്മാരാംഗിരിയും ചേർന്ന് 1570ൽ നിർമിച്ച ദക്ഷിണകാളി വിഗ്രഹം വെറുമൊരു കുടിലിൽ പ്രതിഷ്ഠിച്ചായിരുന്നു തുടക്കം.
മൂന്നു കണ്ണുകളും നാലു കൈകളും നീട്ടിയ നാവുമുള്ള കാളീദേവി ബംഗാളികളുടെ ശക്തിദുർഗയാണ്. ബാരീക്ഷയിലെ സബർണ റോയ് ചൗധരിയുടെ കുടുംബം 595 ബീഗ ഭൂമി ദാനം നൽകി 1809ൽ പുതുക്കിപ്പണിതു. ഹൂഗ്ലി നദിയുടെ തീരത്തായിരുന്നു ക്ഷേത്രം. ഒരു പ്രളയകാലത്തു ക്ഷേത്ര പരിസരങ്ങൾ വിട്ടു മറ്റൊരു ദിശയിലൂടെയായി നദിയുടെ ഒഴുക്ക്. ഹൂഗ്ലിയുടെ പോഷകനദിയായ ആദിഗംഗയാണ് ക്ഷേത്രപരിസരങ്ങളിലൂടെ ഇപ്പോൾ ഒഴുകുന്നത്.
തെരുവിലെ ജീവിതം
അപൂർവമായി കോൽക്കത്തയിൽ ഇപ്പോഴും ഓടുന്ന ട്രാമിൽ കയറിയാണ് ഹൗറ പാലം കാണാൻ യാത്ര തിരിച്ചത്. വാഹനമിറങ്ങി ലെവൽക്രോസും കടന്നു ഗംഗാഘട്ടിലേക്കു നടക്കുമ്പോൾ പലതരം ജീവിതങ്ങൾ കണ്ടു. ഉണർവും ഉറക്കവും രതിയും ഭക്ഷണവും കുളിയും വിസർജനവും ജനനവും മരണവുമൊക്കെ നടക്കുന്ന കോൽക്കത്ത തെരുവുകളുടെ ഒരു പരിഛേദം.
ഉപേക്ഷിക്കപ്പെട്ട ബഹുനില കെട്ടിടങ്ങൾക്കിടയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മേഞ്ഞ നിരവധി കുടിലുകൾ. അവയ്ക്കിടയിൽ ഓടിക്കളിക്കുന്ന കുട്ടികൾ. അരണ്ട വെളിച്ചത്തിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അമ്മമാർ, കൽക്കരി കത്തിച്ചു റൊട്ടി ചുട്ടെടുക്കുന്നവർ, വഴിയോരങ്ങളിൽ പൊരിച്ചെടുക്കുന്ന എരിവും പുളിയും കലർന്ന പലഹാരങ്ങൾ, ജിലേബി കടകൾ, പാനിപൂരി - ബേൽപൂരി പീടികകൾ, തിരക്കിൽ മുങ്ങിയ ചാരായ ഷാപ്പ്, നിർത്തിയിട്ടിരിക്കുന്ന കൂറ്റൻ ലോറികൾ, പറ്റിക്കൂടുന്ന നായകളും പൂച്ചകളും.
ഗംഗാഘട്ടിലേക്കിറങ്ങി വൈദ്യുതദീപാലംകൃതമായ ഹൗറ പാലം കണ്ടു. പ്രകാശിതമായൊരു എട്ടുകാലി വലപോലെ ഹൂഗ്ലി നദിക്കു മുകളിലൂടെ ഹൗറയെയും കോൽക്കത്തയെയും ബന്ധിപ്പിക്കുന്ന ഉരുക്കുവിസ്മയം. പഴയ ചങ്ങാടപ്പാലം പൊളിച്ചുകളഞ്ഞ് 1943ലാണ് അന്നത്തെ 2.5 കോടി ചെലവിൽ കോൽക്കത്ത പോർട്ട്ട്രസ്റ്റ് 26,500 ടൺ ഉരുക്ക് ഉപയോഗിച്ച് ഇപ്പോൾ കാണുന്ന സസ്പെൻഷൻ കാന്റിലിവർ പാലം നിർമിച്ചത്.
21.6 മീറ്റർ വീതിയിൽ വാഹനപാതയും ഇരുവശങ്ങളിലും നടപ്പാതയുമുള്ള ഹൗറ പാലം ഒരു ദിവസം ഒരു ലക്ഷം വാഹനങ്ങളെയും ഒന്നര ലക്ഷം കാൽനടക്കാരെയും പുഴ കടത്തുന്നു. നിശയെ കീറിമുറിച്ചു നദീപരപ്പിലൂടെ ഒഴുകി നീങ്ങുന്ന യാത്രാബോട്ടുകൾ കാണാം. രാത്രിയിലും പാലത്തിലൂടെ വാഹനനിരകളുടെ നിലയ്ക്കാത്ത പ്രവാഹം.
മടക്കയാത്രയിൽ കോൽക്കത്തയുടെ രാത്രിജീവിതവും കണ്ണിലുടക്കി. ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര്‍. മങ്ങിയ വെളിച്ചത്തിൽ വഴിവക്കിൽ വില്പനയ്ക്കു വച്ച പുസ്തകക്കൂമ്പാരങ്ങളിൽ കേൾക്കാത്ത കഥകൾ തിരയുന്ന കട്ടിക്കണ്ണട വച്ച ബുദ്ധിജീവികള്‍...ഇതു കോൽക്കത്ത, കാഴ്ചകൾ അവസാനിക്കാത്ത നഗരം.
സാബു മഞ്ഞളി