കേരള ശാസ്ത്ര ചരിത്രത്തിൽ നിർണായക സംഭവമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്നതാണ് സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കൂസ്. ഈ പുസ്തകം രൂപപ്പെട്ടതിനു പിന്നിൽ വലിയൊരു കഥയുണ്ട്. ഹെൻറിക് വാന്റീഡിന്റെ അനിഷേധ്യമായ നേതൃത്വവും ശാസ്ത്രകുതുകികളായ ഒരു പറ്റം പ്രതിഭകളുടെ കഠിനാധ്വാനവുമാണ് ഈ അദ്ഭുതഗ്രന്ഥത്തെ സാധ്യമാക്കിയത്. അതിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട പേരാണ് മത്തേവൂസ് പാതിരി. സസ്യശാസ്ത്രവിഷയങ്ങളിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന മത്തേവൂസ് പാതിരി കടന്നുപോയിട്ട് 333 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
മലബാറിന്റെ ഡച്ച് ഗവർണറായി ഒരു ചെറുപ്പക്കാരൻ എത്തുന്നു. കമാൻഡർ ഹെന്റിക് വാൻറീഡ്. കേരള ശാസ്ത്രചരിത്രത്തിൽ ഒരു നിർണായക സംഭാവന നൽകാനുള്ള പ്രതിഭയായിട്ടാണ് ആ വരവെന്ന് അന്നാരും നിനച്ചിരുന്നില്ല. ശാസ്ത്രതത്പരനും പ്രകൃതിസ്നേഹിയുമായിരുന്നു ഈ ചെറുപ്പക്കാരൻ.
അധികാരസ്ഥാനത്തെത്തിയതോടെ ഹെൻറിക് വാൻ റീഡിലുണ്ടായിരുന്ന ഒരാശയത്തിന് ചിറകുമുളച്ചു മലബാറിലെ സസ്യങ്ങളെയും അവയുടെ വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങളെയും സംബന്ധിച്ചുള്ള വിവരശേഖരണം നടത്തി അത് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു ആ ആശയം.
ഈക്കാര്യം കൊച്ചി രാജാവ് വീരകേരളവർമയുമായി വാൻ റീഡ് പങ്കുവച്ചു. രാജാവ് അതിനായി നിർദേശിച്ചത് മത്തേവൂസ് പാതിരിയുടെ പേരായിരുന്നു. ഗോവൻ ഗൗഢസാരസ്വത ബ്രാഹ്മണരും കൊച്ചി കൊട്ടാരം വൈദ്യന്മാരുമായ രംഗഭട്ട്,വിനായക് പണ്ഡിറ്റ്, അപ്പു ഭട്ട് കൂട്ടുകെട്ടിന്റെ അഭിപ്രായവും മറിച്ചായിരുന്നില്ല.
സസ്യശാസ്ത്ര സംബന്ധിയായ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള, ഇന്ത്യയിലെ ചെടികളെയും അവയുടെ പ്രയോജനങ്ങളെയും സംബന്ധിച്ച് അപാരമായ ജ്ഞാനമുള്ള മത്തേവൂസ് പാതിരിയുടെ സവിശേഷതകൾ രാജാവിൽനിന്നും കൊട്ടാരം വൈദ്യന്മാരിൽനിന്നും ഒക്കെ കേട്ടറിഞ്ഞ വാൻ റീഡ് ഉടൻതന്നെ ഡച്ച് പ്രവിശ്യകൾക്കു പുറത്തു കഴിയുന്നതായി കരുതിയിരുന്ന മത്തേവൂസ് പാതിരിയെ തേടി സന്ദേശവാഹകരെ പല ദിക്കുകളിലേക്കും അയച്ചു.
ഹോർത്തൂസിന്റെ പണിപ്പുരയിൽ
കൊച്ചി ഡച്ച് നിയന്ത്രണത്തിലായതോടെ യൂറോപ്യന്മാരെ മലബാറിൽനിന്നു പുറത്താക്കിയിരുന്നതിനാൽ മത്തേവൂസ് പാതിരി എവിടെയാണെന്നറിയുന്നത് ഏറെ ക്ലേശകരമായിരുന്നു. മത്തേവൂസ് പാതിരിയുടെ സചിത്ര സസ്യ ശാസ്ത്ര ഗ്രന്ഥങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു എങ്കിലും വാൻ റീഡ് പ്രത്യാശയോടെ പാതിരിക്കായുള്ള കാത്തിരിപ്പു തുടർന്നു. അധികം താമസിക്കാതെ കൊച്ചിയിലെ ഡച്ച് കൊട്ടാരത്തിൽ എത്തിയ ആ ഇറ്റാലിയൻ കർമലീത്താ സന്യാസിയെ, വാൻ റീഡ് ആദരപൂർവം സ്വീകരിച്ചിരുത്തി തന്റെ ആശയം പങ്കുവച്ചു.
