വിയന്നയില് മലയാളി വൈദിക ചിത്രപ്രദര്ശനം സമാപിച്ചു
വിയന്ന: ‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്കിയ ഫാ. ഷൈജു മാത്യുവിന്റെ ചിത്ര പ്രദർശനം സമാപിച്ചു. ഓസ്ട്രിയയിലെ മാര് ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര് കൂടിയായ ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒഐസി വരച്ച ചിത്രങ്ങളുടെ പ്രദര്ശന ഉദ്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന് ഡോ. ഫ്രാന്സ് ഷാര്ലാണ് നിര്വഹിച്ചത്.
ഓസ്ട്രിയൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു. ചടങ്ങില് ഡോ.ഗ്രേഗോര് ജാന്സണ്, ചിത്രകാരന് ജോണ്സന് പള്ളിക്കുന്നേല്, റമ്പാന് ജോഷി വെട്ടികാട്ടില്, സി.ഡോറിസ് എസ്ആര്എ തുടങ്ങിയവര് പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തില് സി. നോയേല് മംഗലത്ത് എസ്ആര്എ ഭരതനാട്യം അവതരിപ്പിച്ചു. വിയന്നയില് ആദ്യമായാണ് ഒരു മലയാളി വൈദികന്റെ ചിത്ര പ്രദര്ശനം സംഘടിപ്പിക്കുന്നത്.
ആക്രിലിക്, അക്വറല് നിറങ്ങള് ഉപയോഗിച്ച് വരച്ചിരിക്കുന്ന ചിത്രങ്ങളാണ് കൂടുതലും. ലബനനിലെ കവിയായ ഖലിൽ ജിബ്രന്റെ കവിതയെ ആസ്പദമാക്കി വരച്ച "മഹാ സമുദ്രം-എവിടെ ഞാൻ ഒളിക്കും', ഉംസുഗ്, നിറവ്, നസ്രത്തിലെ കുടുംബം, കാവാലയം, ഫ്ലൂയിട്, സാർട്ട്, എന്നീ ചിത്രങ്ങൾ ശ്രദ്ധനേടി.
വിയന്നയുടെ മനോഹരമായ ഭൂപ്രകൃതി, നഗരദൃശ്യങ്ങൾ അടങ്ങിയ ജലച്ചായ ചിത്രങ്ങൾ പ്രദർശനത്തെ വൈവിധ്യമാക്കി. സന്ദർശകർക്കും പ്രോത്സാഹനം നൽകിയവർക്കും ഫാ. ഷൈജു മാത്യു നന്ദി അറിയിച്ചു.
ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ പിതാവ് എം.ഗോപാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: ജര്മനിയിലെ ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ (മ്യൂണിക്) പിതാവ് അരുവിക്കര രോഹിണി വാര്യം വിളാകത്തില് എം.ഗോപാലകൃഷ്ണന് (74) അന്തരിച്ചു. സംസ്കാരം നടത്തി,
കെഎസ്ഇബി മുൻ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ദീര്ഘകാലം സിപിഐയുടെ അരുവിക്കര ലോക്കല് കമ്മിറ്റി സെക്രട്ടറിയായും അരുവിക്കര ഫാര്മേഴ്സ് ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും പ്രവര്ത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധമ്മ .ജി, മറ്റുമക്കള്: രാജീവ് കൃഷ്ണന്, ലക്ഷ്മി. മരുമക്കള്: കീര്ത്തി കൃഷ്ണ(മ്യൂണിക്), സിജ ബി .ജി, സുജിത് കുമാര്.
കാർലോ അക്കുത്തിസ് വിശുദ്ധപദവിയിലേക്ക്
വത്തിക്കാൻ സിറ്റി: കംപ്യൂട്ടർ വൈദഗ്ധ്യം വിശ്വാസപ്രഘോഷണത്തിന് ഉപയോഗിച്ച ഇറ്റാലിയൻ ബാലൻ കാർലോ അക്കുത്തിസിനെ (15) വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു.
അടുത്തവർഷം ഏപ്രിൽ 25നും 27നും ഇടയിലായിരിക്കും നാമകരണച്ചടങ്ങുകളെന്ന് ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച പ്രതിവാര പൊതുദർശന പരിപാടിക്കിടെ അറിയിച്ചു.
പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയർജോർജോ ഫ്രസാത്തിയെ (1901-1925) ജൂലൈ 28നും ഓഗസ്റ്റിനു മൂന്നിനും ഇടയിൽ വിശുദ്ധനായി നാമകരണം ചെയ്യും.
മില്ലേനിയൽ തലമുറയിൽനിന്നു വിശുദ്ധപദവിയിലേക്ക് ഉയരുന്ന ആദ്യയാളാണ് കാർലോ അക്കുത്തിസ്. 1991 മേയ് മൂന്നിന് സന്പന്ന ഇറ്റാലിയൻ ദന്പതികളുടെ മകനായി ലണ്ടനിൽ ജനിച്ച കാർലോ 2006 ഒക്ടോബർ 12ന് ഇറ്റലിയിലെ മോൻസയിൽ രക്താർബുദം ബാധിച്ചു മരിക്കുകയായിരുന്നു.
കംപ്യൂട്ടർ പ്രോഗ്രാമിംഗും വീഡിയോ ഗെയിമിംഗും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലൻ ദിവ്യകാരുണ്യത്തെ സ്വർഗത്തിലേക്കുള്ള പാതയായി കരുതി.
പതിനാലാം വയസിൽ ദിവ്യകാരുണ്യ അദ്ഭുതങ്ങളും പരിശുദ്ധ കന്യാമാതാവിന്റെ പ്രത്യക്ഷപ്പെടലുകളും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് തയാറാക്കി. 2020ൽ ഫ്രാൻസിസ് മാർപാപ്പ കാർലോയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു.
ഫെബ്രുവരി മൂന്നിന് ബാലാവകാശ സമ്മേളനം വിളിക്കുമെന്ന് മാർപാപ്പ
വത്തിക്കാന്: 2025 ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേർക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ബുധനാഴ്ച നടന്ന പൊതുസന്പർക്ക പരിപാടിക്കിടെയായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം.
"സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്ന് മാർപാപ്പ പറഞ്ഞു.
കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള അന്ത്രാഷ്ട്ര ദിനമായിരുന്നു ബുധനാഴ്ച. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബർ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്.
സെന്റ് എജീഡിയോയിൽനിന്നുള്ള 100 കുട്ടികളുമായി മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ നടന്ന പൊതുസന്പർക്ക പരിപാടിക്കിടയിൽ കൂടിക്കാഴ്ച നടത്തി. ബാലാവകാശ ലോകസമ്മളനം വിളിച്ചുചേർക്കുമെന്ന പ്രഖ്യാപനം മാർപാപ്പ നടത്തിയയുടന് കുട്ടികൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
യുക്രെയ്ന് വിദ്യാർഥിയുടെ കത്തു വായിച്ച് മാർപാപ്പ
വത്തിക്കാൻ: റഷ്യ-യുക്രെയ്ന് യുദ്ധം ആയിരം ദിവസം പിന്നിട്ടതിനെ അനുസ്മരിച്ച് യുക്രെയ്നിൽനിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്തു വായിച്ച് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച നടന്ന പൊതുസന്പർക്ക പരിപാടിയുടെ അവസാനമാണ് മാർപാപ്പ കത്തു വായിച്ചത്.
"സഹനത്തിന്റെ ആയിരം ദിനങ്ങളെക്കുറിച്ച് പറയുന്പോൾ ഞങ്ങളുടെ സ്നേഹത്തിന്റെ ആയിരം ദിനങ്ങളെക്കുറിച്ചുകൂടി' അങ്ങു പറയുമോ എന്ന് വിദ്യാർഥി കത്തിലൂടെ മാർപാപ്പയോട് ആവശ്യപ്പെട്ടു.
യുദ്ധം തുടങ്ങിയതിന്റെ ആയിരം ദിനത്തിന് രണ്ടു ദിവസം മുന്പ് യുക്രെയ്നിൽനിന്ന് ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയുടെ കത്ത് ലഭിച്ചുവെന്നു പറഞ്ഞാണ് മാർപാപ്പ വായിച്ചത്.
യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഭാര്യ ഒലിന സെലന്സ്കിയും പൊതുസന്പർക്ക പരിപാടിയിൽ പങ്കെടുത്തു.""മാനവികയ്ക്കെതിരേയുള്ള നാണംകെട്ട ദുരന്തം'' എന്നാണ് മാർപാപ്പ യുക്രെയ്ന് യുദ്ധത്തെ വിശേഷിപ്പിച്ചത്.
യുവത്വവും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി സമീക്ഷ ഏരിയ കമ്മിറ്റികൾ; ദേശീയ സമ്മേളനം 30ന്
ബിർമിംഗ്ഹാം: സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേളനങ്ങൾ
പൂർത്തിയായി. വെയിൽസ്, ബിർമിംഗ്ഹാം ഏരിയ സമ്മേളനങ്ങളാണ് ഏറ്റവും ഒടുവിൽ സമാപിച്ചത്.
ഈ മാസം പത്തിന് മാഞ്ചസ്റ്ററിലായിരുന്നു ആദ്യ ഏരിയ സമ്മേളനം. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങൾ സമ്മേളനങ്ങൾ വിലയിരുത്തി. യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും ലഭിച്ച ക്രിയാത്മക നിർദേശങ്ങൾ ചർച്ച ചെയ്തു.
പുതിയ കാലത്തിനൊത്ത് ഭാവി പരിപാടികൾ രൂപപ്പെടുത്തി. പങ്കാളിത്തത്തിൽ മുൻ സമ്മേളനങ്ങളെ കവച്ചുവയ്ക്കുന്നതായിരുന്നു ഇത്തവണത്തേത്. ഓരോ ഏരിയ കമ്മിറ്റികൾക്കും പുതിയ നേതൃത്വം നിലവിൽ വന്നു.
അനുഭവ സമ്പത്തും യുവത്വവും ചേർന്ന കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി. പ്രവർത്തന സൗകര്യത്തിനായി നോർത്തേൺ അയർലൻഡിൽ പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചു. ഇതോടെ നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കമ്മിറ്റികളുടെ എണ്ണം അഞ്ചായി.
മാഞ്ചസ്റ്റർ ഏരിയ സെക്രട്ടറിയായി ഷിബിൻ കാച്ചപ്പള്ളിയേയും ജോയിന്റ് സെക്രട്ടറിയായി സ്വരൂപ് കൃഷ്ണനെയും തെരഞ്ഞെടുത്തു. ആതിര രാമകൃഷ്ണനാണ് നോർത്തേൺ അയർലൻഡ് ഏരിയ സെക്രട്ടറി. രഞ്ജു രാജുവാണ് ജോയിന്റ് സെക്രട്ടറി.
ലണ്ടൻ ഏരിയ സെക്രട്ടറിയായി അൽമിഹറാജും ജോയിന്റ് സെക്രട്ടറിയായി അജീഷ് ഗണപതിയാടനും ലണ്ടൻ ഏരിയ കമ്മിറ്റിയെ നയിക്കും. വെയിൽസ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി അഖിൽ ശശിയും ജോയിന്റ് സെക്രട്ടറിയായി ഐശ്വര്യ നിഖിലും ചുമതലയേറ്റു.
മണികണ്ഠൻ കുമാരനും ഏരിയ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി ബിപിൻ ഫിലിപ്പുമാണ് ന കമ്മിറ്റിയുടെ പുതിയ നേതൃത്വം. ഈ മാസം 30ന് ബിർമിംഗ്ഹാമിലെ ഹോളി നെയിം പാരിഷ് സെന്റർ ഹാളിലാണ് ഏഴാമത് സമീക്ഷ യുകെ ദേശീയ സമ്മേളനം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ലണ്ടൻ റീജിയണൽ ബൈബിൾ കൺവൻഷൻ ഡിസംബർ 21ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ 21ന് ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതും എപ്പാർക്കി പാസ്റ്ററൽ കോഓർഡിനേറ്റർ റവ.ഡോ. ടോം ഓലിക്കരോട്ട് ബൈബിൾ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രന്റ് കമ്മീഷൻ ഡയറക്ടറും ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് തിരുവചന സന്ദേശം പങ്കുവയ്ക്കുകയും സഹകാർമികത്വം വഹിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര് ആന് മരിയ എസ്എച്ച് വിശുദ്ധഗ്രന്ഥ സന്ദേശങ്ങള് പങ്കുവയ്ക്കുകയും സ്പിരിച്ച്വൽ ഷെയറിംഗിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക് മുന്നൊരുക്കമായി നടത്തപ്പെടുന്ന അനുഗ്രഹദായകമായ തിരുക്കർമങ്ങളിലും തിരുവചന ശുശ്രുഷയിലും ആരാധനയിലും പങ്കുചേർന്ന് ദൈവീക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ രൂപതാ കോഓർഡിനേറ്റർ മനോജ് തയ്യിൽ, ലണ്ടൻ റീജിയണൽ കോഓർഡിനേറ്റർ മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
ബൈബിൾ കൺവൻഷനിൽ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ നടത്തും.
കൂടുതല് വിവരങ്ങള്ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.
December 21st Saturday 9:00 - 16:00 PM. Venue: SIR WALTER RAYLEIGH DRIVE, RAYLEIGH, SS6 9BZ.
