2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘത്തിന്റെ തലവനെക്കണ്ട് അനുവാദം വാങ്ങി ഇവിടെ പ്രവേശിച്ചു. പ്രദേശത്തിന്റെ പുനരുദ്ധാരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഭാരതീയ വാസ്തുകലാ വൈദഗ്ധ്യത്തിന്റെ മികവ് തെളിയിക്കുന്നവയാണ് പല പൗരാണിക നിർമിതികളും. മധ്യപ്രദേശിലെ മൊറേനയിലുള്ള ബത്തേശ്വര് ക്ഷേത്രസമുച്ചയം ഇത്തരമൊരു വാസ്തുവിസ്മയമാണ്. ഗുപ്തകാലഘട്ടത്തിനു ശേഷം എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍ പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു. ഗുര്‍ജര-പ്രതിഹാര രാജവംശത്തിലെ രാജാക്കന്മാരായിരുന്നു ക്ഷേത്രനിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചത്.
ഭൂചലനമോ?
രാജവംശത്തിന്റെ തകര്‍ച്ചയോടെ ക്ഷയിച്ച ക്ഷേത്രസമുച്ചയത്തെ കാലക്രമേണ വനം വിഴുങ്ങിയെന്നു പറയാം. പിന്നീട് 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായിരുന്ന അലക്സാണ്ടര്‍ കണ്ണിംഗ്ഹാമാണ് കാടിനു നടുവില്‍ തകര്‍ന്ന ക്ഷേത്രസമുച്ചയം കണ്ടെത്തിയത്.13-ാം നൂറ്റാണ്ടിലെ ഭൂചലനമായിരിക്കാം ക്ഷേത്രസമുച്ചയത്തിന്റെ നാശത്തിനു ഹേതുവായതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.
കൊള്ളക്കാരുടെ പിടിയിൽ
1920ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ക്ഷേത്രസമുച്ചയത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 20-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ക്ഷേത്രസമുച്ചയം ഇതേ അവസ്ഥയില്‍ നിലകൊണ്ടു. ഇക്കാലയളവില്‍ ക്ഷേത്രവും പരിസരങ്ങളും പ്രദേശവാസികളായ കൊള്ളക്കാരുടെ നിയന്ത്രണത്തിലായിരുന്നു.
വിനോദ സഞ്ചാരികളും പുരാവസ്തു ഗവേഷകരും ഉള്‍പ്പെടെ ആരെയും പ്രദേശത്ത് പ്രവേശിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. ഒരു തരത്തില്‍ ഇതൊരു അനുഗ്രഹമായിരുന്നു.
തിരിച്ചുപിടിക്കുന്നു
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘത്തിന്റെ തലവനെക്കണ്ട് അനുവാദം വാങ്ങി ഇവിടെ പ്രവേശിച്ചു. പ്രദേശത്തിന്റെ പുനരുദ്ധാരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
വളരെ ശ്രമകരമായ ഒരു ദൗത്യമാണിതെന്ന് മുഹമ്മദിനു മനസിലായി. ജിഗ്സോ പസില്‍ പോലെ ആയിരക്കണക്കിനു കഷണങ്ങളായി ക്ഷേത്രാവശിഷ്ടങ്ങള്‍ അതിനോടകം ചിതറിപ്പോയിരുന്നു. തുടര്‍ന്ന് ഒരു പതിറ്റാണ്ടിലേറെ നീണ്ട അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ഇവിടെയുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്ന 200 ക്ഷേത്രങ്ങളില്‍ 80ഓളം എണ്ണം പുനരുദ്ധരിക്കാന്‍ മുഹമ്മദിനും സംഘത്തിനും കഴിഞ്ഞു.
വിലക്കുകളില്ല
ഇന്നു വിലക്കുകളൊന്നുമില്ലാതെ ആര്‍ക്കും ഇവിടം സന്ദർശിക്കാം. ഇവിടെ കാണുന്ന രതിസാന്ദ്രമായ ശില്പങ്ങള് വിഖ്യാതമായ ഖജുരാഹോ ക്ഷേത്രത്തെ അനുസ്മരിപ്പിക്കും. ബത്തേശ്വറില് മോക്ഷം കാത്ത് ഇനിയും നിരവധി ക്ഷേത്രാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്.
സന്ദർശകർ കുറവായതിനാൽ ഒരു വിചിത്രപ്രദേശത്തിന്റെ ഛായയില്നിന്നു മുക്തിനേടാന്‍ ബത്തേശ്വറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്വാളിയോറില്‍നിന്ന് 45 മിനിറ്റ് സഞ്ചരിച്ചാല്‍ ബത്തേശ്വറിലെത്താം.
സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള സമയത്തു ക്ഷേത്രസമുച്ചയത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുമതിയുണ്ട്. ബത്തേശ്വര് ലക്ഷ്യമാക്കി എത്തുന്ന സന്ദര്‍ശകര്‍ക്കു പരിസരപ്രദേശത്തുള്ള പഥാവലി, മിറ്റാവോലി ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്താം.
അജിത് ജി. നായർ