വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോടുതന്നെയും സ്നേഹം കരുതിയ, ധീരതയും മനുഷ്യത്വവും വാക്കുകളിൽ നിറച്ച ഒരു കവി എഴുതിയ ഗാനങ്ങളായിരുന്നു അവ. സ്വന്തം നാടിനെക്കുറിച്ചു പറയുന്പോൾ കണ്ണീരണിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പേരും കവി എന്നുതന്നെയായിരുന്നു- കവി പ്രദീപ്! അദ്ദേഹത്തിന്റെ ജന്മദിനമാണ് ചൊവ്വാഴ്ച.
റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞതേയുള്ളൂ.., മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികവും... രാജ്യസ്നേഹം ചർച്ചാവിഷയമാകുന്ന കാലത്ത് ഒരു കവിയെ ഓർക്കേണ്ടതുണ്ട്- ഏ മേരേ വതൻ കേ ലോഗോം., സരാ ആഖ് മേ ഭർ ലോ പാനി എന്നെഴുതി കണ്ണുനിറച്ചുകൊണ്ടിരുന്ന കവി പ്രദീപ് എന്ന രാജ്യസ്നേഹിയെ. അദ്ദേഹം ഒരിക്കൽ പറഞ്ഞത് കേൾക്കുക:
ഒരാൾക്കും നിങ്ങളെ രാജ്യസ്നേഹിയാക്കാൻ കഴിയില്ല. അതു നിങ്ങളുടെ രക്തത്തിലുള്ളതാണ്. രാജ്യത്തെ സേവിക്കാനായി അതെങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്.
കവിയും സാഹിത്യകാരനുമായിരുന്ന അദ്ദേഹത്തെ ഒരു പാട്ടിന്റെയോ രചനയുടെയോ ചട്ടക്കൂടിൽ ഒതുക്കി വിലയിരുത്താനാവില്ല. കാലാതീതമായ വാക്കുകളും വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റേത്.
കണ്ണീരിലെ സ്നേഹം
1963 ജനുവരി 26. ചൈനയുമായുള്ള യുദ്ധത്തിലെ തിരിച്ചടിക്കു ശേഷമുള്ള റിപ്പബ്ലിക് ദിനം. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്തെ സൈനികർക്കും യുവാക്കൾക്കും നവജീവനേകാൻ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഡൽഹി നാഷണൽ സ്റ്റേഡിയത്തിലെ ആ വേദിയിൽ ആലപിക്കാൻ കവി പ്രദീപിനോട് ഒരു ഗാനം എഴുതാൻ ആവശ്യപ്പെട്ടു. അദ്ദേഹം എഴുതി- ഏ മേരേ വതൻ കേ ലോഗോം.. (എന്റെ രാജ്യത്തെ ജനങ്ങളേ, നിങ്ങളുടെ കണ്ണുകൾ അല്പമൊന്ന് ഈറനണിയട്ടെ..)
സി. രാമചന്ദ്രയുടെ ഈണത്തിൽ ലതാ മങ്കേഷ്കറാണ് ഗാനം ആലപിച്ചത്. രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനും പ്രധാനമന്ത്രി നെഹ്റുവും അടക്കമുള്ള കേൾവിക്കാർക്കു മുന്നിൽ പാടുന്പോൾ ലതാ മങ്കേഷ്കർ കരഞ്ഞുപോയി, നെഹ്റുവും. പാട്ടുതീർന്നപ്പോൾ ലതയെ സ്റ്റേജിനു പിന്നിൽച്ചെന്നു കണ്ട് അദ്ദേഹം പറഞ്ഞു - മോളേ, ഇന്നു നീ എന്നെ കരയിച്ചു.. രാത്രി സ്വന്തം വസതിയിൽ ഒരുക്കിയ സത്കാരത്തിലേക്കു ലതയെ ക്ഷണിച്ച് അദ്ദേഹം പെട്ടെന്ന് അവിടെനിന്നു പോവുകയും ചെയ്തു.
ആദ്യം വിസമ്മതം
റിഹേഴ്സലിനു സമയമില്ലെന്ന കാരണത്താൽ ആദ്യം ഈ പാട്ടുപാടാൻ ലതാ മങ്കേഷ്കർ വിസമ്മതിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. ലതയുടെ ഓർമ ഇങ്ങനെ: അനശ്വരമായ വരികൾ എഴുതിയ പ്രദീപ് ജി തന്നെയാണ് പാട്ടുപാടണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. പരിശീലനത്തിന് ഒട്ടും സമയമില്ലാതിരുന്നതിനാൽ ഞാനാ ആവശ്യം നിരസിച്ചു.
അക്കാലത്തു ഞാൻ രാപകലില്ലാതെ ജോലിചെയ്യുകയായിരുന്നു. ഈ പാട്ടിനു പ്രത്യേക ശ്രദ്ധ കൊടുക്കുക എന്നത് അസാധ്യവുമായിരുന്നു. എന്നാൽ, പ്രദീപ് ജി നിർബന്ധിച്ചു. വലിയ ആശങ്കയോടെയും പേടിയോടെയുമാണ് ആ വേദിയിലെത്തിയത്.