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ പൊതുസമ്മേളനം റോമിൽ നടന്നു
റോം: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ അഞ്ചാമത് പൊതുസമ്മേളനം ജാനറ്റ് നഗർ വിയ ഔറേലിയയിൽ വച്ചു നടത്തി. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവായ എഡ്ഗർ ഗലിയാനോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൊതുസമ്മേളനത്തിൽ ചെയർമാൻ സാബു സക്കറിയ അധ്യക്ഷനായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി സി.ഐ. നിയാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പതാക ഉയർത്തി കഴിഞ്ഞ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു.
പ്രതിനിധി സമ്മേളനം സീനിയർ നേതാവും കോഓർഡിനേറ്ററുമായ കലേഷ് കുമുള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും സാമ്പത്തിക റിപ്പോർട്ട് ഖജാൻജിയും അവതരിപ്പിച്ചു.
തുടർന്ന് വൈസ് ചെയർമാൻ സന്തോഷ് കൂമുള്ളി രക്തസാക്ഷി പ്രമേയവും സെക്രട്ടറി ബിന്ദു വയനാട് അനുശോചനപ്രമേയവും അവതരിച്ചു. പുതിയ വർഷത്തിലേക്കുള്ള ഭാരവാഹികളെ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
25 അംഗ സെന്റർ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി ബിന്ദു വയനാടിനെയും ചെയർമാനായി ടി.പി. സുരേഷിനെയും ഖജാൻജിയായി ശരത് ഇരിഞ്ഞാലക്കുടയും തെരഞ്ഞെടുത്തു. യുദ്ധങ്ങൾക്കെതിരേയും വർഗീയതയ്ക്കെതിരേയും പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയും പ്രമേയങ്ങൾ അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ നൈനാൻ ചെറിയാൻ സ്വാഗതം പറയുകയും കൺവീനർ ജീമോൻ അമ്പഴക്കാട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ എംവെെഎഫ്ഐ സെക്രട്ടറി സുനിൽ വയനാട്, വോയിസ് ഓഫ് വുമൺ പ്രസിഡന്റ് അനിത ബോണി, നാടൻ പാട്ട് സംഘത്തിന്റെ കോഓർഡിനേറ്റർ സന്തോഷ് കുമ്മുള്ളി കോഓർഡിനേറ്റർ ജോസ് പൂന്തുറ എന്നിവർ ആശംസകൾ അർപ്പിച്ചു.
മൂന്നാം ലോകമഹായുദ്ധം അടുത്തെത്തി! മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
ലണ്ടൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയും ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ.
സ്വീഡൻ, നോർവെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ജനങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആഗോളതലത്തിൽ യുദ്ധഭീഷണി നിലനിൽക്കവേ രാജ്യത്തെ ജനങ്ങളോട് സുരക്ഷിതമായ ഇടം കണ്ടെത്തണമെന്നു ലഘുലേഖകളിലൂടെ സ്വീഡൻ അറിയിച്ചു.
യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങൾ കരുതണമെന്നാണ് നോർവെ അറിയിച്ചിരിക്കുന്നത്. ഡെൻമാർക്ക് ഇതിനോടകംതന്നെ പൗരന്മാർക്ക് റേഷൻ, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കാൻ ഇമെയിലുകൾ അയച്ചിട്ടുണ്ട്.
പ്രതിസന്ധികളെ നേരിടാൻ തയാറെടുക്കണമെന്നാണു ഫിൻലൻഡിന്റെ മുന്നറിയിപ്പ്. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധത്തിന് തയാറാകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
‘സർവേശ’ അന്തർദേശീയ ആത്മീയ സംഗീത ആൽബം മാർപാപ്പ പ്രകാശനം ചെയ്തു
വത്തിക്കാന് സിറ്റി: തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ബാനറിൽ പാടും പാതിരി റവ. ഡോ. പോൾ പൂവത്തിങ്കലും മൂന്നു തവണ ഗ്രാമി അവാർഡിൽ പങ്കാളിയായ വയലിൻ വാദകൻ മനോജ് ജോർജും ചേർന്ന് സംഗീതം നൽകി കെ.ജെ. യേശുദാസും ഫാ. പോളും 100 വൈദികരും 100 കന്യാസ്ത്രീകളും ചേർന്ന് ആലപിച്ച ആത്മീയ സംഗീത ആല്ബം ‘സര്വേശ’ ഫ്രാന്സിസ് മാര്പാപ്പ പ്രകാശനം ചെയ്തു.
വത്തിക്കാനിലെ അന്താരാഷ്ട്ര കോണ്ഫറന്സില് സംഗീത സംവിധായകരായ ഫാ. പോള് പൂവത്തിങ്കലും മനോജ് ജോര്ജും ചേര്ന്നു സമര്പ്പിച്ച ഫലകത്തില് ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്സിസ് മാര്പാപ്പ പ്രകാശന കര്മം നിര്വഹിച്ചത്. ആദ്യമായാണ് ഇന്ത്യന് സംഗീത ആല്ബം ഫ്രാന്സിസ് മാര്പാപ്പ പ്രകാശനം ചെയ്യുന്നത്.
മണ്മറഞ്ഞ സംസ്കൃത പണ്ഡിതന് പ്രഫ. പി.സി. ദേവസ്യ രചിച്ച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ ‘സ്വര്ഗസ്ഥനായ പിതാവേ’ എന്ന സംസ്കൃത ഗീതമാണ് ആല്ബമാക്കിയത്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ്' ഡിസംബർ ഏഴിന് ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ്' ഡിസംബർ ഏഴിന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും.
രൂപതയിലെ വിവിധ ഇടവക/ മിഷൻ/ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഈ മാസം 30നാണ് .
മുൻ വർഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ലഭിക്കും. രാവിലെ 11ന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറിന് തീരുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.
വിജയികളാകുന്നവർക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റവ. ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ - 074241 65013, ജോമോൻ മാമ്മൂട്ടിൽ - 079304 31445.
ഡബ്ല്യുഎംഎ റമ്മി ടൂർണമെന്റ്: ജിസൻ ദേവസി ഒന്നാമത്
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആദ്യ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിൽ ജിസൻ ദേവസി (കോർക്ക്) ഒന്നാമതായി.
വാട്ടർഫോർഡിൽ നടന്ന ടൂർണമെന്റിൽ രണ്ടാം സമ്മാനം അനൂപ് ജോൺ (വാട്ടർഫോർഡ്), മൂന്നാം സമ്മാനം ബൈജു റോക്കി (ഡബ്ലിൻ) എന്നിവരും നേടി.
മികച്ച പ്രകടനത്തിനും മത്സര മനോഭാവത്തിനും ചാമ്പ്യൻമാർക്കും മത്സരാർഥികൾക്കും ഹൃദയം നിറഞ്ഞ നന്ദി നേരുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: പാവപ്പെട്ടവരുടെ ലോക ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പാവങ്ങൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ ഉച്ചഭക്ഷണം കഴിച്ചു. ഭിക്ഷാടകരുൾപ്പെടെ 1300ഓളം പാവപ്പെട്ടവരായ ആളുകളാണ് വത്തിക്കാനിൽ ഒരുമിച്ചുകൂടിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇവർക്കായി മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് പോൾ ആറാമൻ ഹാളിൽ എല്ലാവർക്കുമായി ഇറ്റലിയിലെ റെഡ് ക്രോസ് അംഗങ്ങൾ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ പങ്കെടുക്കുകയും ചെയ്തു.
പങ്കെടുത്തവരോട് മാർപാപ്പ കുശലാന്വേഷണം നടത്തി. സിനഡൽ അസംബ്ലിയെ അനുസ്മരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള മേശകൾക്ക് ചുറ്റുമുള്ള കസേരകളിലാണ് ക്ഷണിക്കപ്പെട്ട 1300 പേർ ഇരുന്നത്.
ഇവരുടെ മധ്യത്തിൽ ഇരുന്ന മാർപാപ്പ ഭക്ഷണം ആശീർവദിച്ചതോടെ വിരുന്നിനു തുടക്കമായി. വിരുന്നിനിടെ റെഡ് ക്രോസ് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
മാർപാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ ക്രാജേവ്സ്കിയും ഭക്ഷണം വിളമ്പാൻ സന്നദ്ധപ്രവർത്തകരോടൊപ്പം ഉണ്ടായിരുന്നു.
വിൻസെന്റ് ഡി പോൾ സമൂഹം നൽകിയ ഭക്ഷണവും വ്യക്തിഗത ശുചിത്വ സാമഗ്രികളും അടങ്ങിയ സമ്മാനങ്ങൾ പങ്കെടുത്തവർക്ക് നൽകി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം: ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന് ഓവറോൾ കിരീടം
സ്കന്തോർപ്പ്: ദൈവവചനത്തെ ആഘോഷിക്കാനും പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്കന്തോർപ്പിൽ ഒരുമിച്ച് കൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നും സജീവമായ ഒരു ക്രൈസ്തവ സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹായകമാക്കുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.
രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവം ഇംഗ്ലണ്ടിലെ സ്കൻതോർപ്പ് ഫ്രഡറിക് ഗോവ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതയുടെ പന്ത്രണ്ടു റീജണുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്.
രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ കരസ്ഥമാക്കി. രണ്ടാം സ്ഥാനം കേംബ്രിഡ്ജ് റീജിയണിനും മൂന്നാം സ്ഥാനം ബിർമിംഗ് ഹാം കാന്റർബറി റീജിയണും കരസ്ഥമാക്കി കലോത്സവത്തിൽ മുൻ നിരയിലെത്തി.
യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഏതാണ്ട് അയ്യായിരത്തോളം പേർ ഒന്ന് ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്, പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫീസർ ഫാ. ജോ മൂലച്ചേരി വിസി, ഫാ. ഫാൻസ്വാ പത്തിൽ, ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ, ഫാ. ജോജോ പ്ലാപ്പള്ളിൽ സിഎംഐ,
ഫാ. ജോസഫ് പിണക്കാട്, ബൈബിൾ കലോത്സവം കോഓർഡിനേറ്റർ ആന്റമി മാത്യു, ജോയിന്റ് കോഓർഡിനേറ്റേഴ്സുമാരായ ജോൺ കുര്യൻ, മർഫി തോമസ്, ബൈബിൾ കലോത്സവം ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ, രൂപതയിലെ വിവിധ റീജണുകളിൽ നിന്നുള്ള വൈദികർ, അൽമായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.
ക്രിസ്മസ് രാവുകളെ വരവേല്ക്കാൻ കോര്ക്കില് മെലോഡിയ 2024
കോര്ക്ക്: ക്രിസ്മസ് രാവുകളേ വരവേല്ക്കാനായി അയര്ലൻഡിലെ കോര്ക്കില് മെലോഡിയ 2024 നടത്തപ്പെടുന്നു. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി കോര്ക്ക് ഹോളിട്രിനിറ്റി ഇന്ത്യന് ഓര്ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില് നടത്തിവന്നിരുന്ന എക്യുമെനിക്കല് കരോള് സന്ധ്യ മെലോഡിയ ഈ പ്രാവശ്യവും വിപുലമായ പ്രോഗ്രാമുകളോട് കൂടി നവംബര് 24ന് ഞായറാഴ്ച നടത്തപ്പെടുന്നു.
നവംബര് 24 ഞായര് ഉച്ചകഴിഞ്ഞ് 3.30 മുതല് കോര്ക്കിലെ ടോഗര് ഫിന്ബാര്സ് ജി എ എ ക്ലബില് നടത്തുന്ന പരിപാടിയില് അയര്ലൻഡിലെ വിവിധ ദേവാലയങ്ങളില് നിന്നും ഇതര സംഘടനകളില് നിന്നുള്ള 12 ടീമുകള് പങ്കെടുക്കും.
കഴിഞ്ഞ വര്ഷങ്ങളില് ഈ പരിപാടി വളരെ വിജയകരമായി നടത്തിയതുപോലെ ഈ വര്ഷവും ഏവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
നെഹ്റുവിയൻ ചിന്തകൾ ആസ്പദമാക്കി ഒഐസിസി യുകെ ചർച്ച സംഘടിപ്പിച്ചു
കവൻട്രി: "ഇന്നത്തെ ഇന്ത്യയിൽ നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഒഐസിസി യുകെ സംഘടിപ്പിച്ച ചർച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കർ, കേംബ്രിഡ്ജ് മേയറും യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ് റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച ചർച്ചാ ക്ലാസുകൾ നയിച്ചത്.
ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ. വർക്കിംഗ് പ്രഡിഡന്റുമാരായ ബേബിക്കുട്ടി ജോർജ് സ്വാഗതവും മണികണ്ഠൻ ഐക്കാട് നന്ദിയും അർപ്പിച്ചു.
വളരെ ഗൗരവമേറിയ വിഷയമെങ്കിലും സരസവും ലളിതവുമായ അവതരണവും ശൈലിയും കൊണ്ട് പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റിയ ചർച്ചയിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കാളികളായി.
ഇരുപ്രഭാഷകരുടേയും 30 മിനിറ്റ് വീതമുള്ള ക്ലാസുകൾക്ക് ശേഷം നടന്ന ചോദ്യോത്തര വേളയും ശ്രോതാക്കളുടെ പങ്കാളിത്തം കൊണ്ട് സജീവമായി.
ജവഹർലാൽ നെഹ്റു അവതരിപ്പിച്ച രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാന ആശയങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകളുമാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം എന്നും ജയശങ്കര് അടിവരയിട്ടു.
