ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്സിന്റെ മുന്നിലേക്കു ചരിത്രം അതിന്റെ ശേഖരത്തിൽനിന്നു ചിലതു തുറന്നിട്ടു.
ആറരയടിയോളം നീളമുള്ള ഒരു തലയോട്ടി ജേക്കബ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ വലിപ്പം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ഉടൻതന്നെ തന്റെ സുഹൃത്തും പാലിയന്റോളജിസ്റ്റുമായ സ്റ്റീവ് എച്ചസിനെ അദ്ദേഹം വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് ഫോസിലിന്റെ ഭാഗങ്ങൾ അവിടെനിന്നു പുറത്തെടുത്തു.
എന്നാൽ, തലയോട്ടിയുടെ കുറച്ചുഭാഗം കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. ഡ്രോണുകൾ ഉപയോഗിച്ച് ഉയരമുള്ള പാറക്കെട്ടു പരിശോധിച്ചു. തുടർന്ന്, ഇരുവരുടെയും നേതൃത്വത്തിൽ സങ്കീർണമായ ഖനനം നടത്തി ശേഷിക്കുന്ന ഭാഗങ്ങളും കണ്ടെടുത്തു.
കണ്ടെത്തിയ തലയോട്ടിയും ഭാഗങ്ങളും നിസാര ജീവിയുടേതല്ല. ചരിത്രാതീതകാലത്തെ "കടൽ രാക്ഷസൻ' എന്നറിയപ്പെടുന്ന പ്ലിയോസറിന്റെ തലയോട്ടിയാണെന്നു ഗവേഷകർ തിരിച്ചറിഞ്ഞു. പതിനാറ് മീറ്ററോളം വളരുന്ന പ്ലിയോസർ വർഗത്തിൽപ്പെട്ട ജലഭീമന്റേതാണ് ഫോസിൽ എന്നു ഗവേഷകർ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നു. ചില്ലറ കേടുപാടുകളുണ്ടെങ്കിലും പ്ലിയോസറിന്റെ എല്ലാ അസ്ഥികളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
130 പല്ലുകൾ
65.5 ദശലക്ഷം മുതൽ 200 ദശലക്ഷം വർഷം മുമ്പ് ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഭീമാകാരമായ സമുദ്ര ഉരഗങ്ങളായിരുന്നു പ്ലിയോസറുകൾ. വലിയ തലയും ആമയെപ്പോലെയുള്ള നാലു ഫ്ലിപ്പറുകളും 130 കൂറ്റൻ കൂർത്ത പല്ലുകളുമുള്ള പ്ലിയോസർ ഒറ്റ കടിയിൽ ഇരയെ കൊല്ലാൻ കഴിവുള്ള ഉഗ്രവേട്ടക്കാരായിരുന്നു.
ഇംഗ്ലണ്ടിലെ കിമ്മെറിഡ്ജിൽ സ്ഥിതി ചെയ്യുന്ന സ്റ്റീവ് എച്ചസിന്റെ മ്യൂസിയമായ എച്ചസ് കളക്ഷനിലെ പ്ലിയോസോറസ് കെവാനി എന്ന ഒരു ഇനത്തിന് ഏകദേശം 50,000 ന്യൂട്ടണുകളുടെ ശക്തിയുണ്ടായിരിക്കാമെന്നു ഗവേഷകർ വിശ്വസിക്കുന്നു.
മൂക്കിൽ സെൻസർ
ഡോർസെറ്റിൽനിന്നു കണ്ടുകിട്ടിയ പ്ലിയോസറിന്റെ മൂക്കിൽ മൃഗങ്ങളെ വേട്ടയാടാൻ സഹായിക്കുന്ന സെൻസർ ഉണ്ടെന്നു സിടി സ്കാനിൽ കണ്ടെത്തി. ജീവിയുടെ തലയ്ക്കു മുകളിലുള്ള പരിയേറ്റൽ കണ്ണ് അല്ലെങ്കിൽ "മൂന്നാം കണ്ണ്' വെളിച്ചം മങ്ങിയ സാഹചര്യത്തിലും എളുപ്പം സഞ്ചരിക്കാൻ സഹായിച്ചിരിക്കാം.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ പ്ലിയോസർ വിദഗ്ധനായ ജൂഡിത്ത് സാസുൺ അഭിപ്രായപ്പെടുന്നത് ഇപ്പോൾ കണ്ടെത്തിയ പ്ലിയോസർ പുതിയ ഇനമാണെന്നാണ്. കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഡോർസെറ്റ് മേഖലയിൽ കൂടുതൽ ഖനനങ്ങൾ നടത്താനുള്ള തയാറെടുപ്പിലാണ് ഫോസിൽ ഗവേഷകർ.
പി.ടി.ബിനു