കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്പിക്കുകയാണിപ്പോൾ ജോബിൻ.
ഒരു ദിവസം ജോബിൻ അഗസ്റ്റിൻ എന്ന കൂരാച്ചുണ്ടുകാരൻ അധ്യാപന ജോലി രാജിവച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അന്പരന്നു. ഉണ്ടായിരുന്ന നല്ലൊരു ജോലിയും കളഞ്ഞിട്ട് ഇവനിത് എന്തു ചെയ്യാൻ പോവുന്നു എന്ന ഭാവത്തിൽ ചിലർ മിഴിച്ചുനോക്കി.
ഇത്രയും വേണമായിരുന്നോയെന്ന മട്ടിൽ ചിലർ ആശങ്ക പങ്കുവച്ചു. എന്നാൽ, രാജിവയ്ക്കുന്ന സമയത്ത് ജോബിന്റെ കണ്ണും മനസും തന്റെ വീടിനോടു ചേർന്നുള്ള പണിശാലയിലായിരുന്നു. തനിക്കു ചെയ്യാനുള്ളതൊക്കെ അവിടെ കാത്തിരിപ്പുണ്ടെന്ന് ഈ ചെറുപ്പക്കാരന് ഉറപ്പുണ്ടായിരുന്നു.
തീരുമാനം ഒട്ടും തെറ്റിയില്ലെന്ന് ഇപ്പോൾ നാട്ടുകാർ പറയും, നൂറുകണക്കിനു കർഷകർ പറയും. കാരണം കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്പിക്കുകയാണിപ്പോൾ ജോബിൻ.
കൃഷിയെ ഹൈടെക് ആക്കാൻ ജോബിൻ കണ്ടുപിടിച്ച യന്ത്രങ്ങൾ കർഷകർക്കു വലിയ തുണയായി മാറിയിരിക്കുകയാണ്. ആധുനിക കൃഷി ഉപകരണങ്ങൾ നിർമിക്കുകയും അതെങ്ങനെ ലാഭകരമായി ഉപയോഗിക്കാമെന്നും കർഷകരെ പരിശീലിപ്പിക്കുകയുമാണ് അദ്ദേഹം. ഒപ്പം തന്റെ സ്വകാര്യ ലാബില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ പരീക്ഷണം നടത്താനും സന്ദര്‍ശിക്കാനും സൗകര്യവും നൽകുന്നു.
ആ പ്രളയകാലം
നാലു വര്‍ഷം മുന്‍പ് ഡ്രീം ലീഫ് ടെക്നോളജീസ് എന്ന കന്പനി രൂപീകരിച്ചാണ് ആധുനിക കാർഷിക ഉത്പന്നങ്ങളുടെ നിർമാണവും പരീക്ഷണവുമായി ജോബിന് യാത്ര തുടങ്ങിയത്. ഇതിനായി അഞ്ചു വർഷമായി ചെയ്തിരുന്ന അധ്യാപക ജോലി രാജിവച്ചു.
2018ലെ പ്രളയകാലമാണ് ജോബിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. തോരാത്ത മഴയിൽ മകൾ ഇവ എലിസബത്തിന്റെ തുണി ഉണക്കിയെടുക്കാൻ പ്രയാസപ്പെട്ടപ്പോഴാണ് ഒരു ഡ്രയർ നിർമിച്ചാലോ എന്ന ചിന്ത തുടങ്ങുന്നത്.
പിന്നീട് ഇതെങ്ങനെ കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്താമെന്ന് ആലോചിച്ചു. തുടർന്ന് വിവിധ കാർഷിക ഉത്പന്നങ്ങൾ ഉണക്കാൻ ഇതേ ടെക്നോളജി ഉപയോഗിച്ചു വിജയിച്ചു. ഇപ്പോൾ നിരവധി പേരാണ് ഇതു വാങ്ങാനെത്തുന്നത്. ഉപയോഗിക്കേണ്ട രീതിയും അദ്ദേഹം പരിശീലിപ്പിക്കും.
വലിയ വിലയാണ് പലപ്പോഴും ഡ്രയറിൽനിന്നു സാധാരണക്കാരെ അകറ്റുന്നത്. ഇതെങ്ങനെ ഒരു സാധാരണ കുടുംബത്തിനു പ്രയോജനകരമായ വിധം രൂപപ്പെടുത്താമെന്നായി ചിന്ത. അങ്ങനെ ടേബിൾ ടോപ്പ് ഡ്രയർ രൂപംകൊണ്ടു. ഇതിൽ കുട്ടികൾക്ക് മില്ലറ്റ് പോലുള്ള ഭക്ഷണ സാധനങ്ങൾ ഉണക്കി നൽകാൻ സാധിക്കും. എത്തപ്പഴം, പച്ചക്കായ, ചെറുപഴങ്ങൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഇതിൽ എളുപ്പത്തിൽ ഉണക്കിയെടുക്കാം.
ഐആർ ബ്രൂഡർ
ഇൻകുബേറ്ററിൽ പിറക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്കു ചൂട് നൽകാനുള്ള സംവിധാനം ഇല്ലാത്തതു പലപ്പോഴും കർഷകരെ അലട്ടാറുണ്ട്. ഇതിനു പരിഹാരമായാണ് ഇൻഫ്രറെഡ് ഹീറ്റ് വെയ്വുകൾ നിർമിച്ചത്. ഇതിനു കർഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചു.