ഇംഗ്ലണ്ടിലെ പഠനം വഴി നെഹ്റു ആര്ജ്ജിച്ച പൊതുബോധവും ബ്രിട്ടന് മുറുകെപിടിക്കുന്ന മതേതര മൂല്യവും ആഴത്തിൽ മനസിലാക്കിയ വ്യക്തിത്വം എന്ന നിലയിലാണ് മഹാത്മാ ഗാന്ധി അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് എന്ന വസ്തുതയും അദ്ദേഹം ഉയർത്തിക്കാട്ടി.
നെഹ്റുവിന്റെ ആശയങ്ങളും ചിന്തകളും ഇന്നും കാലികപ്രസക്തമാണെന്നും ഇന്നത്തെ ഇന്ത്യയിൽ ഈ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതും അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത ബൈജു തിട്ടാല പറഞ്ഞു. വഖഫ് വിഷയത്തിൽ ആശങ്കയറിയിച്ച ശ്രോതാക്കൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.
പരിപാടിയിൽ പങ്കെടുത്തവർക്ക് ടിഫിൻബോക്സ് റസ്റ്റോറന്റ് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഇവന്റ്സ് മീഡിയ ചർച്ചയുടെ ലൈവ് സ്ട്രീമിംഗു പ്രക്ഷേപണം ചെയ്യുകയുണ്ടായി.
ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഷ്റഫ് അബ്ദുള്ള, ജോർജ് ജോസഫ്, വിജീ പൈലി, സാബു ജോർജ്, ജോർജ് ജേക്കബ്, അജിത്കുമാർ സി. നായർ, സി. നടരാജൻ, ബേബി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
സ്പെയിനിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; പത്ത് മരണം
മാഡ്രിഡ്: വടക്കുകിഴക്കന് സ്പാനീഷ് നഗരമായ സരഗോസയ്ക്ക് സമീപമുള്ള നഴ്സിംഗ് ഹോമില് ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില് പത്ത് പേര് മരിച്ചു. രണ്ട് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഡിമെന്ഷ്യയും മറ്റ് മാനസിക പ്രശ്നങ്ങളും ഉള്ളവര്ക്കുള്ള നഴ്സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. പുക ശ്വസിച്ചാണ് ആളുകൾ മരിച്ചതെന്നാണ് അധികാരികള് പറയുന്നത്.
പുലര്ച്ചെ അഞ്ചിനാണ് ഒരു മുറിയിൽ തീപിടിത്തമുണ്ടായത്. പിന്നീട് നഴ്സിംഗ് ഹോം മുഴുവൻ പുക പടരുകയായിരുന്നു. തീപിടിത്ത സമയത്ത് 82 താമസക്കാരും രണ്ട് ജീവനക്കാരും കെട്ടിടത്തില് ഉണ്ടായിരുന്നതായി അധികാരികള് അറിയിച്ചു. ഇതില് 25 വയസിന് താഴെയുള്ളവരുമുണ്ട്.
അയർലൻഡിൽ മലയാളി നഴ്സ് സീമ ജെയ്സൺ അന്തരിച്ചു
ഡബ്ലിൻ: കൗണ്ടി ടിപ്പററിയിലെ നീനായിൽ മലയാളി നഴ്സ് തൊടുപുഴ ചിലവു സ്വദേശി സീമ ജയ്സൺ(44) അന്തരിച്ചു. അർബുദബാധയെത്തുടർന്നു ചികിത്സയിലായിരുന്നു.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് നീനാ സെന്റ് മേരീസ് റോസറി ദേവാലയത്തിൽ നടക്കും. അന്നേദിവസം രാവിലെ രാവിലെ 11 മുതൽ 1.30 വരെ നീനാ കേല്ലേഴ്സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.
സീമ നീനാ സെന്റ് കോൺലോൻസ് കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിൽ നഴ്സായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നീനാ കമ്യൂണിറ്റിയുടെ ഭാഗമായിരുന്ന ഇവർ മലയാളികൾക്ക് ഏറെ സുപരിചിതയായിരുന്നു.
കല്ലൂർക്കാട് വട്ടക്കുഴിയിൽ മാത്യുവിന്റെയും മേരിയുടെയും മകളാണ് പരേതയായ സീമ. ഭർത്താവ് ചിലവ് പുളിന്താനത്ത് ജെയ്സൺ ജോസ് (നീനാ ഹോസ്പിറ്റൽ), മക്കൾ ജെഫിൻ, ജ്യുവൽ, ജെറോം. സഹോദരങ്ങൾ ശ്രീജ, ശ്രീരാജ്.
ഗര്ഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഇന്ന് അർമേനിയയിൽ വിതരണം ചെയ്യും
യെരേവാൻ: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്ഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അർമേനിയയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ് ഹോട്ടലിൽ ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
2024ലെ ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായവർ:
- സന്തോഷ് കുമാർ (യുഎഇ)
- രവീന്ദ്ര നാഥ് (ഹരിയാന, ഇന്ത്യ)
- ധനേഷ് നാരായണൻ (അർമേനിയ)
- ഷൈനി ഫ്രാങ്ക് (കുവൈറ്റ്)
മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യുകെ’(എംഎയുകെ) അർഹരായി.
അർമേനിയൻ പാർലമെന്റ് അംഗം ലിലിത്ത് സ്റ്റഫാനിയാൻ, ഇന്ത്യ പാർലമെന്റ് അംഗം സാഗർ ഖന്ധേര എന്നിവർ പുരസ്കാരദാന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാന് ബംഗളൂരു ആസ്ഥാനമായ ഗര്ഷോം ഫൗണ്ടേഷന് 2002 മുതലാണ് ഗര്ഷോം പുരസ്കാരങ്ങള് ഏർപ്പെടുത്തിയത്.
ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, ബഹറിൻ, കുവൈറ്റ്, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.
സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് സംഘടിപ്പിച്ചു
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് സംഘടിപ്പിച്ചു. ഓവൽ കമ്യൂണിറ്റി സെന്ററിലാണ് പരിപാടി നടന്നത്. കാർത്തിക് ഗോപിനാഥ്, ആനി അലോഷ്യസ്, അൻവിൻ കെടാമംഗലം, രാജീവ് രാജശേഖരൻ, ഡോ. രാംകുമാർ ഉണ്ണികൃഷ്ണൻ, സജിത്ത് വർമ, നിധിൻ ശ്രീകുമാർ, ഡോ. ആശ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സർഗം സ്റ്റീവനേജിലെ ഗായകരും യുകെയിൽ വിവിധ വേദികളിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഹെൻട്രിൻ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമൽ, നിസി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയർ ശബ്ദ മാധുര്യം കൊണ്ടും ആലാപന മികവ് കൊണ്ടും സംഗീതനിശയിൽ വർണവിസ്മയം തീർക്കുകയായിരുന്നു.
സജീവ് ദിവാകരൻ ലൈറ്റ് & സൗണ്ടിനു നേതൃത്വം നൽകി. ടെസി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാൻ ജെയിംസ് സംഗീതവേദിയെ കാമറയിൽ ഒപ്പിയെടുത്തു.
സർഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ, പ്രവീൺ തോട്ടത്തിൽ, ചിന്ദുആനന്ദൻ, വിൽസി പ്രിൻസൺ എന്നിവർ സർഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശയ്ക്ക് സംഘാടകത്വം വഹിച്ചു.
ഗായകർക്കുള്ള ഭക്ഷണവും മറ്റും കറി വില്ലേജ് ആണ് സ്പോൺസർ ചെയ്തത്. ബാനർ തയാറാക്കി എത്തിക്കുന്നതിൽ ജോണി കല്ലടാന്തി നേതൃത്വം നൽകി. സർഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന് സമാപനമായി.
ജര്മനിയിലെ ജനന നിരക്കില് റിക്കാർഡ് ഇടിവ്
ബെര്ലിന്: ജര്മനിയിലെ ജനന നിരക്ക് പത്ത് വര്ഷത്തെ ഏറ്റവും താഴ്ന്ന നിലയില്. സമൂഹത്തില് ദീര്ഘകാല പ്രത്യാഘാതങ്ങള്ക്കു കാരണമാകുന്ന പ്രവണതയാണിതെന്ന് ജനസംഖ്യാ വിദഗ്ധര് മുന്നറിയിപ്പ് നല്കുന്നു.
പിന്നീട് ജനന നിരക്ക് വര്ധിച്ചാല് പോലും ഇപ്പോഴത്തെ നിരക്ക് ഇടിവിനെ മറികടക്കാന് സാധിക്കില്ല. ജര്മന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് റിസര്ച്ചിന്റെ(ഇഫോ) കണക്ക് പ്രകാരം ഒരു സ്ത്രീക്ക് 1.35 കുട്ടികള് എന്ന നിലയിലാണ് ഇപ്പോള് രാജ്യത്തെ ജനന നിരക്ക്. 2021 ല് ഇത് 1.58 ആയിരുന്നു.
ജര്മനിയിലെ പടിഞ്ഞാറന് മേഖലകളെ അപേക്ഷിച്ച് കിഴക്കന് മേഖലകളിലാണ് ജനന നിരക്ക് തീരെ കുറഞ്ഞിരിക്കുന്നത്. 2021 മുതല് 2023 വരെ ജര്മനിയിലെ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില് 13 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കിഴക്കന് ജര്മനിയെ മാത്രം കണക്കിലെടുത്താല് 17.5 ശതമാനമാണ് കുറവ്.
2024 ജനുവരി മുതല് ജൂലൈ വരെ 392,000 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 2023ലെ ഇതേ കാലയളവില് ജനിച്ച കുട്ടികളുടെ എണ്ണത്തെക്കാള് മൂന്ന് ശതമാനം കുറവാണിത്.
ജർമനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്ലമെന്റില് തുടക്കമായി
ബെര്ലിന്: ജര്മനിയുടെ പാര്ലമെന്റിന്റെ അധോസഭയായ ബുണ്ടെസ്റ്റാഗിനെ ബുധനാഴ്ച അഭിസംബോധന ചെയ്തുകൊണ്ട് ഡിസംബര് 16ന് വിശ്വാസവോട്ട് വിളിച്ച് പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുമെന്ന് ചാന്സലര് ഷോള്സ് സ്ഥിരീകരിച്ചു. തുടര്ന്ന് ജര്മന് പ്രസിഡന്റ് പാര്ലമെന്റ് പിരിച്ചുവിടും. ഫെബ്രുവരി 23ന് തെരഞ്ഞെടുപ്പ് തീയതിയും നിശ്ചയിച്ചു.
അതേസമയം നികുതി ഇളവ്, സാമ്പത്തിക വികസനം, കുട്ടികളുടെ ആനുകൂല്യം വര്ധിപ്പിക്കല്, ഡോച്ച്ലാന്ഡ്- ടിക്കറ്റ് പ്രതിമാസ പൊതുഗതാഗത പാസിന്റെ വിപുലീകരണം തുടങ്ങിയ വിഷയങ്ങളില് കഴിഞ്ഞയാഴ്ച ഒലാഫ് ഷോള്സിന്റെ സഖ്യം തകര്ന്നതിന് ശേഷം പാര്ലമെന്റില് കുടുങ്ങിയ 100 കരട് നിയമങ്ങളില് നാലെണ്ണം മാത്രമാണ് പാസായത്.
ഫ്രീ ഡെമോക്രാറ്റുകള് (എഫ്ഡിപി) സഖ്യം വിട്ടതിനുശേഷം സോഷ്യല് ഡെമോക്രാറ്റുകള്ക്കും(എസ്പിഡി) ഗ്രീന്സിനും പാര്ലമെന്ററി ഭൂരിപക്ഷമില്ലാത്തതിനാല് ചാന്സലറുടെ സര്ക്കാര് ഇപ്പോള് ഊരാക്കുടുക്കിലാണ്.
ബുണ്ടെസ്റ്റാഗില് സംസാരിച്ച ചാന്സലര് ഒലാഫ് ഷോള്സ് ഫെബ്രുവരി തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി നിയമനിര്മാണം നടത്താന് പ്രതിപക്ഷത്തോട് സഹായം അഭ്യര്ഥിച്ചുവെങ്കിലും യാഥാസ്ഥിതിക സിഡിയു വിമുഖത കാണിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം ഉണ്ടായിരുന്നിട്ടും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബുണ്ടസ്റ്റാഗ് ആദ്യമായി യോഗം ചേരുന്നത് വരെ നിലവിലെ ബുണ്ടസ്റ്റാഗ് അടിസ്ഥാനപരമായി പ്രവര്ത്തിക്കാനും തീരുമാനങ്ങള് എടുക്കാനും പ്രാപ്തമായി തുടരും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്തിന് ശനിയാഴ്ച തിരിതെളിയും
സ്കന്തോർപ്പ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവ മത്സരങ്ങൾ ശനിയാഴ്ച സ്കൻതോർപ്പിലെ ഫ്രഡറിക് ഗൗ സ്കൂളിൽ നടക്കും.
പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങൾ രാവിലെ 8.15ന് രജിസ്ട്രേഷനോടെ ആരംഭിക്കുകയും ഒന്പതിന് നടക്കുന്ന ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിക്കും ചെയ്യും.
ബൈബിൾ പ്രതിഷ്ഠ പ്രദിക്ഷണത്തിൽ പിതാവിനോട് ചേർന്ന് മിഷൻ ലീഗ് കുട്ടികളും വോളന്റീഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകർ എന്നിവരും അണിചേരും.
