“തോമ്മാശ്ലീഹായും ഭാരതവും: ഏറ്റവും പുതിയ ഗവേഷണങ്ങൾ’’ എന്ന പേരിലുള്ള ഈ പുതിയഗ്രന്ഥം തത്സംബന്ധമായി 11 പണ്ഡിതൻമാർ എഴുതിയിട്ടുള്ള പ്രബന്ധങ്ങളുടെ സമാഹാരമാണ്. അക്കാദമിക ഗ്രന്ഥങ്ങളുടെ പ്രസാധകരെന്ന നിലയിൽ പ്രശസ്തമായ അമേരിക്കയിലെ ഫോർട്രെസ് പ്രസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമകാലിക കേരളീയ ചരിത്രകാരൻമാരിൽ തലയെടുപ്പുള്ള ഡോ. കെ.എസ്. മാത്യുവിന്റെ നേതൃത്വത്തിൽ തയാറാക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ചരിത്രരചനയുട മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്ന ഒരു ശാസ്ത്രീയ ഗവേഷണഗ്രന്ഥമാണ്. ഗ്രീക്ക്, സുറിയാനി, ലത്തീൻ മുതലായ പുരാതന ഭാഷകളിലും ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ് മുതലായ ആധുനിക ഭാഷകളിലും പ്രാവീണ്യമുള്ളവരാണ് എഴുത്തുകാർ. അതുപോലെ ചരിത്രവിഷയങ്ങളിൽ ലോകത്തിലെതന്നെ ഏറ്റവും ഉന്നതനിലവാരമുള്ള സർവകലാശാലകളിൽനിന്ന് ഗവേഷണ ബിരുദങ്ങൾ നേടിയിട്ടുള്ളവരുമാണ് അവർ.
ഡോ. കെ.എസ്. മാത്യു രചിച്ച ആമുഖത്തിൽ (പേജ് 11-34) തോമാശ്ലീഹായും ഭാരതവും സംബന്ധിച്ച വിഷയങ്ങളെല്ലാം അവതരിപ്പിക്കുന്നു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച സാഹിത്യപരമായ സാക്ഷ്യങ്ങളാണ് ആദ്യം പരിശോധിക്കുന്നത്; തുടർന്നു പുരാവസ്തുപരവും നാണയപരവും ശിലാലിഖിതപരവുമായ തെളിവുകളും.
മറ്റുചില തെളിവുകളാണ് തക്ഷശില സ്ലീവായും തോമ്മാപാരന്പര്യം അവകാശപ്പെടുന്ന ഉത്തരഭാരതത്തിലെ പ്രാചീന ക്രൈസ്തവ സമൂഹങ്ങളും. തുടർന്ന് തെക്കൻ ഭാരതത്തിലെ പ്രേഷിത പ്രവർത്തനത്തിന്റെ നാനാവശങ്ങളും അപഗ്രഥിക്കുന്നു. ഈ വിഷയം സംബന്ധിച്ച് ഇതുവരെ ഉണ്ടായിട്ടുള്ള ശാസ്ത്രീയപഠനങ്ങളെയെല്ലാം പരാമർശിക്കുന്ന ഒന്നാണ് ഈ ആമുഖപ്രബന്ധം.
തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ച് ഉണ്ടായിട്ടുള്ള ചരിത്രപഠനങ്ങൾ അവലോകനം ചെയ്യുന്നതാണ് ഡോ. ഫ്രാൻസിസ് തോണിപ്പാറയുടെ പ്രബന്ധം (35-54). തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവർത്തനത്തെപ്പറ്റി പഠിച്ചിട്ടുള്ളവരെ അഞ്ചു വ്യത്യസ്ത ഗണങ്ങളായി തിരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അവലോകനം. ഈ പ്രബന്ധത്തിന്റെ തുടർച്ചയാണ് ഡോ. ജെയിംസ് കുരികിലംകാട്ടിന്റെ പ്രബന്ധം.
തോമ്മാശ്ലീഹായുടെ ഭാരതത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തുപരവും നാണയപരവും ശിലാലിഖിതപരവുമായ തെളിവുകൾ അദ്ദേഹം സൂക്ഷ്മമായി അപഗ്രഥിക്കുന്നു (55-68). പേർഷ്യൻ കുരിശിനു ചുറ്റുമായി എഴുതപ്പെട്ടിട്ടുള്ള കുറിമാനവും പഠനവിഷയമാകുന്നുണ്ട്. മാർത്തോമ്മാ ക്രൈസ്തവരുടെ പാരന്പര്യങ്ങൾക്ക് അവരുടെ ചരിത്രരചനയിൽ എത്രമാത്രം സ്ഥാനവും പ്രാധാന്യവുമുണ്ടെന്നാണ് ഡോ. ബനഡിക്ട് വടക്കേക്കര പരിശോധിക്കുന്നത് (69-87).
