കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര ക്ഷേത്രത്തിലെ ശിവലിംഗം ഏറ്റവും പുരാതനമായ ഒന്നായി കണക്കാക്കപ്പെടുന്നു.
ഇതുമായ ബന്ധപ്പെട്ട ഒരു കഥയുണ്ട്. പരമശിവന്റെ കടുത്ത ഭക്തനായിരുന്ന രാവണന് ശിവന്റെ വാസസ്ഥലമായ കൈലാസ പര്‍വതത്തില്‍ കഠിന തപസ് ചെയ്തു. ശിവന് പ്രത്യക്ഷപ്പെട്ട് ആഗ്രഹം ചോദിച്ചു. പരമശിവന്റെ സത്തയുടെ ദിവ്യവും അജയ്യവുമായ പ്രതിനിധാനമായ ആത്മലിംഗത്തെ ലങ്കയിലേക്കു കൊണ്ടുപോകാന്‍ അനുവാദം ചോദിച്ചു.
അത്തരം ശക്തി കൈവരിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ഋഷിമാരും ദേവന്മാരും മുന്നറിയിപ്പ് നല്‍കിയിട്ടും രാവണന് ഉറച്ചുനിന്നു. രാവണന്റെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്നു ശിവന് സമ്മതിച്ചു, എന്നാല്‍, ഒരു വ്യവസ്ഥ മുന്നോട്ടുവച്ചു. ലങ്കയിലേക്കുള്ള മടക്കയാത്രയില്‍ ആത്മലിംഗം നിലത്തു വയ്ക്കരുത്. ഭൂമിയെ സ്പര്‍ശിച്ചാല്‍, അത് അവിടെ ഉറച്ചുപോകും.
രാവണന്റെ മോഹം
ആത്മലിംഗവും വഹിച്ചുകൊണ്ട് രാവണന് യാത്ര ആരംഭിച്ചു. രാവണന് ആത്മലിംഗം കൈവശം വച്ചത് നാശത്തിനു കാരണമാകുമെന്നു ദേവന്മാര് ഭയന്നു. ലോകത്തെ സംരക്ഷിക്കാന്‍ അവർ മഹാവിഷ്ണുവിന്റെ സഹായം തേടി. പദ്ധതി ആവിഷ്കരിച്ച മഹാവിഷ്ണു ഗണപതിക്കു മാത്രമേ നടപ്പാക്കാനാവൂ എന്നു പറഞ്ഞു. എല്ലാവരും ഗണപതിയോട് അപേക്ഷിച്ചു. അങ്ങനെ ബ്രാഹ്മണ ബാലന്റെ വേഷത്തില്‍ ഗണപതി ഗോകര്‍ണത്തിലെത്തി.
രാവണന് ഗോകര്ണത്തിനടു ത്തെത്തിയപ്പോള്‍, മഹാവിഷ്ണു സുദര്‍ശന ചക്രം ഉപയോഗിച്ച് സൂര്യനെ മറച്ചു. പ്രാർഥനകള്‍ നടത്തുമ്പോള്‍ രാവണന് ആചാരങ്ങള്‍ പാലിക്കുന്നുമെന്ന് മഹാവിഷ്ണുവിനു നന്നായി അറിയാമായിരുന്നു. സൂര്യന് മറഞ്ഞതോടെ സായാഹ്ന ചടങ്ങുകള്‍ നടത്താന്‍ സമയമായെന്ന് രാവണൻ കരുതി. ആ സമയത്താണ് രാവണന് ബ്രാഹ്മണ ബാലനെ (ഗണേശനെ) കാണുന്നത്. പ്രാര്‍ഥന കഴിഞ്ഞ് മടങ്ങിവരുംവരെ ആത്മലിംഗം കൈയില്‍ പിടിക്കാമോയെന്നു രാവണന് കുട്ടിയോടു ചോദിച്ചു.
തനിക്കു ഭാരം താങ്ങാന്‍ കഴിയുംവരെ അങ്ങനെ ചെയ്യാമെന്നും കഴിയാതെ വന്നാല്‍, മൂന്നു തവണ രാവണനെ വിളിക്കാമെന്നും ആ സമയത്തു രാവണനു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ലിംഗം ഭൂമിയില്‍ സ്ഥാപിക്കുമെന്നും ഗണപതി പറഞ്ഞു. രാവണന് സമ്മതിച്ചു. രാവണന് പ്രാര്‍ഥനകള്‍ക്കായി പോയി. രാവണന് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന അവസരത്തില്‍ ഗണപതി മൂന്നു തവണ രാവണന്റെ പേര് വിളിച്ചു. എന്നിട്ട് ലിംഗം ഭൂമിയില്‍ പ്രതിഷ്ഠിച്ച് അപ്രത്യക്ഷനായി.