തുടർന്ന് അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറൽ അച്ചനും പാസ്റ്ററൽ കോഓർഡിനേറ്ററും വൈദികരും സിസ്റേഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരിതെളിക്കും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പത്തു മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് പരമാവധി ചെയ്തിരിക്കുന്നത്.
20ൽ പരം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. സുഗമമായ കാർ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി വോളന്റീഴ്സിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. മത്സരാർഥികളുടെ ചെസ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിംഗ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടതാണ്.
റീജിയണലിൽ നിന്നും നിർദേശിക്കപ്പെട്ടവർ രാവിലെ ഒന്പതിന് മുന്പതന്നെ മത്സരാർഥികളുടെ രജിസ്ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ് നമ്പറുകളും മത്സരാർഥികളോടൊപ്പം എത്തുന്ന മുൻകൂർ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്കുള്ള റിസ്റ്റ് ബാൻഡും മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക.
റിസ്റ്റ്ബാൻഡിൽ കൊടുത്തിരിക്കുന്ന ക്യുആർ കോഡുവഴി മത്സരങ്ങളുടെ ഫലങ്ങൾ അറിയാൻ സാധിക്കും. രാവിലെ എട്ട് മുതൽ ചെയ്ഞ്ചിംഗ് റൂമുകൾ ഉപയോഗിക്കാവുന്നതാണ്.
രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിംഗ് റൂം എന്ന രീതിയിൽ ആറ് ചെയ്ഞ്ചിംഗ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി മൂന്ന് ചെയ്ഞ്ചിംഗ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്.
താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഏഴിന് വോളന്റീഴർസിനായിട്ടുള്ള വിശുദ്ധകുർബാനയും തുടർന്ന് 10നും 12നും ഉച്ചക്കുശേഷം രണ്ടിനും നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
പതിനൊന്നു ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും. ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റിൽ കൂടിയും ഡൈനിംഗ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസ്റ്റ് ബാൻഡിലുള്ള ക്യുആർ കോഡിലും റിസൾട്ടുകൾ ലഭ്യമായിരിക്കും.
മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ കലോത്സവ വേദിയിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്റ്റേജിൽ പ്രദർശിപ്പിക്കുന്നതാണ്. ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദർശിപ്പിക്കും.
5.45 മുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടിന് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.
രാവിലെ എട്ടു മുതൽ ഡൈനിംഗ് ഹാളിൽ പ്രഭാതഭക്ഷണം തയാറായിരിക്കും. വൈകുന്നേരം കലോത്സവം കഴിയുന്നതുവരെ ഭക്ഷണം വാങ്ങുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചന്റെയും പാസ്റ്ററൽ കോഓർഡിനേറ്റർ ടോം ഓലിക്കരോട്ട് അച്ചന്റെയും നേതൃത്വത്തിൽ ജോർജ് എട്ടുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള 12 റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ്.
ജോൺ പുളിന്താനത് അച്ചനും ജോസഫ് പിണക്കാട്ട് അച്ചനും വർഗീസ് കൊച്ചുപുരക്കൽ അച്ചനും കലോത്സവ ജോയിന്റ് കോഓർഡിനേറ്റർസ് ആയി പ്രവർത്തിക്കുന്നു.
ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ്.
രൂപത ബൈബിൾ അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
കോടികളുടെ നിക്ഷേപം നേടി പോളണ്ടിലെ "മലയാളി' ബിയറിന് ആഗോള കുതിപ്പ്
വാർസോ: ചുരുങ്ങിയ സമയത്തിനുള്ളില് യൂറോപ്പിയന് മാര്ക്കറ്റില് തരംഗമുണ്ടാക്കിയ "മലയാളി' ബിയര് കൂടുതല് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. മലയാളി എന്ന പേരിലുള്ള ബ്രാന്ഡിന്റെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി കോടികളുടെ നിക്ഷേപം നേടി ബിയര് സ്റ്റാര്ട്ട്അപ്പ് മിഡില് ഈസ്റ്റ് വിപണിയിലേക്കും കടന്നിരിക്കുകയാണ്.
യുഎഇ, ബഹറിന് രാജ്യങ്ങളിലേക്കുള്ള വിതരണ കരാറുകള് കൂടി ഒപ്പുവച്ചതോടെ ഈ മേഖലയില് മലയാളി ബിയറിന് മികച്ച ബ്രാന്ഡായി സ്ഥാനമുറപ്പിക്കാനുകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സ്ഥാപക ഡയറക്ടര് ചന്ദ്രമോഹന് നല്ലൂര് പറഞ്ഞു.
യുഎഇ വിപണിക്കായി എഡിഎംഎംഐയുമായി മൂന്ന് വര്ഷത്തെ കരാറും ബഹറനിലെ ആഫ്രിക്കൻ & ഈസ്റ്റേൺ ഗ്രൂപ്പുമായി മറ്റൊരു കരാറും ഒപ്പുവച്ചതോടെ മലയാളി ബിയര് പ്രദേശത്തെ പ്രാദേശിക വിപണിയിലെ ഉപഭോക്തൃവൃന്ദത്തെ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്ഷം യുകെയിലും മലയാളി ബിയര് കച്ചവടം ആരംഭിച്ചിരുന്നു. യുകെയില് വലിയ നിര ഉപഭോക്താക്കളെയും വിതരണക്കാരെയും നേടാനായത് മിഡില് ഈസ്റ്റിലും വിപണി വിപുലമാക്കാന് സഹായമായി. വിപണിയുടെ വിപുലീകരണം ഏകോപിപ്പിക്കാന് ഒന്പത് കോടി രൂപയിലധികം വരുന്ന നിക്ഷേപവും ഈ കാലയളവില് കന്പനി കരസ്ഥമാക്കി.
2025-ല് അമേരിക്ക, ഓഷ്യാനിയ, തെക്കുകിഴക്കന് ഏഷ്യന് ഭൂഖണ്ഡങ്ങളിലും വിപണി നേടാനുള്ള ശ്രമത്തിലാണ് മലയാളി ബിയര് ഇപ്പോള്. ഇതിന്റെ ഭാഗമായി അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്ഡ്, മലേഷ്യ, സിംഗപ്പുര്, ഇന്ഡോനേഷ്യ എന്നിവിടങ്ങളിലുള്ള വിതരണകാരുമായി മലയാളി ബിയര് അവസാനഘട്ട ചര്ച്ചയിലാണ്.
യൂറോപ്യന് ബ്രൂയിംഗ് സാങ്കേതിക വിദ്യയും ഇന്ത്യന് പരമ്പരാഗത രുചിയും കോര്ത്തിണക്കിയ മലയാളി ബിയര് മികച്ച ഉപഭോക്തൃ പിന്തുണ നേടി മുന്നോട്ടു പോകുമ്പോള് കേരളം ഉള്പ്പെടെ ഇന്ത്യയിലും ലോഞ്ചിംഗിനായി ആലോചിക്കുന്നുണ്ട്.
അതേസമയം ശക്തമായ പ്രാദേശിക പങ്കാളിത്തങ്ങളിലൂടെയും വര്ധിക്കുന്ന വിപണി സാന്നിധ്യത്തിലൂടെയും ആഗോള ബിയര് മേഖലയില് വേറിട്ട ബ്രാന്ഡായി മാറാനാണ് മലയാളി ബിയര് ലക്ഷ്യമിടുന്നത്.
പാലക്കാട് സ്വദേശിയും പോളണ്ടില് സ്ഥിരതാമസവുമാക്കിയ ചന്ദ്രമോഹന് നല്ലൂരാണ് മലയാളി എന്ന പേരിൽ ബിയർ വിപണയിലെത്തിച്ചത്.
യൂറോപ്പിൽ തരംഗമാകാൻ ബാറ്ററി ട്രെയിനുകൾ
ലണ്ടൻ: ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ യൂറോപ്പിലെ റെയിൽ വ്യവസായത്തിൽ തരംഗമാകുന്നു. ബാറ്ററി, ഡീസൽ, വൈദ്യുതി എന്നിവയിലേക്ക് എളുപ്പത്തിൽ മാറുന്ന ’ട്രൈബ്രിഡ്’ മോഡൽ, യുകെയിൽ അടുത്തിടെ ആദ്യത്തെ ഇന്റർസിറ്റി ബാറ്ററി ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി.
ഇംഗ്ലണ്ടിലെ ഹിറ്റാച്ചിയുടെ ഫാക്റിയിൽ നിർമിച്ച ട്രെയിനിന്റെ പരീക്ഷണമാണ് നടത്തിയത്. ഇതിൽ ഒരു ഡീസൽ ജനറേറ്റർ മാറ്റി പകരം ലിഥിയം ബാറ്ററികളാണ് ഘടിപ്പിച്ചത്. ചെലവ് കുറഞ്ഞറെയിൽ യാത്രയ്ക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണം. വൈദ്യുതീകരിച്ച ലൈനുകൾ ഇല്ലാത്തയിടങ്ങളിലൂടെ പോകുന്പോൾ 50 ശതമാനത്തിൽ താഴെ ഇന്ധനം ഉപയോഗിച്ചാൽ മതിയാകും.
വേഗതമേറിയതും ചെലവ് കുറഞ്ഞതും നൂതനവും
പഴയ ഡീസൽ മോഡലുകളിൽനിന്നു വ്യത്യസ്തമായി, ഈ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്ക് സ്ഥിരമായി വൈദ്യുതീകരിച്ച ട്രാക്കുകളെ ആശ്രയിക്കേണ്ടതില്ല. പരീക്ഷണവേളയിൽ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിൻ ബാറ്ററിയിൽ മാത്രം 70 കിലോമീറ്റർ ഓടി, പിന്നീട് അത് ഡീസൽ എൻജിനിലേക്ക് മാറി.
പാലങ്ങൾ, ടണലുകൾ, സ്റ്റേഷൻ സ്റ്റോപ്പുകൾ എന്നിവയുള്ള മിക്ക ഇന്റർസിറ്റി റൂട്ടുകളും ഈ പരിധിയിൽ എളുപ്പത്തിൽ ഓടാൻ കഴിയുമെന്ന് എൻജിനിയർമാർ പറയുന്നു. മറ്റ് അതിവേഗ റെയിൽ ഓപ്ഷനുകൾക്കൊ പ്പം ഒരു 700 കിലോ വാട്ട് ബാറ്ററി ഉപയോഗിച്ച് മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
ഇന്ധനച്ചെലവ് 50 ശതമാനത്തിൽ താഴെ വരെ കുറയ്ക്കാനാകും. ചെലവുകൾ ലാഭിക്കുന്നതിനൊപ്പം ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ കുറവുമുണ്ടാകും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വന്നാൽ വൈദ്യുതീകരിക്കാത്ത ട്രാക്കുകൾക്കു മുകളിലൂടെ കന്പികൾ വലിക്കുന്നതിനുള്ള ചെലവ് ഒഴിവാക്കാനും.
പാരിസ്ഥിതിക സൗഹൃദം
സീറോ എമിഷൻ മോഡിൽ സ്റ്റേഷനുകളിൽ പ്രവേശിക്കാനും പുറത്തു പോകാനും കഴിവുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ ഒരു പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുന്നു. ഇത് ശബ്ദവും വായുമലിനീകരണവും കുറയ്ക്കുന്നു. റെയിൽവേ ലൈനുകൾക്കു സമീപം താമസിക്കുന്ന ആളുകൾക്ക് ഇത് ആശ്വാസമാണ്.
വൈദ്യുതീകരിച്ച കുറച്ച് ട്രാക്കുകൾ ഉപയോഗിക്കുന്നതിലൂടെ, യൂറോപ്പിന് റെയിൽ ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിൽ കോടിക്കണക്കിന് ലാഭിക്കാൻ കഴിയും. ബാറ്ററി ട്രെയിനുകൾക്ക് യൂറോപ്പിന്റെ കാർബണ് ഫൂട്ട്പ്രിന്റ് കുറയ്ക്കാനും കഴിയും. ഇത് നെറ്റ്-സീറോയെന്ന ആഗോള മാറ്റത്തിനു പിന്തുണയുമാകും.
ഇറ്റലിയിലും ജർമനിയിലും ഓടിത്തുടങ്ങി
ബാറ്ററിയിൽ പ്രവർത്തിക്കുന്ന റെയിൽ സാങ്കേതികവിദ്യ യൂറോപ്പിൽ അതിവേഗം മുന്നേറുകയാണ്. എന്നാൽ, ഏഷ്യൻ രാജ്യമായ ജപ്പാനിൽ 2016 മുതൽ ബാറ്ററി ട്രെയിൻ ഓടുന്നുണ്ട്. ഇതിൽ ഡീസൽ എൻജിൻ മാറ്റി, പകരം വൈദ്യുതി, ബാറ്ററി യൂണിറ്റുകളാണുള്ളത്.
യൂറോപ്പിലെ ആദ്യത്തെ ട്രിബ്രിഡ് ട്രെയിൻ ഇറ്റലിയാണ് ഓടിച്ചത്. ഹിറ്റാച്ചി റെയിലിന്റെ മസാസിയോ ബാറ്ററി ട്രെയിൻ ഇതിനകം തന്നെ കാർബണ് ഡൈ ഓക്സൈഡിന്റെ എമിഷൻ പകുതിയായി കുറച്ചു. ജർമനിയിലെ സീമെൻസ് മൊബിലിറ്റിയുടെ ബൈ-മോഡ് ട്രെയിനുകൾ ഓരോ വർഷവും ഏകദേശം രണ്ടു ദശലക്ഷം ലിറ്റർ ഡീസൽ ലാഭിക്കുന്നു.