ഇതു കേട്ട ഉടൻ പാതിരി തോൾസഞ്ചിയിൽനിന്നു മഷിയും പേനയും പേപ്പറും പുറത്തെടുത്തു വരയും എഴുത്തും തുടങ്ങി. താൻ വരച്ചു തയാറാക്കിയ രേഖകൾ വാൻ റീഡിനു പാതിരി കൈമാറിയപ്പോൾ അവ കണ്ട് വാൻ റീഡ് അത്ഭുതംകൂറി. മലബാറിന്റെ പൊതു സമ്പത്തായ തെങ്ങിന്റെ വിവിധ ഭാഗങ്ങൾ അതായത് തെങ്ങിൻതൈ, കുലച്ചു നില്ക്കുന്ന തെങ്ങ്, തേങ്ങ, മടൽ, പൂങ്കുല, ചെത്തുകാരൻ, വാറ്റുപുര എന്നിവയുടെ ചിത്രങ്ങളും അവയുടെ സവിശേഷതകളും വ്യക്തമാക്കുന്നതായിരുന്നു ആ രേഖ.
അതോടൊപ്പം തോൾ സഞ്ചിയിൽ കരുതിയിരുന്ന "വിരിദാരിയും ഒറിയന്താലെ'യുടെ കൈയെഴുത്തു പ്രതിയും ഹെന്റിക്കിനു പാതിരി സമർപ്പിച്ചു. ചിത്രങ്ങളും വിവരങ്ങളും നന്നേ ബോധിച്ച ഹെൻറിക് വാൻ റീഡ് ഈ പദ്ധതിയുടെ ആരംഭം മുതൽ അവസാനം വരെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൂടെ ഉണ്ടാകണമെന്നഭ്യർഥിച്ചു. 1670 മാർച്ച് മാസത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
വിരിദാരിയും ഒറിയന്താലെ
1657 ഫെബ്രുവരി 22ന് മലബാറിൽ സഭാപ്രവർത്തനങ്ങൾക്കായി അയയ്ക്കപ്പെട്ട ജോസഫ് സെബസ്ത്യാനി പാതിരിയോടൊപ്പമാണ് മത്തേവൂസ് ഇവിടെയെത്തിയത്. മൂന്നു ഗൗഢസാരസ്വത വൈദ്യന്മാരെയും 300ൽ അധികം നാട്ടുവൈദ്യന്മാരെയും നേരിൽ കണ്ടും സംവദിച്ചും സ്വയംനിരീക്ഷിച്ചും പരിശോധിച്ചും തയാറാക്കിയ ഒരു മഹാഗ്രന്ഥമാണ് മലബാറിലെ ആയിരത്തിലധികം സസ്യങ്ങളെയും അവയുടെ വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങളെയും വിശദമായി പ്രതിപാദിക്കുന്ന "വിരിദാരിയും ഒറിയന്താലെ'. ഈ ഗ്രന്ഥം പ്രസിദ്ധീകരണത്തിനായി റോമിലേക്ക് കൊടുത്തയച്ചിരുന്നു. എങ്കിലും 1675ൽ മറ്റൊരു ഗ്രന്ഥത്തിന്റെ ഭാഗമായി ഈ കൈയെഴുത്തു പ്രതിയുടെ ഒരു ഭാഗം മാത്രമേ പ്രസിദ്ധീകൃതമായുള്ളൂ.
ബാക്കിയുള്ളതിന്റെ കുറെ ഭാഗങ്ങൾ പാരീസിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പാരീസ് കോഡെക്സ് ഓഫ് വിരിദാരിയും ഒറിയന്താലെ എന്ന ശീർഷകം കൊടുത്ത് അവിടെ സൂക്ഷിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ റോമിലും ഇറ്റലിയിലെ ഏറ്റവും പുരാതന കലാശാലകളിലും കാണാം. റോമിൽ സൂക്ഷിച്ചിട്ടുള്ള ഭാഗം രണ്ടു വാല്യങ്ങളായിട്ടാണ് കാണുന്നത്. ഒന്നാം പുസ്തകത്തിൽ 140 ചിത്രങ്ങളും വിവരണങ്ങളും കാണാം.
രണ്ടാം പുസ്തകത്തിലെ സസ്യങ്ങളുടെ ചിത്രങ്ങൾക്കരികിൽ ഓരോന്നിന്റെയും പേര് ലത്തീനിലും ഇംഗ്ലീഷ് ലിപി ഉപയോഗിച്ച് മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. റോമിലേക്ക് ഈ രണ്ടു വാല്യങ്ങൾ കൊടുത്തയച്ചത് 1666ലായിരുന്നു എന്നതും മനസ്സിലാക്കാം. പാരീസിലും മറ്റുമായി എത്തപ്പെട്ട വാല്യങ്ങളിലും ഇംഗ്ലീഷ് ലിപി ഉപയോഗിച്ച് മലയാളം പേര് എഴുതിയിട്ടുണ്ട്. ഇതോടെ മത്തേവൂസ് പാതിരിക്ക് "മലയാളത്തെ കപ്പലുകയറ്റിയ പാതിരി' എന്ന പേരും ലഭിച്ചു.