കുപിതനായ രാജാവ്
തിരികെയെത്തിയപ്പോള്‍ രാവണന് കണ്ട കാഴ്ച ആത്മലിംഗം ഭൂമിയില്‍ ഉറച്ചിരിക്കുന്നതാണ്. കുപിതനായ രാക്ഷസരാജാവ് അതു വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അനക്കാന്‍ പോലും കഴിഞ്ഞില്ല.
ഉദ്യമത്തില്‍ പരാജിതനായ രാവണന് ശിവലിംഗത്തിന്റെ അപാരമായ ശക്തിമൂലം അതിനു മഹാബല എന്നു പേരിട്ടു. പിന്നീടത് മഹാബലേശ്വര എന്നറിയപ്പെട്ടു. മഹാബലേശ്വര്‍ ക്ഷേത്രത്തിലെ ലിംഗം രാവണന് ലങ്കയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ച ആത്മലിംഗമാണെന്നു വിശ്വസിക്കപ്പെടുന്നു.
മാന്പഴം പശുവിന്
ഗോകര്‍ണം എന്നു പ്രദേശത്തിനു പേരു വന്നതിനുള്ള കഥകളിൽ പ്രധാനം ഭാഗവത പുരാണവുമായി ബന്ധപ്പെട്ടതാണ്. ഇവിടെ ആത്മവേദന് എന്നൊരു ബ്രാഹ്മണന് ജീവിച്ചിരുന്നു. കുട്ടികൾ ഇല്ലാതിരുന്നതിൽ ദുഃഖിതനായ ആത്മവേദന് പ്രാര്‍ഥിക്കാനായി വനത്തിലേക്കു പോയി. അവിടെ ഒരു സന്യാസിയെ കണ്ടുമുട്ടി. സന്യാസി ഒരു മാമ്പഴം അദ്ദേഹത്തിനു നല്‍കുകയും ഇതു ഭാര്യ കഴിച്ചാല്‍ സന്താനലബ്ദി ഉണ്ടാവുമെന്ന് പറയുകയും ചെയ്തു. ബ്രാഹ്മണന് വീട്ടില്‍ തിരിച്ചെത്തി മാമ്പഴം ഭാര്യയ്ക്കു നല്കി. എന്നാല്‍, പ്രസവവേദന പേടിയായിരുന്ന ധുന്ധുലി അതു കഴിച്ചില്ല.
അവര്‍ അതു പശുവിനു നല്കി. ഒടുവില്‍ പശു ഒരു മനുഷ്യക്കുഞ്ഞിനു ജന്മം നല്കി. എന്നാല്‍, ചെവികള്‍ പശുവിന്റേതു പോലെയായിരുന്നു. ഗോവിന്റേതു പോലെയുള്ള കര്‍ണം(ചെവി) ഉള്ളതിനാല്‍ കുട്ടിക്കു ഗോകര്‍ണന്‍ എന്നു പേരിട്ടു. അങ്ങനെയാണ് ഈ പ്രദേശത്തിനു ഗോകര്‍ണം എന്നു പേരുവന്നതത്രേ.
ടൂറിസം
പ്രാചീന ഗ്രന്ഥങ്ങളിലും ശിലാലിഖിതങ്ങളിലും ഗോകര്ണത്തെപ്പറ്റി പരാമര്‍ശമുണ്ട്. അറബിക്കടലിന്റെ തീരത്തായതിനാല്‍ ഒരു പ്രധാന വാണിജ്യ തുറമുഖമായും ഗോകര്‍ണം മാറി. കദംബര്‍, ചാലൂക്യര്‍, വിജയനഗര സാമ്രാജ്യം, മറാത്ത രാജാക്കന്മാര് എന്നിവരെല്ലാം പല കാലങ്ങളിൽ ഗോകര്‍ണത്ത് ആധിപത്യം പുലര്‍ത്തിയിരുന്നു.
ശിവരാത്രിയും കാര്‍ത്തിക പൂര്‍ണിമയും മഹാബലേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളാണ്. യോഗയ്ക്കും മെഡിറ്റേഷനുമായി ആളുകള്‍ ഇവിടേക്ക് എത്തുന്നു. ബീച്ച് ടൂറിസത്തിന്റെ ഒരു പ്രധാന കേന്ദ്രംകൂടിയാണ് ഈ പ്രദേശം. ഒരേസമയം ആത്മീയ പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന ഇടം. ഓം ബീച്ച്, കുഡ്ലി ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകൾ.
അജിത് ജി. നായർ