ഫാസ്റ്റ് ചാർജിംഗിനായി വൈദ്യുതീകരിച്ച കുറച്ച് ട്രാക്കുകൾ മാത്രമേ ആവശ്യമുള്ളൂ. ബാറ്ററി ട്രെയിനിനായി യൂറോപ്പിലും യുകെയിലും ഉടനീളം വിപുലീകരണ പദ്ധതികൾ നടക്കുകയാണ്. വൃത്തിയുള്ളതും ശാന്തവും കൂടുതൽ കാര്യക്ഷമവുമായ റെയിൽ യാത്രയാണ് ഇതു വാഗ്ദാനം ചെയ്യുന്നത്.
ഡീസൽ ജനറേറ്ററുകൾ പൂർണമായും ഇല്ലാത്ത ബാറ്ററിയിൽ മാത്രം പ്രവർത്തിക്കുന്ന ട്രെയിനുകൾ വികസിപ്പിക്കാനുള്ള പരീക്ഷണവും നടക്കുന്നുണ്ട്.
പ്രവർത്തനരീതി
നിലവിൽ ട്രെയിനുകൾ ട്രാക്കുകൾക്കു മുകളിലൂടെയുള്ള വൈദ്യുതീകരിച്ച ലൈനുകളിൽനിന്നോ ഈ ലൈനുകൾ ഇല്ലാത്തിയിടങ്ങളിൽ ട്രെയിനിനുള്ളിലുള്ള ഡീസൽ ജനറേറ്ററുകളിൽനിന്നോ ആണ് ഓടാനുള്ള പവർ എടുക്കുന്നത്. പല ട്രെയിനുകൾക്കും രണ്ടു പവർ സ്രോതസുകളിലൂടെയും ഓടാനാകും.
ഹിറ്റാച്ചിയുടെ പുതിയ ട്രെയിനിൽ ഡീസൽ ജനറേറ്റുകൾ മാറ്റി പകരം 16 ബാറ്ററികൾ വച്ചിരിക്കുന്നത്. ട്രെയിനിന് ഓട്ടോമാറ്റിക്കായി ഏതു ഊർജസ്രോതസിലേക്കും മാറാനാകും.
വൈദ്യുതീകരിച്ച ട്രാക്കുകളിൽ ട്രെയിൻ സഞ്ചരിക്കുന്പോൾ അല്ലെങ്കിൽ നിശ്ചലമായിരിക്കുന്പോൾ 10-15 മിനിറ്റിനുള്ളിൽ ഈ ബാറ്ററികൾക്ക് റീചാർജ് ചെയ്യാൻ കഴിയുമെന്ന് ഹിറ്റാച്ചി പറയുന്നു.
യുകെയില് കെട്ടിടത്തില്നിന്നു വീണ് മലയാളി യുവാവ് മരിച്ചു
കടുത്തുരുത്തി: യുകെയില് ജോലിക്കിടെ കെട്ടിടത്തില്നിന്നും താഴെവീണ് മലയാളി യുവാവ് മരിച്ചു. കടുത്തുരുത്തി വെട്ടുവഴിയില് പരേതനായ മാത്യുവിന്റെ മകന് എബിന് മാത്യു (43) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് ബ്ലാക്ബേണിലാണ് അപകടം. 2023 മാര്ച്ചിലാണ് എബിന് മക്കള്ക്കൊപ്പം യുകെയിലെത്തുന്നത്. ഭാര്യ ഡാനയ്ക്ക് നഴ്സിംഗ് ഹോമില് ജോലി ലഭിച്ചതിനെ തുടര്ന്നണ് എബിനും രണ്ട് മക്കളും യുകെയിലെത്തിയത്.
തുടര്ന്ന് ഡയാന ജോലി ചെയ്യുന്ന അതേ നഴ്സിംഗ് ഹോമില് തന്നെ എബിനും ജോലിക്കു കയറി. സ്ഥാപനത്തിലെ അറ്റകുറ്റപ്പണികള് ചെയ്യുന്ന മെയിന്റനന്സ് ആന്ഡ് റിപ്പയറിംഗ് സൂപ്പര്വൈസറായിട്ടാണ് ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ അറ്റകുറ്റപ്പണിക്കിടെ എബിന് ഉയരത്തില്നിന്നു താഴേക്കു വീഴുകയായിരുന്നുവെന്ന് ബന്ധുക്കള് പറഞ്ഞു. അപകടവിവരമറിഞ്ഞ് കാനഡയിലുള്ള സഹോദരന് ജസ്റ്റിന് യുകെയിലെത്തിയിട്ടുണ്ട്.
നടപടികള് പൂര്ത്തിയായ ശേഷം സംസ്കാരം യുകെയില് നടക്കും. മക്കള്: റയാന്, റിയ. മതാവ് പരേതയായ കുഞ്ഞമ്മ. ഷെറിന് ഏക സഹോദരിയാണ്.
രാഷ്ട്രീയം മിമിക്രിയായി മാറുന്നു: അഡ്വ. ജയശങ്കർ
ലണ്ടൻ: രാഷ്ട്രീയവും പൊതുപ്രവർത്തനവും ഇന്ന് വെറും മിമിക്രിയായി മാറിയെന്നും പൊതുപ്രവർത്തനം നേതാക്കന്മാർക്ക് പണം സമ്പാദനത്തിനുള്ള ഉപാധിയുമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ.
ഞായറാഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിൽ നടന്ന സംവാദത്തിൽ രാഷ്ട്രീയ അഡ്വ. എ. ജയശങ്കറോടൊപ്പം കേംബ്രിജ് മേയറും അഭിഭാഷകനുമായ ബൈജു തിട്ടാലയും പങ്കെടുത്തു. സംവാദത്തിൽ പങ്കെടുത്തവരുടെ നിരവധി ചോദ്യങ്ങൾക്ക് അഡ്വ. ജയശങ്കറും ബൈജൂ തിട്ടാലയും ഉത്തരങ്ങൾ നൽകി.
ലോകത്താകമാനം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സംവാദം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനും ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി അംബേദ്കറിനും ഉണ്ടായിരുന്ന ഇച്ഛാശക്തിയും ദീർഘവീക്ഷണവും തുടർന്ന് ഇന്ത്യ ഭരിച്ച രാഷ്ട്രീയ നേതാക്കന്മാർക്ക് ഇല്ലാതെ വന്നതാണ് ഇന്ത്യക്ക് സംഭവിച്ച അപചയങ്ങൾക്കു മുഖ്യ കാരണം എന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മൂല്യച്യുതി സാഹിത്യ രംഗത്തും മതസാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നിയമ വ്യവഹാര രംഗങ്ങളിലേക്ക് പോലും പടർന്നിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈസ്റ്റ് ഹാമിലെ ഗുരുമിഷൻ ഹാളിൽ നടന്ന സംവാദത്തിൽ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അഡ്വ. ജയശങ്കർ നിയമ സഹായം നൽകി നിയമ കുരുക്കിൽ നിന്ന് ജീവിതം രക്ഷപ്പെടുത്തിയ റസാക്കും കുടുംബവും മാഞ്ചസ്റ്ററിൽ നിന്ന് അദ്ദേഹത്തെ കാണാൻ ലണ്ടനിൽ എത്തിയിരുന്നു.
ജയ്സൺ ജോർജ് ആയിരുന്നു മീഡിയേറ്റർ. ഗിരി മാധവൻ, ടോണി ചെറിയാൻ, അബ്രഹാം പൊന്നുംപുരയിടം, ഡോ. ജോഷി, നജീബ്, ഏബ്രഹാം വാഴൂർ, ഷീന ജയ്സൺ, ഡെൽബെർട്ട് മാണി, തോമസ് പുളിക്കൻ, ഷാജൻ ജോസഫ്, രാജേഷ് കരുണാകരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലണ്ടൻ മലയാളി കമ്മ്യൂണിറ്റി ആണ് സംവാദം സംഘടിപ്പിച്ചത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവം ശനിയാഴ്ച സ്കെന്തോർപ്പിൽ
ബിർമിംഗ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രാതിനിധ്യം കൊണ്ട് ബ്രിട്ടൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന സീറോമലബാർ സഭ അംഗങ്ങളുടെ പ്രതിഭകൾ മാറ്റുരക്കുന്ന ഏഴാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്
ശനിയാഴ്ച (നവംബർ 16) ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന കലോത്സവ മത്സരത്തിൽ രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക. വിവിധ സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധികരിച്ചു.
രാവിലെ 8.15 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും ഒന്പതിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്ഘാടനവും നടക്കും.
കൃത്യം പത്തിന് തന്നെ മത്സരങ്ങൾ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും. കലോത്സവ വേദിക്കരികിൽ വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ റീജിയണുകളിൽ നിന്നും മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്.
അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും സിസ്റ്റേഴ്സിന്റെയും സാന്നിധ്യം കൊണ്ടും പ്രാർഥന കൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികൾ. കാറുകൾ പാർക്ക് ചെയ്യുവാനുള്ള വിശാലമായ കാർപാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കലോത്സത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിംഗ് ഏരിയയും കലോത്സവ വേദിയിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രേത്യക കൗണ്ടറുകൾ ഒരുക്കുന്നുമുണ്ട്.
വൈകുന്നേരം 5.45ന് മത്സരങ്ങൾ സമാപിച്ച് എട്ടിന് സമ്മാനദാനങ്ങൾ പൂർത്തീകരിക്കത്ത രീതിയിലാണ് മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ മത്സരങ്ങൾ ഒരേ മത്സരാർഥികൾക്ക് ഒരേ സമയം വരാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.
ഏതെങ്കിലും മത്സരാർഥികൾക്ക് ഒരേസമയം ഒന്നിൽകൂടുതൽ മത്സരങ്ങൾ വന്നിട്ടുള്ളവർ റീജിയണൽ കോഓർഡിനേറ്റേഴ്സ് വഴി ബന്ധപ്പെടേണ്ടതാണ്. വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന സ്കെന്തോർപ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതമുഴുവനും എത്തുന്ന രൂപത കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ്.
വിവിധ സ്റ്റേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുക. http://smegbbiblekalotsavam.com/?page_id=1600 .
സ്പെയിനിൽ വീണ്ടും പ്രളയഭീഷണി
മാഡ്രിഡ്: സ്പെയിനിന്റെ തെക്കൻ ഭാഗത്ത് കനത്ത മഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. മലാഗ പ്രവിശ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചുമാറ്റി.
വടക്കുകിഴക്ക് കാറ്റലോണിയ പ്രദേശത്തും കനത്ത മഴയ്ക്കു സധ്യതയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നല്കി. കഴിഞ്ഞമാസം അവസാനം മിന്നൽപ്രളയമുണ്ടായ വലൻസിയയിലും വരും ദിവസങ്ങൾ നല്ല മഴയ്ക്കു സാധ്യതയുണ്ട്.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കേരളപ്പിറവി ആഘോഷം 30ന്
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ എല്ലാ മാസവും നടത്തി കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 18-ാം സമ്മേളനം കേരളപ്പിറവിയായി ആഘോഷിക്കും.
കേരള സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയുന്ന കേരളപ്പിറവി ആഘോഷത്തിൽ പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷകനായിരിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയൺ, പ്രൊവിൻസ്, ഫോറംസ് നേതാക്കന്മാരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കലാസാംസ്കാരിക നായകന്മാരും ഇതിൽ പങ്കെടുക്കും.
ഈ മാസം 30ന് വൈകുന്നേരം ഇന്ത്യൻ സമയം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരികവേദിയുടെ പതിനെട്ടാം സമ്മേളനമാണ് കേരളപ്പിറവിയായി ആഘോഷിക്കുന്നത്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എംപി നിർവഹിച്ചു
ലണ്ടൻ: 2025ലെ യുക്മ കലണ്ടറിന്റെ പ്രകാശന കർമം ആഷ്ഫോർഡ് എംപി സോജൻ ജോസഫ് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വച്ച് നിർവഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ വിവിധ കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയാറാക്കിയിരിക്കുന്നത്.
കലണ്ടർ സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൗജന്യമായി കലണ്ടർ ഭവനങ്ങളിൽ എത്തിച്ച് തരുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ദ ടിഫിൻ ബോക്സ്, ഫസ്റ്റ് കോൾ നോട്ടിംഗ്ഹാം, ട്യൂട്ടർ വേവ്സ്, ലവ് ടു കെയർ, മുത്തൂറ്റ് ഗ്രൂപ്പ്, ഗ്ലോബൽ സ്റ്റഡി ലിങ്ക് എന്നീ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളാണ് യുക്മ കലണ്ടർ സ്പോൺസർ ചെയ്തിരിക്കുന്നത്.
കലണ്ടർ ലഭിക്കുന്നതിന് വേണ്ടിയുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfI9YQgxuOs6Fy1JU92BbJc0tRpCpgg4g8ihVDM6Ci8zdmYVg/viewform
മാർപാപ്പയുമായി മാർത്തോമ്മാ സിനഡ് പ്രതിനിധി സംഘം വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി
റോം: സഭൈക്യ ബന്ധത്തിൽ പരസ്പരം ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും. ഇരു സഭകളും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡയലോഗ് മീറ്റിംഗിന്റെ തുടർച്ചയായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളെ കൂടി കാഴ്ചയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ചത് അനുസരിച്ചാണ് എപ്പിസ്കോപ്പൽ സിനഡ് പ്രതിനിധികളായി എട്ട് പിതാക്കന്മാർ റോമിൽ എത്തിച്ചേർന്നത്.