മികച്ച കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ഇതു സഹായിക്കും. കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുമെന്നതിനാൽ കർഷകർക്കു നൽകുന്ന ആശ്വാസം ചില്ലറയല്ല. കോഴികള്‍ക്കു ഭക്ഷണം നല്‍കാനും കോഴിക്കാഷ്ഠം കോരി ചാക്കുകളില്‍ ശേഖരിക്കാനും ഫാമുകാര്‍ ഏറെ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇതിന് ഉപകരിക്കുന്ന റാക്കിംഗ് മെഷീനുകളും ജോബിൻ നിര്‍മിച്ചിട്ടുണ്ട്.
കംപ്രഷൻ ചേംബർ
വിറക് ഉപയോഗിച്ചുള്ള ഡ്രയറുകളുടെ പോരായ്മകൾക്കു പരിഹാരവുമായാണ് ജോബിൻ കംപ്രഷൻ ചേംബറുമായി എത്തുന്നത്. വിറക് ഡ്രയറുകൾക്ക് എല്ലായിടത്തും ചൂട് എത്തിക്കാൻ കഴിയണമെന്നില്ല. ചൂട് ക്രമീകരിക്കാനും ഇതിനു കഴിയില്ല. ചൂട് നിലനിർത്താനും നിയന്ത്രിക്കാനും കഴിയുന്ന തരത്തിലാണ് കംപ്രഷൻ ചേംബറിന്റെ ഡിസൈൻ. ഈ ഡിസൈനിനു പേറ്റന്റും ലഭിച്ചു. വാണിജ്യ ആവശ്യങ്ങൾക്കാണ് ഇതു പ്രയോജനപ്പെടുക.
പരിശീലനം വഴി
ഉപകരണങ്ങൾ ഉണ്ടാക്കുക മാത്രമല്ല, കർഷകർക്കും കുട്ടികൾക്കുമായി അതിന്റെ ട്രെയിനിംഗ് പ്രോഗ്രാമുകളും ഇവിടെ നടക്കുന്നു. കാർഷിക ഉപകരണങ്ങളുടെ ഫലപ്രദമായ വിനയോഗം, ഫെൻസിംഗ് നിർമാണവും പരിപാലനവും എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പരിശീലനമുണ്ട്. പലപ്പോഴും കൃത്യമായ പരിപാലനമില്ലാതെയാണ് വൈദ്യുതിവേലികൾ നശിക്കുന്നത്. ഇതിനു കർഷകരെ സഹായിക്കുന്നതാണ് ജോബിൻ നടത്തുന്ന പരിശീലനങ്ങൾ.
എംടെക് പഠനകാലത്തു മെൻഡറും ഗൈഡുമായിരുന്ന ജിപ്പു ജേക്കബിനെ പ്രചോദനമായാണ് ജോബിൻ കാണുന്നത്. നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന തേങ്ങ പൊതിക്കുന്ന പാര കണ്ടെത്തി അതിനു പേറ്റന്റ് നേടിയ വ്യക്തിയാണ് അദ്ദേഹം. എങ്ങനെ റിസർച്ച് ചെയ്യണം, ഉപകരണങ്ങൾ നിർമിക്കണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹത്തിൽനിന്ന് പഠിച്ചു. അദ്ദേഹത്തോടൊപ്പം ഒരു വർഷം ജോലി ചെയ്യാൻ കഴിഞ്ഞതു വലിയൊരു നേട്ടമായാണ് ജോബിൻ കാണുന്നത്.
കൂടെയുണ്ട് അവർ
കൂരാച്ചുണ്ട് പാലത്തുംതലയ്ക്കല്‍ ജോയിയുടെയും ബീനയുടെയും മകനാണ് ജോബിന്. സെന്റ് തോമസ് ഹൈസ്കൂളില്‍നിന്നു പഠനം പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശിലെ ഛാന്ദ രൂപതയിലെ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് തിരിച്ചുവന്നു കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നു.
ചെന്നൈ ലയോണ കോളജിൽനിന്നു ബിടെക് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടി. പിന്നീട് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍നിന്ന് എംടെക് മെഷീന് ഡിസൈനിംഗ് പഠിച്ചു. 2016 മുതല്‍ 20 വരെ എംഡിറ്റ് എന്‍ജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ അസി. പ്രഫസറായി ജോലിചെയ്തു. അക്കാലയളവില്‍ ഗവേഷണത്തിനു തന്നെയായിരുന്നു പ്രാധാന്യം.
ഒരു ടെക്നിക്കൽ പേഴ്സണായ തനിക്കു ബിസിനസിനെ പറ്റി ഒന്നുമറിയില്ലെന്നു ജോബിൻ പറയുന്നു.
ഉത്പന്നം മാർക്കറ്റ് ചെയ്യുക എന്നതു വെല്ലുവിളിയാണ്. മാർക്കറ്റിംഗിനു കൂടുതൽ പിന്തുണ ലഭിച്ചാൽ ഈ യന്ത്രങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയുമെന്നു ജോബിൻ പറയുന്നു.
ഭാര്യ ആർലിൻ ഈ കന്പനിയിൽതന്നെയാണ് ജോലി ചെയ്യുന്നത്. ജോലി പോലും രാജിവച്ച് ആരംഭിച്ച ടെക്യാത്രയ്ക്കു കുടുംബം പൂർണപിന്തുണയാണ് നൽകുന്നതെന്നു ജോബിൻ പറയുന്നു. എലിസബത്ത്, അന്ന എന്നിവര്‍ മക്കളാണ്.
എ.വിഗ്നേഷ്