പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മറഞ്ഞുകിടക്കുന്നു, മനുഷ്യന്റെ കണ്ണിൽപ്പെടാതെ! ഒട്ടാഗോ സർവകലാശാലയിലെ ജന്തുശാസ്ത്രവിഭാഗം പ്രഫസർ ഹാമിഷ് സ്പെൻസർ കൊളംബിയയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോൾ പ്രകൃതി അദ്ദേഹത്തിന്റെ മുന്നിലേക്ക് ഒരു പക്ഷിയെ പറത്തിവിട്ടു.
നൂറു വർഷത്തിനിടെ രണ്ടാം പ്രാവശ്യം മാത്രമാണ് സവിശേഷമായ ആ പക്ഷി മനുഷ്യന്റെ കണ്ണിൽപ്പെടുന്നത്! അത് "ഗ്രീൻ ഹണിക്രീപ്പർ' വിഭാഗത്തിൽപ്പെട്ട പക്ഷിയായിരുന്നു. ആ പക്ഷി പാതി ആണും പാതി പെണ്ണുമായിരുന്നു!
ജന്തുശാസ്ത്രജ്ഞർക്കു വിസ്മയമായിത്തീർന്ന "ആൺ-പെൺ' പക്ഷിയെ ജോൺ മുറിലോ എന്ന പക്ഷിനിരീക്ഷകനാണ് സ്പെൻസർക്കു കാണിച്ചുകൊടുക്കുന്നത്. 2021 ഒക്ടോബറിനും 2023 ജൂണിനും ഇടയിൽ കൊളംബിയയിലെ കാൽഡാസ് ഡിപ്പാർട്ട്മെന്റിലെ വില്ലമരിയയിലെ ഒരു ഫീഡിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. പക്ഷിയുടെ വലതുഭാഗത്ത് ആൺ തൂവലുകളും ഇടതുവശത്തു പെൺ തൂവലുകളുമായിരുന്നു. അതു പാതി ആണും പാതി പെണ്ണുമായ പക്ഷിയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു. ഒരു പക്ഷിനിരീക്ഷകനെ സംബന്ധിച്ചു ചരിത്രനിമിഷമായിരുന്നു അത്. കാരണം അത്തരമൊരു പ്രതിഭാസം പക്ഷികളിൽ വളരെ വിരളമാണ്.
ഗൈനാൻഡ്രോമോർഫിസം
ഈ അപൂർവ പ്രതിഭാസം ശാസ്ത്രീയമായി "ഗൈനാൻഡ്രോമോർഫിസം' എന്നാണ് അറിയപ്പെടുന്നത്. ഒരു ജീവി "ബൈലാറ്ററൽ ഗൈനാൻഡ്രോമോർഫിക്' ആകുന്നത് വളരെ വളരെ വിരളമായി സംഭവിക്കാവുന്ന ഒന്നാണെന്നു സ്പെൻസർ പറയുന്നു. പെൺ കോശവിഭജന സമയത്ത് ഒരു അണ്ഡം ഉത്പാദിപ്പിക്കുന്നതിൽ പിശകു സംഭവിക്കാം.
തുടർന്ന് രണ്ട് ബീജങ്ങളാൽ ഇരട്ട ബീജസങ്കലനം നടക്കുന്നു. അനന്തരഫലമായി, പക്ഷിയുടെ ഒരു വശത്ത് സ്ത്രീ കോശങ്ങളും മറുവശത്തു പുരുഷ കോശങ്ങളും ഉണ്ടാകുന്നു. അതായത്, ഒരു പക്ഷിയിൽത്തന്നെ ആൺ, പെൺ സവിശേഷതകളുണ്ടാകുന്നു. ഈ പക്ഷി അസാധാരണമാം വിധം പെരുമാറുന്നില്ലെന്നും ഗ്രീൻ ഹണിക്രീപ്പറുകൾ ഉൾപ്പെടെ മറ്റു പക്ഷികൾ ഇതിനെ ഉപദ്രവിച്ചിരുന്നില്ലെന്നും ജേർണൽ ഓഫ് ഫീൽഡ് ഓർണിത്തോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സ്പെൻസർ പറയുന്നു.
ഗ്രീൻ ഹണിക്രീപ്പർ
"ത്രൌപിഡേ' പക്ഷിക്കുടുംബത്തിലെ മനോഹരമായ ചെറിയ ഇനം ടാനേജറാണ് ഗ്രീൻ ഹണിക്രീപ്പർ. തെക്കൻ മെക്സിക്കോ മുതൽ തെക്കുകിഴക്കൻ ബ്രസീൽ വരെയുള്ള പ്രദേശങ്ങളാണ് ഗ്രീൻ ഹണിക്രീപ്പറിന്റെ വാസസ്ഥലം. പഴങ്ങളും പ്രാണികളുമാണ് ഇവയുടെ ഭക്ഷണം.
ആൺ, പെൺ പക്ഷികളുടെ തൂവലുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകതയും ഈ പറവവർഗത്തിനുണ്ട്. പെൺപക്ഷികളുടെ തൂവലുകൾക്കു പച്ച നിറമായിരിക്കും. താഴ്ഭാഗത്തിന് മങ്ങിയ പച്ചയായിരിക്കും. കൊക്കുകളുടെ അടിഭാഗം മഞ്ഞനിറത്തിലും മുകൾ ഭാഗം കറുപ്പുനിറത്തിലുമായിരിക്കും.
അതേസമയം, ആൺപക്ഷിയുടെ നിറം അക്വാ ബ്ലൂ ആയിരിക്കും. തലയുടെ നിറം കറുപ്പ്. മുഖംമൂടി പോലെ തലയിൽനിന്നു കറുപ്പുനിറത്തിലുള്ള തൂവൽ കഴുത്തിനു താഴേക്കുമുണ്ട്. കൊക്കുകളുടെ അടിഭാഗം മഞ്ഞനിറത്തിലും മുകൾ ഭാഗം കറുപ്പുനിറത്തിലുമായിരിക്കും. പെൺപക്ഷിയെ അപേക്ഷിച്ച് ആൺപക്ഷിയുടെ തൂവലിനു നീളം കൂടുതലുണ്ട്. കാഴ്ചയ്ക്കു മനോഹരവും ആൺപക്ഷിയാണ്.
പി.ടി. ബിനു