പ്രഫ. കെ.ടി. തോമസ് കണ്ണന്പള്ളിൽ
പേജ്: 424 വില: ₹550
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 9447965013
മരണശേഷവും അഴുകാത്ത ഗാത്രമുള്ള വിശുദ്ധർ
വിശുദ്ധരുടെ ജീവിതം എന്നും സാധാരണ മനുഷ്യർക്ക് അദ്ഭുതമാണ്. അവരെപ്പോലെ ജീവിക്കാനായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുകയെന്നതാണ് വിശുദ്ധരോടുള്ള വണക്കത്തിന്റെ കാതൽ എന്നു കത്തോലിക്ക സഭ പഠിപ്പിക്കുന്നു.
മരണശേഷം ഭൗതികശരീരം അഴുകാതെ കാണപ്പെടുന്ന നിരവധി വിശുദ്ധർ കത്തോലിക്ക സഭയിലുണ്ട്. വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിൻസെന്റ് ഡി പോൾ എന്നിങ്ങനെ ചിലരുടെ കാര്യം പലർക്കും അറിയാമെങ്കിലും അവരിൽ മാത്രമൊതുങ്ങുന്നതല്ല ഈ പട്ടികയെന്നു തെളിയിക്കുകയാണ് ഈ ഗ്രന്ഥം.
കാന്റർബറിയിലെ വിശുദ്ധ എഡ്മെന്റ് റിച്ച്, ഇറ്റയിലെ വിശുദ്ധ സ്പെറാൻഡിയ, ഡൊമിനിക്കൻ സന്യാസിയായ വിശുദ്ധ ആൽബർട്ട്, കാൻസർ രോഗികളുടെ സ്വർഗീയ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ പെരിഗ്രാൻലാസിയോസിയുടെയുമൊക്കെ ഭൗതിക ശരീരങ്ങൾ മരണ ശേഷവും അഴുകാതെ നിലനിൽക്കുന്നു എന്നതു മലയാളികൾക്കു പുതിയ അറിവായിരിക്കും.
അവർ മാത്രമല്ല, വിശുദ്ധ അന്തോനീസ് ഉൾപ്പെടെ 103 വിശുദ്ധരുടെ ഭൗതികദേഹം അഴുകാതെയിരിക്കുന്നുവെന്നുള്ള അദ്ഭുതകരമായ യാഥാർഥ്യത്തിലേക്കു വെളിച്ചം വീശുകയാണ് ഈ ഗ്രന്ഥം. എന്താണ് ഇതിന്റെ രഹസ്യമെന്ന് ആർക്കും വിവരിക്കാനായിട്ടില്ല. എങ്കിലും അവർ കടന്നുപോയ പുണ്യജീവിതത്തിന്റെ സാക്ഷ്യമാവാം ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്നു കരുതപ്പെടുന്നു.
അക്ഷയഗാത്രവുമായി തുടരുന്ന വിശുദ്ധരെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ ആരോഗ്യവിദഗ്ധനും കോട്ടയം മെഡിക്കൽ കോളജിലെ മുൻ അധ്യാപകനും കൂടിയായ പ്രഫ.കെ.ടി. തോമസ് കണ്ണമ്പള്ളിൽ. നീണ്ട നാളത്തെ ഗവേഷണവും അന്വേഷണവും ഈ ഗ്രന്ഥത്തിനു വേണ്ടിവന്നിട്ടുണ്ടെന്നു നിസംശയം പറയാം. ഈ വിശുദ്ധർ നയിച്ച ജീവിതം, അവരോടുള്ള വണക്കം, അവരുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നതിന്റെ വിശദാംശങ്ങൾ എല്ലാം ഇതിൽ ചിത്രങ്ങൾ സഹിതം വിവരിക്കുന്നു.
പരൽമീനുകൾ കളിക്കുന്ന തോട്ടുവക്കത്തെ വീട്
ബാബു ഇരുമല
പേജ്: 72വില: ₹180
ഗ്രീൻ ബുക്സ്, തൃശൂർ
ഫോൺ: 04872381066
മൂന്നു കുസൃതിക്കുടുക്കകളുടെ നാലു ദിവസത്തെ സാഹസികതകൾ വിവരിക്കുന്ന ബാലനോവൽ. വീടിനു ചുറ്റുമുള്ള പക്ഷിമൃഗാദികളൊക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട്. കുട്ടികളിൽ കരുണയും നന്മയും നിറയ്ക്കാൻ സഹായിക്കുന്ന നോവലിനു മനോഹര ചിത്രങ്ങൾ മിഴിവേകുന്നു.
ജീവിതം എങ്ങനെ വർണാഭമാക്കാം
ജോയി കൊഴുപ്പൻകുറ്റി
പേജ്: 395 വില: ₹240
ഉണ്മ പബ്ലിക്കേഷൻ, ആലപ്പുഴ
ഫോൺ: 9446024460
സ്വന്തം മനഃശക്തിയെ ഫലപ്രദമായി ഉപയോഗിച്ച് എങ്ങനെ നമ്മുടെ ശാരീരികവും മാനസികവുമായ ജീവിതം കൂടുതൽ സന്തുഷ്ടമാക്കാമെന്നുള്ള അന്വേഷണമാണ് ഈ ഗ്രന്ഥകാരൻ നടത്തുന്നത്. എങ്ങനെ നിഷേധാത്മക ചിന്തകളെ വെടിയാമെന്നും പുസ്തകം വിശദീകരിക്കുന്നു.
സ്വപ്നങ്ങൾ
ഡോ. ബി. ഉഷാകുമാരി
അഞ്ചൽ
പേജ്: 46 വില: ₹80
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
23 കവിതകളുടെ സമാഹാരം. വർത്തമാനകാലത്തെ മൂല്യച്യുതിയെക്കുറിച്ചു വ്യസനിക്കുന്ന വരികൾ ഈ കവിതകളിൽ കാണാം. ഭൂതകാല മഹിമയിൽ അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഭക്തിയും സ്വപ്നങ്ങളുമൊക്കെ ഈ കവിതകളിൽ ദർശിക്കാം.
ദിവ്യഗാനങ്ങൾ
മാത്യു തെക്കേകുന്നേൽ
പേജ്: 550 വില: ₹840
പഗോഡ ബുക്ക് ആർട്ട്,
തൊടുപുഴ
ഫോൺ: 9447102237
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകരുന്ന ആയിരം ക്രൈസ്തവ ഭക്തിഗാനങ്ങളുടെ സമാഹാരം. ജീവിതത്തെ സ്പർശിച്ചുനിൽക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഇവിടെ കാണാം. മനുഷ്യനെ ചിന്തിപ്പിക്കാനും ദൈവത്തിലേക്ക് അടുപ്പിക്കാനും ലക്ഷ്യമിട്ടുള്ള വരികൾ.