പൗരസ്ത്യ ഇന്ത്യയിലേക്കുള്ള പ്രേഷിത പ്രയാണങ്ങൾ
മോണ്. ജോസഫ് സെബസ്ത്യാനി
(വിവ: ഫാ. പാട്രിക് മൂത്തേരിൽ ഒസിഡി)
പേജ്: 776
വില : ₹ 790
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോണ്: 0471 2327253
1599 ലെ ഉദയംപേരൂർ സൂനഹദോസിനുശേഷം കേരളത്തിലെ മാർത്തോമ്മാ ക്രൈസ്തവരുടെ ചരിത്രം വളരെ സങ്കീർണമായി. നാട്ടുക്രിസ്ത്യാനികളും പാശ്ചാത്യ മിഷണറിമാരും തമ്മിലുള്ള ബന്ധം മോശമാവുകയും 1653ലെ കൂനൻകുരിശു സത്യത്തോടെ സഭ രണ്ടായി പിളരുകയും ചെയ്തു. കാര്യങ്ങളുടെ നിജസ്ഥിതി പഠിച്ചു റിപ്പോർട്ട് ചെയ്യാൻ റോമൻ അധികാരികൾ രണ്ടു കർമലീത്താ വൈദികരെ കേരളത്തിലേക്കയച്ചു. അവരിൽ ഒരാളായ ഫാ. ജോസഫ് സെബസ്ത്യാനി 1657ൽ കേരളത്തിലെത്തുകയും 1659ൽ റോമിൽ തന്റെ അനുഭവക്കുറിപ്പുകൾ ഒരു പുസ്തകമായി എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. മെത്രാനായി അഭിഷിക്തനായ അദ്ദേഹം 1660ൽ വീണ്ടും കേരളത്തിലേക്കു പുറപ്പെട്ടു. ആ യാത്രയുടെ വിവരണങ്ങൾ മറ്റൊരു പുസ്തകമായും പുറത്തിറങ്ങി.
ഈ രണ്ടു പുസ്തകങ്ങളുടെയും മൂലഭാഷയായ ഇറ്റാലിയനിൽ നിന്നുള്ള വിവർത്തനമാണ് ഒരൊറ്റ വാല്യമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. റോമിൽനിന്നുള്ള യാത്ര, കേരളത്തിലെ സംഭവവികാസങ്ങൾ, മടക്കയാത്ര, കേരളത്തെക്കുറിച്ചുള്ള ചില വിവരണങ്ങൾ എന്നിങ്ങനെ അത്യന്തം കൗതുകകരമായ നിരവധി വിവരണങ്ങളാണ് ഈ ബൃഹദ്ഗ്രന്ഥത്തിലുള്ളത്.
പൗരസ്ത്യ ഇന്ത്യയിലേക്കുള്ള യാത്ര
ഫാ. വിൻസൻറ് മരിയ
(വിവ: ഫാ. പാട്രിക് മൂത്തേരിൽ ഒസിഡി)
പേജ് : 740
വില: ₹ 1000
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ്: 0471 2327253
മോണ്. സെബസ്ത്യാനിയോടൊപ്പം കേരളത്തിലേക്ക് ഒന്നാംപ്രാവശ്യം യാത്രചെയ്ത ഫാ. വിൻസന്റ് മരിയ രചിച്ച യാത്രാവിവരണമാണ് ഈ ഗ്രന്ഥം. റോമിൽനിന്ന് നേപ്പിൾസിലെത്തി കപ്പൽമാർഗം മാൾട്ടയിലും ഇസ്രയേലിലെ ഹൈഫാ തുറമുഖത്തും എത്തിയ സംഘം തുടർന്ന് കരമാർഗമാണ് കേരളത്തിലേക്കു പുറപ്പെട്ടത്. ഇന്നേക്ക് മൂന്നര നൂറ്റാണ്ടു മുൻപത്തെ ഒരു രാജ്യാന്തര യാത്ര, അവർ നേരിട്ട ക്ലേശങ്ങൾ, കണ്ടുമുട്ടിയ ജനങ്ങളുടെ വിശ്വാസാചാരങ്ങൾ, വിവിധ നാടുകളിലെ ഭൂപ്രകൃതിയും കാലാവസ്ഥയും എന്നിങ്ങനെ ഇന്നത്തെ വായനക്കാരനെയും ഉദ്വേഗഭരിതനാക്കുന്ന വിവരണമാണ് ഒന്നാം ഭാഗത്ത്. മടക്കയാത്രയുടെ വിവരണങ്ങൾ അവസാനഭാഗത്തുണ്ട്.
കേരളത്തിലെ മാർത്തോമ്മാ ക്രൈസ്തവരുടെ പ്രശ്നങ്ങളെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ നിലപാടുകൾ അക്കാലത്തെ പാശ്ചാത്യ മിഷണറിമാരുടേതുതന്നെ. നൂറ്റാണ്ടുകൾക്കു ശേഷം അവരുടെ നിലപാടുകളെ കുറ്റപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ല. ചരിത്രസംഭവങ്ങളെ അങ്ങനെതന്നെ മനസിലാക്കി നിഗമനങ്ങളിലെത്തുകയാവും ഉചിതം. ഉത്തമവിശ്വാസത്തിലും ബോധ്യത്തിലുമാണ് പുസ്തകം രചിച്ചിരിക്കുന്നത് എന്ന കാര്യവും മറക്കാൻ പാടില്ല.
നാൽപത് ഗുണപാഠകഥകൾ
ഷാലൻ വള്ളുവശേരി
പേജ് 64
വില ₹ 100
സാഹിത്യപ്രവർത്തക സഹകരണസംഘം കോട്ടയം
ഫോണ്: 0481 256 4111
ബിജുക്കുട്ടൻ, ബീനാമോൾ എന്നീ സഹോദരങ്ങളുടെ വീട്, സ്കൂൾ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തയാറാക്കിയ ഗുണപാഠകഥകൾ. കുട്ടികൾ സദ്സ്വഭാവികളായി വളരാൻ നല്ല ഉപദേശങ്ങൾ ആവശ്യമാണ്. അവരുടെ കുറവുകൾ തിരുത്താനും നൻമയെ പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കൾക്ക് കടമയുണ്ട്. ഇതിലെ ഓരോ കഥയും നല്ല സന്ദേശം സമ്മാനിക്കുന്നു.
കൊ അഹാവു തെ
അപർണ കുറുപ്പ്
പേജ് 130
വില: ₹ 190
ഗ്രീൻ പെപ്പർ പബ്ലിക്ക
തിരുവനന്തപുരം
ഫോണ്: 9447558558
ആണ്ലോകത്തിന്റെ സ്വാർഥതയും പ്രമത്തതയും പെണ്ണിന്റെ കാമനകളും കുടിയേറ്റക്കാരുടെ അനിശ്ചിതത്വങ്ങളും തദ്ദേശീയരുടെ പ്രസിസന്ധികളുമെല്ലാം ചേർന്ന പ്രവാസകാലമാണ് കൊ അഹാവു തെ ലായി എന്ന നോവലിന്റെ പശ്ചാത്തലം. സവിശേഷമായ ആഖ്യാനരീതിയിലൂടെ പ്രവാസിസമൂഹം നേരിടുന്ന സങ്കീർണമായ സാഹചര്യങ്ങളെ വെളിവാക്കുകയും ചെയ്യുന്നു.