The Jerome Biblical Commentary
for the Twenty- First Century
(3rd Edition)
John J. Collins, G. Hens-Piazza,
B. Reid op, D. Senior CP (Editors)
പേജ്: 3026; വില: ₹ 2599 (Discout Rate ₹ 1800)
Dist: Omega Book World, Bengaluru.
ഫോൺ: 9986027458
കത്തോലിക്കാ ബൈബിൾ വിജ്ഞാനീയത്തിന്റെ സവിശേഷതകളും ഗരിമയും ആവാഹിച്ചിരിക്കുന്ന ബൃഹത്തായ വ്യാഖ്യാനഗ്രന്ഥം. 1968ൽ ഒന്നാം പതിപ്പും 1990ൽ രണ്ടാം പതിപ്പും പുറത്തിറങ്ങി. 2022ൽ ഇറങ്ങിയ മൂന്നാം പതിപ്പും തികച്ചും പുതിയ ഉള്ളടക്കവുമായാണ് പ്രസിദ്ധീകൃതമായിരിക്കുന്നത്. ഇപ്പോഴാണ് ഇത് ഇന്ത്യയിൽ ലഭ്യമാകുന്നത്.
ആമുഖം ഫ്രാൻസിസ് മാർപാപ്പ എഴുതിയിരിക്കുന്നു. മുൻ പതിപ്പുകൾ എഡിറ്റ് ചെയ്തവരെപ്പോലെ അതിപ്രശസ്തരായ ബൈബിൾ പണ്ഡിതരാണ് ഇതിന്റെയും എഡിറ്റർമാർ. 91 ലേഖകരിൽ ജോൺ പി. മയർ, വിവിയാനോ, മൊളോനി, പെർകിൻസ്, മത്തേര, ക്ലിഫോർഡ്, യാർബ്രോ കോളിൻസ്, ഒസിയെക്ക് തുടങ്ങിയവർ ഉൾപ്പെടുന്നു. എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നും പണ്ഡിതരുണ്ട്.
നാലു ഭാഗങ്ങളായി ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തെ ആമുഖ ലേഖനങ്ങളിൽ വിശുദ്ധ നാടിന്റെ ഭൂമിശാസ്ത്രം, പുരാവസ്തു വിജ്ഞാനീയം, ചരിത്രം, യഹൂദമതം, ചരിത്രപുരുഷനായ യേശു മുതലായ ഏഴു പ്രബന്ധങ്ങളുണ്ട്.
പഴയനിയമ പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ടാം ഭാഗത്ത് 46 പുസ്തകങ്ങളുടെയും വ്യാഖ്യാനവും നാല് ആമുഖ ലേഖനങ്ങളുമുണ്ട്. മൂന്നാം ഭാഗത്ത് പുതിയ നിയമത്തിലെ 27 പുസ്തകങ്ങളുടെ വ്യാഖ്യാനങ്ങളും നാല് ആമുഖ ലേഖനങ്ങളും. നാലാം ഭാഗത്ത് 13 ലേഖനങ്ങളാണ് ഉള്ളത്. ബൈബിൾ കത്തോലിക്കാ പാരന്പര്യത്തിൽ, ബൈബിളും സമകാലികസഭയും, ബൈബിൾ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ, ബൈബിളും സഭാജീവിതവും എന്നീ നാലു വിഭാഗങ്ങളിലായി അവ ക്രോഡീകരിച്ചിരിക്കുന്നു.
ബൈബിൾ ഗൗരവമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഈ ബൃഹദ് ഗ്രന്ഥം തികച്ചും ആധികാരികവും ഈടുറ്റതുമാണ്. ബൈബിൾ വ്യാഖ്യാനത്തിൽ നൂതന സങ്കേതങ്ങൾ പ്രത്യേകിച്ച് ചരിത്ര നിരൂപണം ഉപയോഗിക്കുന്നുണ്ടെങ്കിലും വിശ്വാസിയുടെ കാഴ്ചപ്പാടിൽ ബൈബിൾ മനസിലാക്കുന്നതിന് ഈ ഗ്രന്ഥം സഹായകമാകും. ആമുഖ, പഠന ലേഖനങ്ങൾ എല്ലാം സമഗ്രവും ലളിതവും ഒാരോ വിശദാംശത്തിലും സൂക്ഷ്മത പുലർത്തുന്നവയുമാണ്.
കേരള കത്തോലിക്കർ ചരിത്ര നിഘണ്ടു
ആന്റണി പാട്ടപ്പറന്പിൽ (എഡിറ്റർ)
പേജ്: 628 വില: ₹ 1000
അയിൻ പബ്ലിക്കേഷൻസ്, ആലുവ, ഫോൺ: 9447508112
കേരള റീജൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ ചരിത്ര നിഘണ്ടു. നിരവധി ലേഖനങ്ങൾക്ക് ഗ്രന്ഥസൂചിക നൽകിയിട്ടുണ്ട്. നിഷ്പക്ഷമായ ചരിത്രരചന എന്നൊന്നില്ല എന്നാണല്ലോ പണ്ഡിതമതം. ഒരേ ചരിത്രസംഭവത്തിനുതന്നെ വ്യത്യസ്ത വ്യഖ്യാനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ രചയിതാക്കളുടെ ചില നിലപാടുകളോടു വിയോജിപ്പുള്ളവർ കണ്ടേക്കാം.