തിങ്കളാഴ്ച ഒരു മണിക്കുർ മീറ്റിംഗിൽ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം മാർപാപ്പയുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി. മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ നിർദേശപ്രകാരം ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്തയാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
തിരുവനന്തപുരം കൊല്ലം ഭദ്രാസന അധിപനും സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റുമായ ഡോ. ഐസക്ക് മാർ ഫീലക്സിനോസ്, നോർത്ത് അമേരിക്കൻ ഭദ്രാസന അധിപനും അഖില ലോക സഭാ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ഡോ. ഏബ്രഹാം മാർ പൗലോസ്, കുന്നംകുളം മലബാർ ഭദ്രാസന അധിപനും സൺഡേസ്കൂൾ സമാജം പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ മക്കാറിയോസ്,
കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപനും സേവികാ സംലം പ്രസിഡന്റുമായ ഡോ. തോമസ് മാർ തിത്തോസ്, ഡൽഹി ഭദ്രാസന അധിപൻ സഖറിയാസ് മാർ അപ്രേം, യുകെ - യൂറോപ്പ് - ആഫ്രിക്ക - മുബൈ ഭദ്രാസനങ്ങളുടെ അധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ്, അടൂർ ഭദ്രാസന അധിപനും സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റുമായ മാത്യൂസ് മാർ സെറാഫിം എന്നിവർ ഉൾപ്പെടുന്നതാണ് എട്ടംഗ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒപ്പം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, ഡിക്കാസ്റ്ററെ ഫോർ പ്രൊമോട്ടിംഗ് ക്രിസ്റ്റ്യൻ യൂണിറ്റി എന്നിവടങ്ങളിൽ നടത്തപ്പെടുന്ന പ്രത്യേക മീറ്റിംഗുകളിലും എപ്പിസ്കോപ്പൽ പ്രതിനിധി സംഘം സംബന്ധിക്കുന്നുണ്ട്.
സ്കോട്ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി
എഡിൻബറ: കഥാകൃത്ത് ബെന്യാമിൻ പങ്കെടുത്ത സംവാദസദസ് സ്കോട്ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ നടന്നു. യൂണിവേഴ്സിറ്റി ഓഫ് എഡിൻബറയിൽ നടന്ന ചർച്ചകൾക്ക് കൈരളി യുകെ എഡിൻബറ യൂണിറ്റ് സെക്രട്ടറി പ്രവീൺ ചെറിയാൻ അശോക് മോഡറേറ്റർ ആയിരുന്നു.
സംവാദത്തിൽ ചരിത്രകാരൻ മഹമൂദ് കൂരിയ, സിനിമ സംവിധായകൻ ആൽവിൻ ഹെൻറി, സിനിമ നിർമാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളും സാഹിത്യ സിനിമ പ്രേമികളും ഉൾപ്പടെ പങ്കെടുത്ത ചർച്ച ആടുജീവിതം മുതൽ ലോക സാഹിത്യ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്തു. പരിപാടിയുടെ വിജയത്തിന് സഹായിച്ച എല്ലാവർക്കും കൈരളി യുകെ എഡിൻബറ യൂണിറ്റ് നന്ദിയറിയിച്ചു.
ബ്രിട്ടീഷ് എഴുത്തുകാരിക്ക് ബുക്കർ പുരസ്കാരം
ലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലാണ് പുരസ്കാരത്തിന് അർഹമായത്.
ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപ്പിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50,000 പൗണ്ടാണ് (ഏകദേശം 53 ലക്ഷം രൂപ) അവാർഡ് തുക. 2019നു ശേഷം ബുക്കർ സമ്മാനം നേടുന്ന ആദ്യവനിതയും 2020നു ശേഷം പുരസ്കാരം നേടുന്ന ആദ്യ ബ്രിട്ടീഷ് എഴുത്തുകാരിയുമാണ് സാമന്ത.
യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ആറു രാജ്യാന്തര ബഹിരാകാശനിലയ യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും ചെയ്യുന്ന കഥയാണ് ഓർബിറ്റൽ.
വിമാനം ആകാശച്ചുഴിയിൽ വീണ് 11 പേർക്കു പരിക്ക്
ഫ്രാങ്ക്ഫർട്ട്: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു സഞ്ചരിക്കുകയായിരുന്ന ലുഫ്താൻസയുടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 11 യാത്രക്കാർക്കു പരിക്കേറ്റു.
അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽ ഇന്റർട്രോപ്പിക്കൽ കൺവർജൻസ് സോണിൽവച്ചായിരുന്നു സംഭവം. ലുഫ്താൻസയുടെ എൽഎച്ച്-511 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ബോയിംഗ് 747-8 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ഇവരിൽ ആറു ജീവനക്കാർക്കും അഞ്ചു യാത്രക്കാർക്കും പരിക്കേറ്റതായും ആരുടെയും പരിക്കുകൾ സാരമുള്ളതായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. പരിക്കറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.53ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ വിമാനം ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്തു.
നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി: ഒഐസിസി സംഘടിപ്പിക്കുന്ന ചർച്ച ഇന്ന്
കവൻട്രി: "ഇന്നത്തെ ഇന്ത്യയിൽ നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുകെ ഘടകം ചർച്ച സംഘടിപ്പിക്കുന്നു.
കവൻട്രിയിലെ ടിഫിൻ ബോക്സ് റസ്റ്റോറന്റിൽ ഇന്ന് വെെകുന്നേരം ആറിന് ആരംഭിക്കുന്ന ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേബ്രിഡ്ജ് മേയറും അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റുവിന്റെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിലെ ചിന്തകൾ ഇന്ന് ഇന്ത്യയിൽ എങ്ങനെ പ്രയോഗിക്കാമെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം ആണെന്നും പരിശോധിക്കുക എന്നതാണ് ചർച്ചയുടെ ഉദ്ദേശം.
യുകെയിലെ ഹാരോ സ്കൂളിലും കേംബ്രിഡ്ജ് ട്രിനിറ്റി കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ നെഹ്റുവിന്റെ ചിന്താധാരകൾ യുകെയിൽ തന്നെ പ്രഭാഷണ വിഷയമാകുക ഏറെ പ്രത്യേകത ഉളവാക്കുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും കാലിക പ്രസക്തമായ വിഷയം പ്രതിബാദിക്കുന്ന ചർച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒഐസിസി യുകെ നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
ഇസ്രയേല് വിരുദ്ധര് ആംസ്റ്റർഡാമില് ട്രെയ്നിനു തീയിട്ടു
ആംസ്റ്റർഡാം: നെതര്ലന്ഡ്സില് ഇസ്രയേല്വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. പ്രക്ഷോഭകര് ട്രെയ്നിനു തീയിട്ടു. ഇവര് പലസ്തീന്റെ പതാകയും ഉയര്ത്തി.
പടക്കം കത്തിച്ച് കാറുകള്ക്കു നേരേ എറിയുന്ന സംഭവം പലയിടത്തും റിപ്പോര്ട്ട് ചെയ്തു. വെസ്റ്റേണ് ആംസ്റ്റര്ഡാമില് ഡസന്കണക്കിന് യുവാക്കളാണ് പ്രക്ഷോഭത്തില് പങ്കെടുത്തത്.
പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യമാണ് ഇവര് ഉയര്ത്തിയത്. പോലീസ് ഇവരെ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുകയായിരുന്നു. ആര്ക്കും പരിക്കുള്ളതായി റിപ്പോര്ട്ടില്ല. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്ലോസ്റ്റര് സെന്റ് മേരീസ് മിഷന്റെ പാരിഷ് ഡേ ആഘോഷം ഗംഭീരമായി
ഗ്ലോസ്റ്റര്: ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് മിഷന് പാരിഷ് ഡേ ആഘോഷം വര്ണാഭമായി. രാവിലെ ഒക്ലാന്ഡ്സ് സ്നൂക്കേഴ്സ് ക്ലബില് 11ന് വിശുദ്ധ കുര്ബാനയോടെ ഇടവകദിന പരിപാടികള്ക്ക് തുടക്കമായി.
വികാരി ഫാ. ജിബിന് പോള് വാമറ്റത്തിന്റെ മുഖ്യ കാര്മികത്വത്തില് പാട്ടുകുര്ബാന നടന്നു. ശേഷം നടന്ന പൊതുസമ്മേളനത്തില് ഗ്രേറ്റ് ബ്രിട്ടന് രൂപത വൈസ് ചാന്സലര് ഫാ. ഫാന്സ്വാ പത്തില് മുഖ്യ അതിഥിയായിരുന്നു.
യോഗത്തില് എസ്എംസിസി ട്രസ്റ്റി ബാബു അളിയത്ത് ഏവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്ന്ന് നടന്ന അധ്യക്ഷ പ്രസംഗത്തില് വികാരി ഫാ. ജിബിന് പോള് വാമറ്റത്തില് ഇടവക അംഗങ്ങളുടെ കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
ഒറ്റയ്ക്കാണെങ്കില് എപ്പോഴും ബുദ്ധിമുട്ടാണെന്നും രണ്ടു പേര് ചേര്ന്നാല് നമുക്ക് എതിര്ത്ത് നില്ക്കാനാവുമെന്നും മൂന്നുപേര് ചേര്ന്നാല് നമുക്ക് എന്തിനെയും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവുമുണ്ടാകുമെന്നും ഫാദര് ഏവരേയും ഓര്മിപ്പിച്ചു.
ഒരുമിച്ച് നിന്നാല് നമ്മളെ ആര്ക്കും തകര്ക്കാന് കഴിയില്ലെന്നും ദൈവ വചനത്തെ ആസ്പദമാക്കി അദ്ദേഹം തന്റെ പ്രസംഗത്തില് ഉദ്ബോധിപ്പിച്ചു. തുടര്ന്ന് നടന്ന പ്രസംഗത്തില് ഗ്രേറ്റ് ബ്രിട്ടന് രൂപതാ വൈസ് ചാന്സലര് ഫാ. ഫാന്സ്വാ പത്തില് സംസാരിച്ചു.
ഫാ ഫാന്സ്വാപത്തിലും ഫാ ജിബിന് പോള് വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്തും ആന്റണി ജെയിംസും വേദപാഠം ഹെഡ്ടീച്ചര് ലൗലി സെബാസ്റ്റ്യനും കാറ്റികിസം പ്രതിനിധയായി രജ്ഞിത മൈക്കിളും വുമണ്സ് ഫോറം പ്രസിഡന്റ് ജിനു ബോബി, യൂത്ത് കോഓര്ഡിനേറ്റര് ദിയ ബിനോയ്, ചെറുപുഷ്പമിഷന് ലീഗിന്റെ പ്രസിഡന്റ് എഡ്വിന് ജെഗിയും ചേര്ന്ന് രണ്ടാം ഇടവകാദിന ആഘോഷം ഉദ്ഘാടനം ചെയ്തു.
ജിസിഎസ്ഇ എ ലെവല് പരീക്ഷയില് ഉന്നത വിജയം നേടിയ വിദ്യാര്ഥികളെ ചടങ്ങില് അനുമോദിച്ചു. ഒപ്പം ബൈബിള് കലോത്സവത്തില് വിജയിച്ചവര്ക്കുള്ള സമ്മാനവും പങ്കെടുത്തവര്ക്കുള്ള മെഡലുകളും നല്കി.
വേദപാഠ പരീക്ഷയില് മികച്ച മാര്ക്ക് നേടിയവര്ക്കും ഏറ്റവും അധികം അറ്റന്ഡന്സ് ഉള്ളവര്ക്കുമുള്ള സമ്മാനങ്ങള് വിതരണം ചെയ്തു. പൊതുയോഗത്തില് പങ്കെടുത്ത ഏവര്ക്കും ട്രസ്റ്റി ആന്റണി ജെയിംസ് ഏവര്ക്കും നന്ദി രേഖപ്പെടുത്തി.
തുടര്ന്ന് വേദിയില് മനോഹരമായ കലാ വിസ്മയങ്ങള് അരങ്ങേറി. 30 ഓളം കലാ പരിപാടികളാണ് വേദിയില് അരങ്ങേറിയത്. വൈകീട്ട് ഏഴു മണിവരെ നീണ്ട പരാപിടികള് ചിട്ടയായി അവതരിപ്പിച്ചു.
പാട്ടും നൃത്തവും നാടകവും ഒക്കെയായി ഒട്ടേറെ മികവുറ്റപരിപാടികളാണ് വേദിയില് എത്തിയത്. ഉച്ചയ്ക്ക് രുചികരമായ ഭക്ഷണം ഒരുക്കിയിരുന്നു.
വിവിധ ഫാമിലി യൂണിറ്റുകളുടെ പരാപാടികളും ബൈബിള് കലോത്സവത്തില് സമ്മാനം നേടിയ പ്രോഗ്രാമുകളും യുവാക്കളുടേയും മറ്റ് അംഗങ്ങളുടേയും ഹൃദ്യമായ പരിപാടികളാണ് വേദിയെ കീഴടക്കിയത്. ഫാമിലി യൂണിറ്റിന്റെ സ്കിറ്റും ശ്രദ്ധേയമായി.
