നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്. അത്തരമൊരു കണ്ടെത്തലിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് തെക്കൻ ഗ്രീസിലെ പുരാതന നഗരമായ സിസിയോൺ.
ആഡംബര ഷോപ്പ്
സിസിയോണിൽ റോമൻ കാലഘട്ടത്തിലെ ഒരു "വൈൻ ഷോപ്പ്' കണ്ടെത്തിയിരിക്കുന്നു. ഇതിന് 1,600 വർഷം പഴക്കമുണ്ടെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. അതൊരു സാധാരണ വൈൻ ഷോപ്പ് ആയിരുന്നില്ല. അക്കാലത്തെ ആഡംബര മദ്യശാലകളിലൊന്ന്.
പെട്ടെന്നുണ്ടായ പ്രകൃതി ദുരന്തത്തിലോ ആക്രമണത്തിലോ ആയിരിക്കാം മദ്യശാല തകർന്നതെന്നു കരുതുന്നു. കാനഡയിലെ വിൽഫ്രിഡ് ലോറിയർ യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ സ്കോട്ട് ഗാലിമോറും ഓസ്റ്റിൻ കോളജിലെ ക്ലാസിക് പണ്ഡിതനായ മാർട്ടിൻ വെൽസുമാണു ഗവേഷണങ്ങൾക്കു പിന്നിൽ.
ജനുവരിയിൽ ഷിക്കാഗോയിൽ നടന്ന ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ വാർഷികയോഗത്തിൽ അവർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചു.
മദ്യശാലയ്ക്കുള്ളിൽനിന്നു മാർബിൾ മേശകളും പൊട്ടിയ മൺപാത്രങ്ങളും 60 വെങ്കല നാണയങ്ങളും ഗവേഷകർ കണ്ടെടുത്തു. 337 മുതൽ 361 വരെ നീണ്ട കോൺസ്റ്റൻഷ്യസ് രണ്ടാമന്റെ ഭരണകാലത്തേതാണ് പല നാണയങ്ങളും. ഇവ മദ്യശാലയുടെ തറയിൽ ചിതറിക്കിടക്കുന്ന രീതിയിലായിരുന്നു.
ഒരു സെറാമിക് പാത്രത്തിലോ മറ്റോ സൂക്ഷിച്ചതായിരിക്കാം നാണയങ്ങൾ. പെട്ടെന്നുണ്ടായ ദുരന്തത്തിൽ അല്ലെങ്കിൽ മദ്യശാല നശിപ്പിക്കപ്പെട്ടപ്പോൾ പാത്രങ്ങൾ തറയിൽ വീണെന്നും നാണയങ്ങൾ ചിതറിപ്പോയെന്നും വിലയിരുത്തുന്നു.
അന്നത്തെ ജീവിതം
അതേസമയം, മദ്യശാല തകരാനുള്ള കാരണങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതേക്കുറിച്ചു കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഭൂകമ്പമോ അപകടകരമായ കാലാവസ്ഥയോ ആകാമെന്നാണ് പ്രാഥമിക നിഗമനം.
ഗവേഷകരുടെ അഭിപ്രായപ്രകാരം കടയിൽ വൈൻ മാത്രമല്ല, ഒലിവ് ഓയിൽ പോലുള്ള വിവിധ വസ്തുക്കളും വില്പനയ്ക്കു വച്ചിരുന്നു. മുന്തിരിയും ഒലിവും പാകപ്പെടുത്താനുള്ള ഉപകരണങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ കെട്ടിടസമുച്ചയത്തിന്റെ ഭാഗമായിരുന്നു ഇപ്പോൾ കണ്ടെത്താൻ കഴിഞ്ഞ സൈറ്റ്. നശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് വൈൻ ഷോപ്പ് ഉപേക്ഷിക്കപ്പെട്ടതായും ഗവേഷകർ കരുതുന്നു.
റോമിലെ ബ്രിട്ടീഷ് സ്കൂളിലെ പുരാവസ്തു ഗവേഷകനും പുരാതന വൈൻ നിർമാണപ്രവൃത്തികളിൽ വിദഗ്ധനുമായ എംലിൻ ഡോഡ് പറയുന്നതനുസരിച്ച് വീഞ്ഞ് പുരാതന റോമൻ സംസ്കാരത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഇക്കാര്യത്തിൽ സാധാരണക്കാരനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല. റോമൻ വരേണ്യവർഗത്തിന്റെ വലിയ സമ്പത്തിക സ്രോതസായിരുന്നു വൈൻ ഉത്പാദനവുമായി ബന്ധപ്പെട്ട മേഖലകൾ.
മുന്തിരിക്കൃഷിക്കും വൈൻ നിർമാണത്തിനുമായി വലിയ അളവിലുള്ള ഭൂമി അവരുടെ കൈവശമുണ്ടായിരുന്നു. റോമിനു പുറത്തു കണ്ടെത്തിയ മൂന്നാം നൂറ്റാണ്ടിലെ വീഞ്ഞ് ഉത്പാദനകേന്ദ്രത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ പ്രധാന എഴുത്തുകാരനാണ് ഡോഡ്. വരേണ്യരുടെ സന്പത്തിന്റെ പ്രദർശനമായാണ് ഇതു നിർമിച്ചതെന്നും ഗവേഷകർ അനുമാനിക്കുന്നു.
പി.ടി. ബിനു