കാരൂർ സോമന്‍റെ ഇംഗ്ലീഷ് നോവൽ "ദി ഡോവ് ആൻഡ് ഡെവിൾ' പ്രകാശനം ചെയ്തു
Thursday, March 23, 2023 6:12 PM IST
മാവേലിക്കര : സാഹിത്യ സംകാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യമായ ചാരുംമൂട് റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സെമിനാർ, പുസ്തക പ്രകാശനം, ഗസൽ സന്ധ്യ മാർച്ച് 18 ന് ലൈബ്രറി പ്രസിഡന്‍റ് സുജിത്തു കുമാർ. പി യുടെ അധ്യക്ഷതയിൽ എഴുത്തുകാരൻ, മുൻ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റുട്ട് ഡയറക്ടർ ഡോ.പോൾ മണലിൽ ഉദ്ഘാടനം ചെയ്തു.

കാരൂർ സോമന്‍റെ ഇംഗ്ലീഷ് നോവൽ "ദി ഡോവ് ആൻഡ് ഡെവിൾ" (പ്രസാധകർ പ്രഭാത് ബുക്ക്സ്, കെ.പി. ആമസോൺ ഇന്‍റർനാഷണൽ പബ്ലിക്കേഷൻ) കവയത്രി ഡോ.സിന്ധു ഹരികുമാറിനും, "കണ്ണുണ്ടയാൽ പോരാ കാണണം" ലേഖന സമാഹാരം (കെ.പി. ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ) റീഡേഴ്സ് ക്ലബ് രക്ഷാധികാരി അഡ്വ.സുധിർഖാനും, "സർദാർ പട്ടേൽ ജീവചരിത്രം" (പ്രഭാത് ബുക്ക്സ്, കെ.പി.ആമസോൺ ഇന്റർനാഷണൽ ജഗദീശ് കരിമുളക്കലിനും നൽകി പ്രകാശനം ചെയ്തു.

ലോക റെക്കോർഡ് ജേതാവായ (യൂ.ആർ.എഫ്) കാരൂർ സോമൻ പ്രവാസ സാഹിത്യത്തിൽ മലയാള ഭാഷക്ക് നൽകുന്ന സേവനം അഭിനന്ദനം അർഹിക്കുന്നു. പത്തിലധികം രംഗങ്ങളിൽ അറുപത്തിനാല് മലയാളം ഇംഗ്ലീഷ് പുസ്തകങ്ങൾ, അറുപത്തിയേഴ്‌ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു് നൽകുന്ന യാത്ര വിവരണങ്ങൾ സാധാരണ മലയാളി എഴുത്തുകാരന് സ്വപ്നം കാണാൻ സാധിക്കുന്ന കാര്യമല്ല. സർഗ്ഗ പ്രതിഭകൾ അറിവ് മാത്രമല്ല അനുഭവ സമ്പത്തുള്ളവരാകണം. കാരൂർ ലോക സഞ്ചരികുടിയായതിനാൽ മലയാള സാഹിത്യത്തിലെ വിശ്വ പൗരനെന്ന് ഡോ.പോൾ മണലിൽ വിശേഷിപ്പിച്ചു.


സാഹിത്യ സെമിനാറിൽ "സ്വദേശ വിദേശ സാഹിത്യം" എന്ന വിഷയത്തിൽ ഡോ.മുഞ്ഞിനാട് പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. പുസ്തക പരിചയം ജഗദിശ് കരിമുളക്കൽ നിർവഹിച്ചു.

കാരൂർ സോമന് ആശംസകൾ നേർന്നുകൊണ്ട് കവി കിടങ്ങറ ശ്രീവത്സൻ. എഴുത്തുകാരൻ അഡ്വ.പാവുമ്പ സഹദേവൻ, കലാഗ്രാമം ഡയറക്ടർ ഭരണിക്കാവ് രാധാകൃഷ്‌ണൻ, എഴുത്തുകാരി ശാരദ കറ്റാനം സംസാരിച്ചു. സ്കൂൾ കുട്ടികൾക്ക് കാരൂർ സോമൻ, ക്ലബ് ഭാരവാഹികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആർ.രാജേഷ് (റീഡേഴ്സ് ക്ലബ് സെക്രട്ടറി) സ്വാഗതവും, റീഡേഴ്സ് ക്ലബ് വൈസ് പ്രസിഡന്റ് പി.കെ.ഗോപാലൻ നന്ദിയും രേഖപ്പെടുത്തി. സുപ്രസിദ്ധ ഗസൽ ഗായകൻ റജി.ആർ.കൃഷ്ണയുടെ ഗസൽ സന്ധ്യ സന്ധ്യാകാശത്തിന്റെ ചാരുതയിൽ പ്രേക്ഷകർക്ക് അളവറ്റ ആഹ്‌ളാദം നൽകി.