അവസാനമായി ഫാ. ജിബിന് പോള് വാമറ്റത്തിലിന്റെ നേതൃത്വത്തില് സംഘം അവതരിപ്പിച്ച മോഡേണ് ഒപ്പനയിലൂടെയാണ് പരിപാടി അവസാനിപ്പിച്ചത്. രാത്രി ഏഴു വരെ പരിപാടികള് നീണ്ടു.
ഗോസ്റ്റര് സീറോ മലബാര് സമൂഹത്തെ സംബന്ധിച്ച് മിഷന് ആയ ശേഷമുള്ള ആദ്യത്തെ ഇടവകാദിന ആഘോഷമാണ് അരങ്ങേറിയത്. ഫാ ജിബിന് പോള് വാമറ്റത്തിലിന്റെ നേതൃത്വത്തില് മികച്ച ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
ബിജോയുടെ നേതൃത്വത്തില് ലൈറ്റ് ആന്ഡ് സൗണ്ട്സ് ഒരുക്കിയിരുന്ന മനോഹരമായ ഘഋഉ വാള് പരിപാടികള്ക്ക് മാറ്റ് കൂട്ടി. ജൂബി ബിജോയ്, രഞ്ജിത മൈക്കിള്, ലിയ ബിജു, ഏബല് ജോജിന് എന്നിവര് അവതാരകരായിരുന്നു .
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു
ലണ്ടൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത്. കാൻസർ രോഗബാധിതയായിരുന്നു
2017ലാണ് നിര്മല യുകെയിലെത്തിയത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി: ഒലിവിയ.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
റോമിൽ പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
റോം: റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഹൈനാൻ എയർലൈൻസ് വിമാനത്തിന് പക്ഷി ഇടിച്ചതിനെത്തുടർന്നു തീപിടിച്ചു.
265 പേരുമായി ചൈനയിലെ ഷെൻഷെനിലേക്കു പോവുകയായിരുന്നു ഡ്രീംലൈനർ 787-9 വിമാനം. പക്ഷി ഇടിച്ചതിനെത്തുടർന്ന് എഞ്ചിൻ തകരാറിലായി തീപിടിക്കുകയായിരുന്നു.
ഇന്ധനം കടലിൽ ഒഴുക്കിയശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിലെ 249 യാത്രക്കാർക്കും 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.
നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
വാട്ടർഫോർഡിൽ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് ശനിയാഴ്ച
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (നവംബർ 16) ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് നടക്കും. വാട്ടർഫോർഡ് ബാലിഗണർ ജിഎഎ ക്ലബിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് മത്സരം.
ആയിരം യൂറോയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം നേടുന്നയാൾക്ക് 500 യൂറോയും മൂന്നാം സ്ഥാനക്കാരന് 250 യൂറോയും ലഭിക്കും. വാട്ടർഫോർഡിൽ നടക്കുന്ന ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: നിർമൽ അലക്സ് - 08946 68655, അനൂപ് ജോൺ - 08726 58072, വിൻസ് ജോസ് - 08924 81562, ജിബിൻ ആന്റണി - 08320 13244, നീതു - 08943 48305, രാഹുൽ - 08927 40770.
സിനഡാലിറ്റിയും എക്യുമെനിസവും അവിഭാജ്യം: മാർപാപ്പ
വത്തിക്കാൻ: സഭൈക്യ സംഭാഷണത്തിനായി വത്തിക്കാനിലെത്തിയ മാർത്തോമ്മ സഭാ സിനഡിലെ മെത്രാപ്പോലീത്തമാരുടെ എട്ടംഗസംഘം ഇന്നലെ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
കത്തോലിക്കാസഭയും മാർത്തോമ്മ സഭയും തമ്മിലുളള സഭൈക്യ സംഭാഷണത്തിന്റെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തിയ മാർപാപ്പ, സിനഡാലിറ്റിയും എക്യുമെനിസവും ക്രൈസ്തവസാക്ഷ്യത്തിന് കൂടിയേതീരൂ എന്നു പ്രസ്താവിച്ചു.
പാശ്ചാത്യ, പൗരസ്ത്യ സഭകളെ കൂട്ടിയിണക്കുന്ന പാലമാണു മാർത്തോമ്മ സഭയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ മാർത്തോമ്മ സഭയുടെ പീലിപ്പോസ് മാർ ക്രിസോസ്റ്റം നിരീക്ഷകനായി പങ്കെടുത്തതും 2022ൽ രണ്ടു സഭകളും തമ്മിൽ ചർച്ചകൾ ആരംഭിച്ചതും മാർപാപ്പ അനുസ്മരിച്ചു.
കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഈ ചർച്ച തുടർന്നു. അടുത്ത ചർച്ച ഏതാനും ആഴ്ചകൾക്കുള്ളിൽ വീണ്ടും നടക്കും. സിനഡാലിറ്റിയും പ്രേഷിതദൗത്യവും ഇരുസഭകൾക്കും ഒന്നിക്കാവുന്ന മേഖലകളാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു എക്യുമെനിക്കൽ സിനഡ് സമ്മേളിക്കുന്നതിനെപ്പറ്റി അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ഒന്നിച്ച് സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥന ചൊല്ലിയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
അഞ്ഞൂറിലധികം നഴ്സുമാരെ ജർമനിയിലെത്തിച്ചത് ആഘോഷമാക്കി നോർക്ക
തിരുവനന്തപുരം: അഞ്ഞൂറിലധികം നഴ്സുമാരെ ജർമനിയിലെത്തിച്ചത് ആഘോഷമാക്കി നോർക്ക. നോര്ക്ക ട്രിപ്പിള് വിന് കേരള പദ്ധതി വഴി 528 നഴ്സുമാരെയാണ് ജർമനിയിലെത്തിച്ചത്. ജർമൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമൻ ഐക്യദിനത്തിനും ബെർലിൻ മതില് പതനത്തിന്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ലസ് ആഘോഷപരിപാടി.
നോര്ക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ചടങ്ങില് മുഖ്യാതിഥിയായ ബംഗലൂരുവിലെ ജര്മന് കോണ്സല് ജനറല് അച്ചിം ബുകാർട്ട് പറഞ്ഞു. രണ്ടുവര്ഷത്തിനുള്ളില് മികച്ച നേട്ടം കൈവരിക്കാനായതില് അഭിമാനിക്കുന്നുവെന്നും ഇതിനു പിന്നില് പ്രവര്ത്തിച്ച ഗോയ്ഥേ സെന്ററിനേയും ബന്ധപ്പെട്ട എല്ലാവരേയും അഭിനന്തിക്കുന്നതായി നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
2021 ഡിസംബറില് ഒപ്പിട്ട ട്രിപ്പിള് വിന് കേരള പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 നഴ്സുമാര്ക്കാണ് ജര്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയില് നിയമനം ലഭിച്ചത്. അഞ്ചുഘട്ടങ്ങളിലായി തെരഞ്ഞെടുത്ത 1400 പേരില് ജര്മന് ഭാഷാപരിശീലനം തുടരുന്നവര് നടപടിക്രമങ്ങള് പൂര്ത്തിയാക്കി ജര്മനിയിലേയ്ക്ക് തിരിക്കും.
കേരളത്തില് നിന്നുളള നഴ്സിംഗ് പ്രഫഷണലുകള്ക്ക് ജര്മനിയില് തൊഴിലവസരമൊരുക്കുന്നതിനായി നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്ക്ക ട്രിപ്പിള് വിന് കേരള.
ആദർശ് ശാസ്ത്രിക്ക് അയർലൻഡിൽ സ്വീകരണം നൽകി
ഡബ്ലിൻ: മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐഒസി, ഒഐസിസി, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ സ്വീകരണം നൽകി.
സ്വീകരണത്തിന് ആദർശ് ശാസ്ത്രി മറുപടി പറഞ്ഞു. കേരളത്തിൽ നിന്നും ജനവിധി തേടുന്ന പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് എന്നിവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ആദർശ് ശാസ്ത്രി അഭ്യർഥിച്ചു.
യോഗത്തിൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഗുരുഷരൺ സിംഗ്, വൈസ് പ്രസിഡന്റ് സാൻജോ മുളവരികൽ, ജോസഫ് തിറയിൽ, വിശാഖ് ആലപ്പുഴ, രാഹുൽ ശർമ, മുഹമ്മദ് ആഷിഖ്, അപൂർവ, നജ്മൽ തുടങ്ങിയവർ സംസാരിച്ചു.
ഇപ്സ്വിച്ചിൽ കേരള പിറവി - ദീപാവലി ആഘോഷങ്ങൾ വർണാഭമായി
ഇപ്സ്വിച്ച്: കേരള കൾച്ചറൽ അസോസിയേഷന്റെയും(കെസിഎ) കെസിഎസ്എസിന്റെയും നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ച കേരള പിറവിയും ദീപാവലിയും ഗംഭീരമായ ആഘോഷമാക്കി ഇപ്സ്വിച്ചിലെ മലയാളി സമൂഹം.
പ്രവാസി ജീവിതത്തിൽ നാടിന്റെ നന്മകളെ ചേർത്ത് പിടിക്കുന്നതും ഗൃഹാതുര സ്മരണകളുണർത്തുന്നതുമായി ആഘോഷങ്ങൾ മാറി. സെന്റ് അഗസ്റ്റിൻസ് ഹാളിൽ വേദിയൊരുങ്ങിയ പരിപാടിയിൽ നിരവധി ആളുകൾ പങ്കുചേർന്നു.
ചടങ്ങിൽ വി. സിദ്ദിഖ് സന്ദേശം നൽകി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച മികവുറ്റ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. വർണശബളമായ ആകാശദീപ കാഴ്ചകളുടെ അകമ്പടിയോടെ ആണ് ആഘോഷങ്ങൾ അരങ്ങേറിയത്.
നാടൻ തട്ടുകട വിഭവങ്ങൾ മുതൽ ഫൈവ് സ്റ്റാർ ഡിസേർട്ട് വരെയടങ്ങിയ വിഭവസമൃദ്ധവും വ്യത്യസ്ത രുചിക്കൂട്ടുകളും അടങ്ങിയ ഡിന്നർ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി.
കെസിഎ ക്രിസ്മസ് ആഘോഷത്തിൽ കേക്കുണ്ടാക്കുന്നതിന്റെ പ്രാരംഭമായി നടത്തിയ കേക്ക് മിക്സിംഗ് പ്രദർശനവും പരിശീലനവും ഏവരുടെയും പങ്കാളിത്തം കൊണ്ട് സൗഹൃദവേദിയുയർത്തുകയും പുത്തൻ അനുഭവം ആകുകയും ചെയ്തു.
സ്റ്റാർ ഹോട്ടലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കേക്ക് മിക്സിംഗിൽ നേരിട്ട് കാണുവാനും പങ്കാളികളാകുവാനും സാധിച്ചത് വേദിയിൽ ആവേശമുയർത്തി. ആഘോഷത്തിനൊപ്പം മലയാളി സമൂഹത്തിന്റെ ഒത്തുചേരലിനും ഐക്യത്തിനുമാണ് കെസിഎയുടെ ആഘോഷങ്ങൾ വേദിയൊരുക്കിയത്.
മോർട്ട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്സായ സ്റ്റെർലിംഗ് സ്ട്രീറ്റായിരുന്നു പരിപാടിയുടെ സ്പോൺസേഴ്സ്. കെസിഎ പ്രസിഡന്റ് വിനോദ് ജോസ്, വൈസ് പ്രസിഡന്റ് ഡെറിക്, സെക്രട്ടറി ജിജു ജോർജ്, കോഓർഡിനേറ്റർ വിത്സൻ, ട്രഷറർ നജിം, പിആർഒ സാം ജോൺ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കായി മാർത്തോമ്മാ സിനഡ് പ്രതിനിധി സംഘം വത്തിക്കാനിൽ
റോം: സഭൈക്യ ബന്ധത്തിൽ പരസ്പരം ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും.
ഇരുസഭകളും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡയലോഗ് മീറ്റിംഗിന്റെ തുടർച്ചയായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളെ കൂടിക്കാഴ്ചയ്ക്കായി ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ചത് അനുസരിച്ചാണ് എപ്പിസ്കോപ്പൽ സിനഡ് പ്രതിനിധികളായി എട്ട് പിതാക്കൻമാർ റോമിൽ എത്തിച്ചേർന്നത്.
തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ക്രമീകരിച്ചിരിക്കുന്ന ഒരു മണിക്കുർ മീറ്റിംഗിൽ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം മാർപാപ്പയുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തും. മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിർദേശപ്രകാരം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്തയാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
തിരുവനന്തപുരം കൊല്ലം ഭദ്രാസന അധിപനും സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റുമായ ഡോ. ഐസക്ക് മാർ ഫീലക്സിനോസ്, നോർത്ത് അമേരിക്കൻ ഭദ്രാസന അധിപനും അഖില ലോക സഭാ കൗൺസിൽ എക്സികുട്ടീവ് കമ്മറ്റി അംഗവുമായ ഡോ. ഏബ്രഹാം മാർ പൗലോസ്, കുന്നംകുളം മലബാർ ഭദ്രാസന അധിപനും സൺഡേസ്കൂൾ സമാജം പ്രസിഡന്റുമായ ഡോ. മാത്യൂസ് മാർ മക്കാറിയോസ്,
കൊട്ടാരക്കര പുനലൂർ ഭദ്രാസന അധിപനും സേവികാ സംലം പ്രസിഡന്റുമായ ഡോ. തോമസ് മാർ തിത്തോസ്, ഡൽഹി ഭദ്രാസന അധിപൻ സഖറിയാസ് മാർ അപ്രേം, യുകെ- യൂറോപ്പ് - ആഫ്രിക്ക, മുബൈ ഭദ്രാസനങ്ങളുടെ അധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ്, അടൂർ ഭദ്രാസന അധിപനും സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റുമായ മാത്യൂസ് മാർ സെറാഫിം എന്നിവർ ഉൾപ്പെടുന്നതാണ് എട്ടംഗ എപ്പിസ്കോപ്പൽ പ്രതിനിധി സംഘം.
