പത്രപ്രവർത്തകനും പംക്തീകാരനും എഴുത്തുകാരനും നിയമനിർമാണസഭാ സമാജികനുമൊക്കെയായി കേരളീയ പൊതുസമൂഹത്തിൽ സ്വന്തമായി ഒരിടം സ്ഥാപിച്ച വ്യക്തിയാണ് സെബാസ്റ്റ്യൻ പോൾ. 1992 ഡിസംബർ മുതൽ 1993 ഡിസംബർ വരെയുള്ള ഒരുവർഷക്കാലം അദ്ദേഹം കേരള ടൈംസ് ദിനപത്രത്തിന്റെ മുഖപ്രസംഗം എഴുത്തുകാരനുമായിരുന്നു. അക്കാലത്തെ മുഖപ്രസംഗങ്ങളുടെ സമാഹാരമാണ് ‘എന്റെ മുഖപ്രസംഗങ്ങൾ’ എന്നു പേരിട്ടു പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം.
സെബാസ്റ്റ്യൻ പോൾതന്നെ രചിച്ചിരിക്കുന്ന എഡിറ്റോറിയൽ പത്രാധിപരുടെ സുവിശേഷം എന്ന 13 പേജുള്ള പ്രബന്ധമാണ് പുസ്തകത്തിലേക്കുള്ള പ്രവേശിക. മുഖപ്രസംഗം എഴുതുന്നവർക്കു മാത്രമല്ല വായനക്കാർക്കും പ്രയോജനപ്രദമായ ഈ ലേഖനം കൗതുകകരമായ നിരവധി നുറുങ്ങുവിശേഷങ്ങൾകൂടി ഉൾക്കൊള്ളുന്നതാണ്. ദിനംപ്രതി രണ്ടു മുഖപ്രസംഗങ്ങൾ എന്നതായിരുന്നു കേരള ടൈംസിൽ സെബാസ്റ്റ്യൻ പോൾ അവലംബിച്ച രീതി. അവയിൽനിന്ന് 208 എണ്ണം മാത്രം സമാഹരിച്ചാണ് ഈ വാല്യത്തിൽ നിബന്ധിച്ചിരിക്കുന്നത്. ആ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം ആമുഖലേഖനത്തിൽ വിശദമാക്കിയിരിക്കുന്നു.
മുഖപ്രസംഗത്തിന്റെ ഇതര സവിശേഷതകൾ ഗ്രന്ഥകർത്താവ് തൃപ്തികരമായി അവതരിപ്പിച്ചിട്ടുണ്ട്. പത്രത്തിന്റെ നിലപാടാണ് മുഖപ്രസംഗത്തിലൂടെ പുറത്തുവരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പുറത്തിറങ്ങിയ പല മുഖപ്രസംഗങ്ങളും ആണും പെണ്ണുമല്ലാത്തവ ആയിരുന്നെന്ന് അദ്ദേഹം വിമർശിക്കുന്നു. നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് സംസാരിക്കാൻ ഒരു പത്രാധിപർക്കു കഴിയണമെങ്കിൽ പത്രമുടമസ്ഥനും മനസുവയ്ക്കണം.
ഉടമസ്ഥന്റെ നട്ടെല്ലാണ് പത്രാധിപരുടെ കരുത്ത് എന്ന് ഗ്രന്ഥകർത്താവ് പ്രഖ്യാപിക്കുന്നുണ്ട്. വ്യത്യസ്ത നിലപാടുകളിൽ അടിയുറച്ചുനിൽക്കുന്ന പത്രമുടമയും പത്രാധിപരും സംഘർഷത്തിലേക്കു നീങ്ങാൻ സാധ്യത ഏറെയാണ്. പല പത്രാധിപന്മാർ പുറത്താകാനും മറ്റു പലരും അകത്താകാനും കാരണമാകുന്ന തരത്തിൽ വളർന്ന ഇത്തരം സംഘർഷങ്ങൾ ചരിത്രത്തിൽ സുലഭമാണ്. ചില ഉദാഹരണങ്ങൾ സെബാസ്റ്റ്യൻ പോൾ നൽകുന്നുമുണ്ട്.
എഡിറ്റോറിയലുകൾ ഇന്നത്തെ സ്ഥാനത്ത് സ്ഥിരമായി പ്രതിഷ്ഠിതമാകുന്നത് ഏറെ അലച്ചിലുകൾക്കൊടുവിലാണ്. അവകൊണ്ട് ഒന്നാംപേജ് നിറച്ചവരും തുടർമുഖപ്രസംഗങ്ങൾ എഴുതിയവരും ഉണ്ട്. ഒന്നാംപേജിൽ പത്രാധിപർ പേരുവച്ച് മുഖപ്രസംഗങ്ങൾ എഴുതുന്ന ശൈലി സുപ്രധാന ദിവസങ്ങളിലേക്കു മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നീതിന്യായ ചരിത്രത്തിൽ വഴിത്തിരിവുകൾക്ക് കാരണമായിട്ടുണ്ട് ചില മുഖപ്രസംഗങ്ങൾ.