അവസാന കൂടിക്കാഴ്ചകൾ
ഹോർത്തൂസ് മലബാറിക്കൂസിന്റെ പ്രസിദ്ധീകരണം 1678 മുതൽ ആംസ്റ്റർഡാമിൽനിന്ന് ആരംഭിക്കുമ്പോഴേക്കും ഹെൻറിക് വാൻ റീഡ് ഗവർണർ പദവിയിൽ നിന്നും മാറ്റപ്പെട്ടിരുന്നു. പിന്നീട് ഹെൻറിക് വാൻ റീഡിനെയും മത്തേവൂസ് പാതിരിയെയും നാം ഒരുമിച്ചു കാണുന്നത് 1691 ലാണ്. പൗരസ്ത്യദേശത്തെ ഡച്ചുകമ്പനി ഉദ്യോഗസ്ഥരുടെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്നതിനും റിപ്പോർട്ട് തയാറാക്കുന്നതിനുമായി നിയോഗിക്കപ്പെട്ട കമ്മീഷണർ ജനറലായാണ് വാൻ റീഡ് വീണ്ടും 1691ൽ കൊച്ചിയിൽ എത്തിയത്. വിവിധ രോഗങ്ങളാൽ ക്ലേശിച്ചിരുന്ന മത്തേവൂസ് പാതിരിയെ ചികിത്സാർഥം മട്ടാഞ്ചേരി ജീവമാതാ പള്ളിയിലേക്ക് ചാത്തിയാത്തുനിന്നു കൊണ്ടുപോയ സമയമായിരുന്നു ഇത്.
വാൻ റീഡിന്റെ കൊച്ചിയിലെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ പാതിരിയെ സന്ദർശിക്കാനും "ഹോർത്തി ഇൻഡിചി മലബാറിചി'യുടെ 13, 14 വാല്യങ്ങളെ സംബന്ധിച്ചും അവസാന വാല്യമായ 14ലേക്ക് പാതിരിയുടേതായി നൽകേണ്ട നന്ദി പ്രസ്താവനയെക്കുറിച്ചും ഇനി ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന 10, 12 വാല്യങ്ങളെ സംബന്ധിച്ചും സംസാരിക്കുന്നതിനും നന്ദി പ്രസ്താവന എഴുതി വാങ്ങുന്നതിനുമായി അദ്ദേഹം സമയം കണ്ടെത്തി.
1691 നവംബർ രണ്ടാം വാരം മുതൽ അവസാന വാരം വരെ പലപ്പോഴുമായി അദ്ദേഹം പാതിരിയെ സന്ദർശിച്ചു ചർച്ചകൾ നടത്തി എന്നു മാത്രമല്ല 14ാം വാല്യത്തിലേക്കുള്ള പാതിരിയുടെ നന്ദി പ്രസ്താവന കൈവശമാക്കുകയും ചെയ്തതിനു ശേഷമാണ് തിരിച്ചു സൂററ്റിലേക്കു പനി ബാധിതനായി കപ്പലിൽ മടങ്ങിയത്. യാത്രയ്ക്കിടെ ബോംബെ തീരത്തു വച്ച് പനി മൂർച്ഛിച്ച് 1691 ഡിസംബർ 15 പുലർച്ചെ മരിച്ചു. ഭൗതിക ശരീരം എല്ലാ ബഹുമതികളോടും കൂടി സൂററ്റിലെ കറ്റർഗാം ഗേറ്റിനരികിൽ 1692 ജനുവരി 3ന് സംസ്കരിക്കപ്പെട്ടു.
ജീവമാതാ പള്ളിയോടു ചേർന്നുള്ള ചികിത്സാലയത്തിൽ ആയിരുന്ന മത്തേവൂസ് പാതിരി എൺപതാം വയസിൽ 1691 ഡിസംബർ 30ന് അന്തരിച്ചു. അന്നു തന്നെ മട്ടാഞ്ചേരി ചാത്തിയാത്ത് വഴി വരാപ്പുഴയിൽ എത്തിച്ച ഭൗതിക ശരീരം കൊച്ചി രാജാവിന്റെയും ഡച്ച് ഗവർണറുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ ഡിസംബർ 31ന് സംസ്കരിച്ചു. ഹോർത്തൂസ് മലബാറിക്കൂസ് എന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ അമരക്കാരായിരുന്ന രണ്ടുപേർ അങ്ങനെ 15 ദിവസങ്ങളുടെ ഇടവേളയിൽ 333 സംവത്സരങ്ങൾക്കു മുന്പ് ഈ ലോകത്തുനിന്നു യാത്രയായി.
ആന്റണി പൂത്തൂർ, ചാത്തിയാത്ത്