സിനിമാപ്പാട്ട് അല്ലാത്തതിനാൽ ഇതിനു വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് താൻ കരുതിയിരുന്നതെന്ന് ലത പറഞ്ഞിട്ടുണ്ട്. എന്നാൽ, പിന്നീട് അവരുടെ ഒരു സംഗീത പരിപാടിയും ഈ പാട്ടുപാടാതെ അവസാനിപ്പിച്ചിട്ടില്ല. ലതയുടെ സിഗ്നേച്ചർ ട്യൂണ് എന്ന നിലയിലേക്ക് അത് ഉയർന്നു.
ഡൽഹിയിലെ പരിപാടിയിലേക്കു കവി പ്രദീപിനു ക്ഷണമില്ലായിരുന്നു എന്നതാണ് വിരോധാഭാസം. എന്നാൽ, രണ്ടു മാസം കഴിഞ്ഞ് മുംബൈയിലെ ആർഎം ഹൈസ്കൂളിൽവച്ച് അദ്ദേഹം പ്രധാനമന്ത്രിക്കുവേണ്ടി ഇതേ ഗാനം പാടി. സ്വന്തം കൈപ്പടയിൽ ആദ്യമെഴുതിയ വരികൾ നെഹ്റുവിനു സമ്മാനിക്കുകയും ചെയ്തു.
പാട്ടിൽനിന്നു ലഭിക്കുന്ന റോയൽറ്റി തുക സൈനികരുടെ കുടുംബത്തിനു നൽകണമെന്നതായിരുന്നു കവി പ്രദീപിന്റെ അന്ത്യാഭിലാഷം. 2005ൽ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം മ്യൂസിക് കന്പനിയായ എച്ച്എംവി ആർമി വെൽഫെയർ ഫണ്ടിലേക്കു തുക കൈമാറി.
കവി ജനിക്കുന്നു
ഉജ്ജയിനിക്കു സമീപം ഭട്നാഗറിൽ 1915 ഫെബ്രുവരി ആറിനായിരുന്നു കവി പ്രദീപിന്റെ ജനനം. രാമചന്ദ്ര നാരായണ്ജി ദ്വിവേദി എന്നായിരുന്നു യഥാർഥ നാമം. ഇൻഡോറിലും അലഹബാദിലും ലഖ്നൗവിലുമായി വിദ്യാഭ്യാസം. ഹിന്ദി കവിതകളോടുള്ള താത്പര്യത്താൽ പഠനകാലത്തുതന്നെ കവിസമ്മേളനങ്ങളിൽ പങ്കെടുത്തുതുടങ്ങി.
അധ്യാപകനാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1939ൽ ബോംബെയിൽ ഒരു കവിസമ്മേളനത്തിൽവച്ച് ബോംബെ ടാക്കീസ് സ്റ്റുഡിയോ ഉടമ ഹിമാൻഷു റായിയെ പരിചയപ്പെട്ടു. കവി പ്രദീപിന്റെ എഴുത്തിൽ ആകൃഷ്ടനായ അദ്ദേഹം കങ്കണ് എന്ന ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതാൻ ആവശ്യപ്പെട്ടു.
മൂന്നു പാട്ടുകൾ അദ്ദേഹംതന്നെ പാടി. എല്ലാം ജനപ്രിയമായി. ഹൃദയംതൊടുന്ന ഒരു നിര പാട്ടുകളുടെ ആരംഭമായിരുന്നു അവിടെ. 1954ലെ ജാഗൃതി എന്ന ചിത്രത്തിലെ പാട്ടുകളുണ്ടാക്കിയ ചലനം അനന്യമായിരുന്നു. ഈ ചിത്രത്തിന്റെ മാതൃക അനുകരിച്ചു പാക്കിസ്ഥാനിൽ ബേദാരി എന്നൊരു സിനിമയിറങ്ങി. പാട്ടുകളും അതേ കോപ്പി. വരികളിലെ ഹിന്ദുസ്ഥാൻ എന്ന വാക്ക് പാക്കിസ്ഥാൻ എന്നാക്കി മാറ്റുകയേ ചെയ്തുള്ളൂ!
അറുപതുകളിൽ ഹിന്ദി ചലച്ചിത്രഗാനരംഗം പാശ്ചാത്യ സംഗീതത്തിലേക്കും ഫാസ്റ്റ് നന്പറുകളിലേക്കും തിരിയുന്നതുവരെ കവി പ്രദീപിന്റെ രചനകൾ തിളങ്ങിനിന്നു. 1998 ഡിസംബർ 11ന് മുംബൈ വിലെ പാർലെയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ആജ് ഹിമാലയ് കി ചോഠി സേ, ഇൻസാഫ് കി ഡഗർ പേ, ആവോ ബച്ചോ തുമ്ഹേ ദിഖായേ, ഹം ലായേ ഹേ തൂഫാൻ സേ, ചൽ അകേലാ തുടങ്ങിയ പാട്ടുകൾക്ക് ഇന്നുമുണ്ട് ആരാധകർ. അദ്ദേഹത്തിന്റെ ഭജനുകൾ കേട്ട് ദിവസം തുടങ്ങുന്ന നൂറുകണക്കിനു വീടുകളുമുണ്ട്.
സ്ഥലകാലഭേദമില്ലാതെ സ്നേഹപ്രപഞ്ചമൊരുക്കുകയാണ് കവി പ്രദീപിന്റെ വരികൾ. ഏ മേരേ വതൻ കേ ലോഗോം എന്നു കേൾക്കുന്പോൾ നിങ്ങളുടെ കണ്ണുകളും ഈറനണിയുന്നില്ലേ.. ഉള്ളിൽ അഭിമാനം നിറയുന്നില്ലേ...
ഹരിപ്രസാദ്