ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും നാടായ ആലപ്പുഴയിൽ വെള്ളച്ചാട്ടമോ? ആലപ്പുഴയിലെ താമരക്കുളം ഇരപ്പന്പാറയിലേക്കു പോരൂ. മെഗാ ടൂറിസം പദ്ധതിയില്‍ ഇടം നേടിയ താമരക്കുളം പഞ്ചായത്തിലാണ് ഈ വിസ്മയക്കാഴ്ച.
മൺസൂൺ സീസണിൽ കൂടുതൽ സുന്ദരിയാകും. തോട്ടിലൂടെ എത്തുന്ന വെള്ളം താഴ്ചയിലുള്ള പാറകളില്‍ പതിച്ച ശേഷം പതഞ്ഞൊഴുകുന്ന സുന്ദരമായ കാഴ്ച. ടൂറിസ്റ്റ് കേന്ദ്രമായ വയ്യാങ്കരച്ചിറയില്നിന്നുള്പ്പെടെയുള്ള വെള്ളമാണ് ഒഴുകിയെത്തുന്നത്. രണ്ടു കലുങ്കുകള്‍ക്കടിയിലൂടെയാണ് വെള്ളം കൂറ്റന്‍ പാറയിലേക്കു പതിച്ച് പുഞ്ചയിലേക്ക് ഒഴുകുന്നത് .
പേരു വന്നത്: വെള്ളം പാറകളിലേക്കു പതിക്കുമ്പോഴുള്ള ഇരന്പൽ ഏറെ അകലെനിന്നേ കേൾക്കാം. അതുകൊണ്ടാണ് ഇരപ്പൻ പാറ എന്നു പേരുവീണത്. ആലപ്പുഴ ജില്ലയിലെ ഏക വെള്ളച്ചാട്ടം കാണാൻ നിരവധി പേരെത്തുന്നു. സീരിയലുകള്‍, ആല്‍ബം ചിത്രീകരണവും തകൃതി. കടുത്ത വേനലില്‍ വറ്റും. വെള്ളച്ചാട്ടത്തിന്റെ റോഡിന് അഭിമുഖമായുള്ള ഭാഗം കൈവരി നിര്‍മിച്ച് അപകട സാധ്യത ഒഴിവാക്കണം. പൂന്തോട്ടം, ഇരിപ്പിടങ്ങൾ എന്നിവയും നിർമിക്കേണ്ടതുണ്ട്. താമരക്കുളം - ചൂനാട് ഓച്ചിറ റോഡിൽ താമരക്കുളം ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്താണ് ഇരപ്പൻപാറ വെള്ളച്ചാട്ടം.
യാത്ര: കായംകുളം -പുനലൂർ കെ പി റോഡ് വഴി ചാരുംമൂട് ജംഗ്ഷനിൽനിന്ന അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ താമരക്കുളം ഇരപ്പൻപാറയിൽ എത്താം. കൊല്ലം ജില്ലയിൽനിന്ന് കൊല്ലം -തേനി ദേശീയപാതയിലൂടെ ഭരണിക്കാവ് വഴിയും താമരക്കുളത്ത് എത്താം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനായ കായംകുളത്തുനിന്ന് 16 കിലോമീറ്റർ. ടൂറിസ്റ്റ് സർക്യൂട്ടിന്റെ ഭാഗമാക്കിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാം.
നൗഷാദ് മാങ്കാംകുഴി.