മാർപാപ്പയുമായുള്ള കൂടികാഴ്ചയ്ക്ക് ഒപ്പം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി, ഡിക്കാസ്റ്ററെ ഫോർ പ്രൊമോട്ടിംഗ് ക്രിസ്റ്റ്യൻ യൂണിറ്റി എന്നിവടങ്ങളിൽ നടത്തപ്പെടുന്ന പ്രത്യേക മീറ്റിംഗുകളിലും എപ്പിസ്കോപ്പൽ പ്രതിനിധി സംഘം സംബന്ധിക്കുന്നുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു അതിനു ശേഷം ആദ്യമായാണ് ഇരുസഭകളും തമ്മിൽ ഔദ്യോഗികമായ കൂടികാഴ്ചകൾക്കും ചർച്ചകൾക്കും വേദി ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
വത്തിക്കാനിലെ ഔദ്യോഗിക അതിഥി മന്ദിരമായ സാന്താ മാർത്തയിൽ ആണ് എപ്പിസ്കോപ്പൽ സംഘം താമസിച്ച് ഒരാഴ്ച നീളുന്ന വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കുന്നത്.
ദൈവശാസ്ത്ര ക്വിസ് മത്സരം: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.
ഇടവക/ മിഷൻ/ പ്രൊപ്പോസഡ് മിഷൻ തലത്തിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്ക് ശേഷം റീജിയണൽ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിലാണ് ഫൈനലിസ്റ്റുകളായി 40 കുടുംബങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്.
രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോമലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ദൈവശാസ്ത്ര വർഷത്തിന്റെ സമാപനം കുറിക്കുന്ന നവംബർ 30ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് ലൈവ് ആയിട്ടാണ് നടക്കുക.
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും നൽകും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തിൽ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്.
മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപതയുടെ ഔദ്യോഗിക യുട്യൂബ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടിയും സംപ്രേക്ഷണം ചെയ്യും. 30ന് നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു.
പ്രളയം: വലൻസിയയിൽ ലക്ഷം പേരുടെ പ്രതിഷേധം
മാഡ്രിഡ്: വലൻസിയ പ്രളയത്തിൽ സ്പാനിഷ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരേ പടുകൂറ്റൻ പ്രതിഷേധ പ്രകടനം. ശനിയാഴ്ച വൈകുന്നേരം വലൻസിയ നഗരത്തിലെ തെരുവുകളിൽ നടന്ന പ്രകടനങ്ങളിൽ 1,30,000 പേർ പങ്കെടുത്തതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. വലൻസിയ സിറ്റി ഹാളിലെ കസേരകൾ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. ഒക്ടോബർ 29ന് കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 223 പേരാണു മരിച്ചത്. 93 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ചെളിയടിഞ്ഞ ആയിരക്കണക്കിനു വീടുകൾ വാസയോഗ്യമല്ലാതായി. പ്രളയം ആരംഭിച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് വലൻസിയയിലെ പ്രാദേശിക ഭരണകൂടം ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കഴിഞ്ഞയാഴ്ച പ്രളയമേഖല സന്ദർശിക്കാനെത്തിയ സ്പെയിനിലെ രാജാവ് ഫിലിപ്പിനും പ്രധാനമന്ത്രി പെദ്രോ സാഞ്ചസിനും നേർക്ക് ജനം ചെളിയെറിഞ്ഞിരുന്നു.
അയർലൻഡിൽ പൊതു തെരഞ്ഞെടുപ്പ് നവംബർ 29ന്
ഡബ്ലിൻ: അയർലൻഡിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഐറിഷ് പാർലമെന്റിലേക്ക് നവംബർ 29 ന് തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി സൈമൺ ഹാരിസാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തിയത്.
അയർലൻഡിൽ നിലവിൽ ഫിനഗേൽ, ഫിനഫോൾ, ഗ്രീൻ പാർട്ടി എന്നിവർ ചേർന്നുള്ള കൂട്ടുമന്ത്രിസഭയാണ് ഭരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനെത്തുടർന്ന് രാഷ്ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികളിൽ സജീവമായി.
അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ ജനപിന്തുണയിൽ ഫിനഗേൽ പാർട്ടിക്കാണ് ഒന്നാം സ്ഥാനം. ഫിനാഫോൾ പാർട്ടി രണ്ടാമതും സിൻഫെയിൻ മൂന്നാം സ്ഥാനത്തുമാണുള്ളത്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഒട്ടേറെ ജനക്ഷേമ പദ്ധതികളുമായുള്ള ബജറ്റാണ് കഴിഞ്ഞ മാസം പാർലമെന്റിൽ അവതരിപ്പിച്ചത്. ഇവ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷ പാർട്ടികൾ.
അനുകൂല രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തെരെഞ്ഞെടുപ്പ് നേരത്തെ നടത്താൻ തീരുമാനിച്ചത്. മൊത്തം 174 അംഗങ്ങളെയാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കുക.
88 അംഗങ്ങളുടെ പിന്തുണയുള്ളവർക്കു സർക്കാർ രൂപീകരിക്കാം. നവംബർ 16 വരെ നോമിനേഷനുകൾ സ്വീകരിക്കും. ഇത്തവണ മലയാളികളും തെരെഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടാവും .
ജര്മന് രാഷ്ട്രീയ സുനാമിയില് ഭരണ മുന്നണി തകര്ന്നു
ബര്ലിന്: ഫ്രീ ഡെമോക്രാറ്റിക് പാര്ട്ടി ജര്മന് സര്ക്കാരില് നിന്ന് മന്ത്രിമാരെ പിന്വലിച്ചു. ഇതോടെ ഭരണ മുന്നണി തകര്ന്നു. ട്രാഫിക് ലൈറ്റ് സഖ്യം ഇല്ലാതായതോടെ ജനുവരിയില് ചാന്സലര് ഒലാഫ് ഷോള്സിന്റെ സര്ക്കാര് ജനുവരിയില് അവിശ്വാസ പ്രമേയം നേരിടും. ഇതില് ഏറെക്കുറെ പരാജയം ഉറപ്പായ സാഹചര്യത്തില് രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്കാണ് നീങ്ങാനാണ് സാധ്യത.
ജനുവരി മധ്യത്തില് പാര്ലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നാണ് ഷോള്സിന്റെ പ്രഖ്യാപനം. മാര്ച്ചില് തന്നെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്.
നിയ ലിബറല് പാര്ട്ടിയായ എഫ്ഡി പിയുടെ പ്രതിനിധിയും ധനമന്ത്രിയുമായ ക്രിസ്റ്റ്യൻ ലിന്ഡ്നറെ തല്സ്ഥാനത്തുനിന്ന് ഷോള്സ് പുറത്താക്കിയതോടെയാണ് മുന്നണിയിലെ തര്ക്കം വഷളായത്. സോഷ്യല് ഡെമോക്രാറ്റിക് പാര്ട്ടിയുടെ പ്രതിനിധിയാണ് ഷോള്സ്.
ഇവ രണ്ടും കൂടാതെ ഗ്രീന് പാര്ട്ടി കൂടി ഉള്പ്പെടുന്നതായിരുന്നു ജര്മനിയിലെ ട്രാഫിക് ലൈറ്റ് സഖ്യം. ഇതില് എസ് പി ഡിയും ഗ്രീനും ഇടതുപക്ഷ ചായ്വുള്ള പാര്ട്ടികളാണ്. ഇവര് ആശയപരമായി സാമൂഹിക ക്ഷേമത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വിശ്വസിക്കുമ്പോള്, വ്യാവസായിക ലോകത്തിന് അനുകൂലമാണ് എഫ് ഡി പിയുടെ പ്രഖ്യാപിത നയം.
സര്ക്കാരിന്റെ തുടക്കം മുതല് തന്നെ മുന്നണിയില് ആശയപരമായ സംഘര്ഷങ്ങള് പ്രകടമായിരുന്നു. ബജറ്റ് അടക്കമുള്ള സുപ്രധാന നയ സമീപനങ്ങളില് ഇതു വലിയ തര്ക്കങ്ങള്ക്കും കാരണമായിരുന്നു.
എന്നാല്, ആശയ സംഘര്ഷം പൊതുജനമധ്യത്തിലെ വിഴുപ്പലക്കലുകളാകാതെ മൂന്നു പാര്ട്ടികളും പരമാവധി ശ്രദ്ധിച്ചിരുന്നു. കോവിഡ് മഹാമാരിയും റഷ്യയുടെ യുക്രെയ്ന് അധിനിവേശവും തുടര്ന്നുണ്ടായ ഇന്ധന പ്രതിസന്ധിയും അടക്കം ജര്മനിയെ നേരിട്ടു ബാധിച്ച സുപ്രധാന വിഷയങ്ങളെ ഇതുവരെ ഒറ്റക്കെട്ടായി അഭിമുഖീകരിക്കാനും മുന്നണിക്കു സാധിച്ചിരുന്നു.
അതുകൊണ്ടു തന്നെയാണ്, ലിന്ഡ്നറെ പുറത്താക്കാനുള്ള തീരുമാനം ഷോള്സ് പ്രഖ്യാപിച്ചത് ജര്മനിക്കും യൂറോപ്പിനാകെയും ഞെട്ടലുണ്ടാക്കിയത്. വില കുറഞ്ഞ രാഷ്ട്രീയവും ഈഗോയിസ്റ്റിക് സമീപനവുമാണ് പുറത്താക്കലിനു കാരണമായി ഷോള്സ് ചൂണ്ടിക്കാണിച്ചത്.
ഇടക്കാല തെരഞ്ഞെടുപ്പിനെ എസ് പി ഡി അടക്കം ഇടതു ചായ്വുള്ള പാര്ട്ടികള് സ്വാഗതം ചെയ്തു. എന്നാല്, ജര്മനിയുടെ വിമോചനമാണ് മുന്നണി സര്ക്കാരിന്റെ തകര്ച്ചയിലൂടെ സാധ്യമായിരിക്കുന്നത് എന്നാണ് തീവ്ര വലതുപക്ഷ പ്രസ്ഥാനമായ എഎഫ്ഡി പ്രതികരിച്ചത്.
സര്ക്കാര് ന്യൂനപക്ഷമായ പശ്ചാത്തലത്തില്, ബജറ്റ് പാസാക്കാന് കണ്സര്വേറ്റീവ് നേതാവ് ഫ്രെഡറിക് മെര്സിന്റെ പിന്തുണ അഭ്യര്ഥിച്ചിരിക്കുകയാണ് ഷോള്സ്. 2025 തെരഞ്ഞെടുപ്പ് വര്ഷം തന്നെയായതിനാല്, ഏതാനും മാസങ്ങള്ക്കു വേണ്ടി പുതിയ മുന്നണി പരീക്ഷണങ്ങള്ക്ക് മുഖ്യധാരാ പാര്ട്ടികളൊന്നും ശ്രമിക്കാന് സാധ്യതയില്ല.
യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്
ലണ്ടൻ: യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ രണ്ടിന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടക്കെടുപ്പ് നടത്തി.
ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു (ടിക്കറ്റ് നമ്പർ 06387). രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമും (ടിക്കറ്റ് നമ്പർ 01544 കരസ്ഥമാക്കി. രണ്ട് ഗ്രാം വീതം ഒരോ റീജണുകളിൽ നിന്നുമുള്ള നറുക്കെടുപ്പ് വിജയികളായവർ താഴെ പറയുന്നവരാണ്.
നോർത്ത് വെസ്റ്റ് റീജിയൻ ചാക്കോ (ടിക്കറ്റ് നമ്പർ 04715)
മിഡ്ലാൻഡ്സ് റീജിയൻ ഫിലിപ്പ് ലൂക്കോസ് (ടിക്കറ്റ് നമ്പർ 06009)
സൗത്ത് വെസ്റ്റ് റീജിയൻ സിജ്ന മേരി സാജു (ടിക്കറ്റ് നമ്പർ 01506)
ഈസ്റ്റ് ആംഗ്ലിയ റീജിയൻ അഭിജിത്ത് കൃഷണൻ (ടിക്കറ്റ് നമ്പർ 09176)
സൗത്ത് ഈസ്റ്റ് റീജിയൻ അലൻ (ടിക്കറ്റ് നമ്പർ 02308)
യോർക് ഷെയർ റീജിയൻ ഇർഷാദ് (ടിക്കറ്റ് നമ്പർ 03234)
മറ്റ് റീജിയണുകൾ നാഷണൽ ബാവ വാസു (ടിക്കറ്റ് നമ്പർ 09602).
വിജയികളെ യുക്മ ദേശീയ സമിതി അഭിനന്ദിച്ചു. വിജയികളായവർക്ക് യുക്മ അടുത്ത് തന്നെ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ് എന്നിവർ അറിയിച്ചു.