മാർത്തോമ്മാ ക്രൈസ്തവരുടെ പുരാതനപാട്ടുകൾ അവരുടെ ഓർമകളുടെ സഞ്ചിത നിക്ഷേപമാണ്. ഈ പാട്ടുകളാണ് ഡോ. ബൈജു മാത്യു മുകളേൽ പഠിക്കുന്നത് (89-114). മാർത്തോമ്മാപർവം, റന്പാൻപാട്ട്, മാർഗംകളിപ്പാട്ട്, പരിചമുട്ടുകളിപ്പാട്ട്, വട്ടക്കളിപ്പാട്ടുകൾ, പുരാതന പള്ളിപ്പാട്ടുകൾ എന്നിവയെല്ലാം അദ്ദേഹം പഠനവിഷയമാക്കുന്നു.
ചില പാട്ടുകൾ മലയാളത്തിലും അവയുടെ വിവർത്തനം ഇംഗ്ലീഷിലും നൽകിയിട്ടുണ്ട്. തോമ്മാശ്ലീഹായുടെ പ്രേഷിതപ്രവർത്തനവും ക്നാനായ സമുദായവും തമ്മിലുള്ള ബന്ധം ഡോ. മാത്യു കൊച്ചാദംപള്ളി ചർച്ചചെയ്യുന്നു (115-129). തോമ്മായുടെ നടപടികൾ എന്ന പുരാതനഗ്രന്ഥവും റന്പാൻപാട്ടും തമ്മിലുള്ള ബന്ധമാണ് ഡോ. തോമസ് കൂനമ്മാക്കൽ പരിശോധിക്കുന്നത് (131-148). നടപടികളും റന്പാൻപാട്ടും വർണിക്കുന്ന സംഭവങ്ങളുടെ ചരിത്രപരതയിലേക്കു വെളിച്ചംവീശുന്ന നിരവധി ഉൾക്കാഴ്ചകളാൽ സന്പന്നമാണ് ഈ പ്രബന്ധം.
ഏഴു പള്ളികളെക്കുറിച്ചു കേരളത്തിൽ നിലവിലുള്ള പാരന്പര്യങ്ങൾ ഡോ. ജെയിംസ് പുലിയുറുന്പിൽ (149-160) വിശദമാക്കുന്നു. തോമ്മാശ്ലീഹായുടെ പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ച് സഭാപിതാക്കൻമാർ, പ്രത്യേകിച്ചും മാർ അപ്രേം, നൽകുന്ന സാക്ഷ്യങ്ങളാണ് ഡോ. ജോണ്സ് അബ്രാഹം കോനാട്ട് ചർച്ചചെയ്യുന്നത് (161-173). തോമ്മാശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഒരു പുനരാഖ്യാനവും തോമ്മായുടെ നടപടികളുടെ ഒരു പുനശ്ചിന്തയുമാണ് ഫ്രഞ്ച് ചരിത്രപണ്ഡിതനായ ഡോ. പിയർ സി. പെറിയെർ നടത്തുന്നത് (175-224).
തികച്ചും പഠനാർഹവും മുൻധാരണകളെ പൊളിച്ചെഴുതാൻ സഹായിക്കുന്നതുമാണ് പെറിയറിന്റെ ലേഖനം. അടുത്ത പ്രബന്ധം അർമീനിയൻ ചരിത്രഗവേഷകനായ മാക്സിം കെ. യെവാദിയാൻ രചിച്ചതാണ് (225-269). തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെപ്പറ്റി അർമീനിയൻ സഭയിൽനിന്നുള്ള ചരിത്രപരവമായ തെളിവുകളാണ് അദ്ദേഹം വിശദമാക്കുന്നത്. ഒപ്പം സഭയുടെ പുരാതന ഗ്രന്ഥങ്ങളിൽനിന്നും ദൈവശാസ്ത്രത്തിൽനിന്നുമുള്ള സാക്ഷ്യങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നു. യേശുവിന്റെ പന്ത്രണ്ടു ശ്ലീഹൻമാരിൽ ഒരാളെന്ന നിലയിൽ സഭാരംഭം മുതലേ തോമ്മാശ്ലീഹായെക്കുറിച്ചും ഇതരസഭകളിൽ പാരന്പര്യങ്ങൾ നിലവിൽ വരികയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ലോകത്തിൽ മറ്റൊരിടത്തും തോമ്മാശ്ലീഹായുടെ പേരിൽ ഒരു ക്രൈസ്തവ സമൂഹം അറിയപ്പെടുകയോ അദ്ദേഹത്തിന്റെ കബറിടം വണങ്ങപ്പെടുകയോ ചെയ്യുന്നില്ല എന്നതു ശ്രദ്ധേയമാണ്. തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനവും പ്രവർത്തനവും നിക്ഷിപ്ത താത്പര്യങ്ങളില്ലാതെ നിഷ്പക്ഷമായി പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഈ വിശിഷ്ടഗ്രന്ഥം സഹായകരമായിരിക്കും.
ഈടുറ്റ ഈ ഗ്രന്ഥത്തിന് മലയാളം പരിഭാഷ വൈകാതെ ഉണ്ടാകുന്നത് ഏറെ അഭികാമ്യമായിരിക്കും. തോമാശ്ലീഹായുടെ ഭാരതപ്രേഷിതപ്രവർത്തനങ്ങളെ ആധികാരികമായി സമർഥിക്കുന്ന വസ്തുതാപരമായ പഠനങ്ങൾ ഉൾപ്പെട്ട രചന സഭാസ്നേഹികൾക്ക് എക്കാലവും മുതൽക്കൂട്ടായിരിക്കും.