മുഖപ്രസംഗങ്ങൾ ചരിത്രരേഖകളാണ്. കാലത്തിനുനേരേ പിടിച്ച കണ്ണാടി. പത്രത്തിന്റെ നിലപാടു മാത്രമല്ല, പത്രവായനക്കാരുടെയും പൊതുസമൂഹത്തിന്റെയും ആശയാഭിലാഷങ്ങൾകൂടി മുഖപ്രസംഗങ്ങൾ പ്രതിഫലിപ്പിക്കും. ഒരു വിഷയത്തിന്റെ സമകാലിക പ്രാധാന്യം മാത്രമല്ല, ഭാവിയിൽ ഉണ്ടായേക്കാവുന്ന അതിന്റെ അനുരണനങ്ങൾകൂടി മനോദൃഷ്ടിയിൽ കാണുന്ന ദീർഘദർശിയാകണം പത്രാധിപർ.
അവരുടെ ദീർഘദർശനങ്ങളുടെ ഫലപ്രാപ്തിയും പത്രങ്ങളിൽത്തന്നെ വായിക്കുകയുമാവാം!
തൊണ്ണൂറുകളുടെ ആദ്യവർഷങ്ങൾ ലോകചരിത്രത്തിൽത്തന്നെ സുപ്രധാനമായ മാറ്റങ്ങൾക്കു സാക്ഷ്യംവഹിച്ച കാലഘട്ടമാണ്. സോവ്യറ്റ് സാമ്രാജ്യത്തിന്റെ പതനവും അതേത്തുടർന്നുണ്ടായ പുതിയ ലോകക്രമവും തൊണ്ണൂറുകളിലെ സംഭവവികാസങ്ങളാണ്.
ഇക്കാലഘട്ടത്തിൽ ഇന്ത്യയിലും ചരിത്രപ്രാധാന്യമുള്ള നിരവധി സംഭവവികാസങ്ങളുണ്ടായി. അതിൽ ഏറ്റവും ശ്രദ്ധേയം ബാബറി മസ്ജിദിന്റെ നശീകരണംതന്നെ. തുടർന്നു രാജ്യത്തുണ്ടായ വർഗീയധ്രുവീകരണവും ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായ അരക്ഷിതത്വബോധവും ഇപ്പോഴും അവസാനിച്ചിട്ടില്ല. അതുപോലെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും അനുരണനങ്ങളുയർത്തിയ നിരവധി സംഭവവികാസങ്ങൾ.
അവയെക്കുറിച്ചെല്ലാം പത്രാധിപരായ സെബാസ്റ്റ്യൻ പോളിനു പറയാനുള്ളവയാണ് ഈ മുഖപ്രസംഗങ്ങളിൽ ഉള്ളത്. ഒരു ചരിത്രവിദ്യാർഥിയുടെ ഗവേഷണത്വരയും സാമൂഹ്യനിരീക്ഷകന്റെ ഉൾക്കാഴ്ചകളും ഒരുപോലെ പ്രകാശിതമാകുന്നവ. സാമൂഹ്യ പരിണാമത്തിന്റെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്നവ.
പുസ്തകത്തിന്റെ അവസാനം ചേർത്തിരിക്കുന്ന ഇംഗ്ലീഷിലുള്ള മൂന്ന് അനുബന്ധ മുഖപ്രസംഗങ്ങൾ യഥാർഥ മുഖപ്രസംഗങ്ങളുടെ ശക്തിയും വികാരതീവ്രതയും തീഷ്ണതയും പ്രകടിപ്പിക്കുന്നവയാണ്. അവ മഹാത്മാഗാന്ധിയുടെ മരണത്തെത്തുടർന്ന് പോത്തൻ ജോസഫ് ഇന്ത്യൻ എക്സ്പ്രസിലും ജവഹർലാൽ നെഹ്റുവിന്റെ നിര്യാണത്തെക്കുറിച്ച് ഫ്രാങ്ക് മൊറൈയ്സ് ഇന്ത്യൻ എക്സ്പ്രസിലും ഇന്ത്യൻ പാർലമെന്റ് സിക്കിമിനെ ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമായി അംഗീകരിച്ചതിനെത്തുടർന്ന് ബി.ജി. വർഗീസ് ഹിന്ദുസ്ഥാൻ ടൈംസിലും എഴുതിയ മുഖപ്രസംഗങ്ങളാണ്.
ഉജ്ജ്വലമായ ഇംഗ്ലീഷ് ശൈലിയുടെയും നിശിതമായ സാമൂഹ്യ ദർശനത്തിന്റെയും ഉത്തമോദാഹരണങ്ങളായ ഇവ മികച്ച വായനാനുഭവം തരുന്നു. ദീപികയുടെ ദിർഘകാല ബന്ധുകൂടിയായ സെബാസ്റ്റ്യൻ പോളിന് അഭിനന്ദനങ്ങൾ.