ഡാളസ് മലയാളി അസോസിയേഷന് നവനേതൃത്വം
ബിനോയി സെബാസ്റ്റ്യന്‍
Monday, December 16, 2024 5:01 PM IST
ഡാളസ്: നോര്‍ത്ത് ടെക്സസിലെ പ്രമുഖ സാമൂഹ്യസാംസ്കാരിക സംഘടനയായ ഡാളസ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. പ്രസിഡന്റ് ജൂഡി ജോസ്, സെക്രട്ടറി സുനു മാത്യു, ജോയിന്റ് സെക്രട്ടറി സിന്‍ജോ തോമസ്, ട്രഷറര്‍ സൈയ്ജു വര്‍ഗീസ്, കള്‍ച്ചറല്‍ ഡയറക്ടര്‍ ശ്രീനാഥ് ഗോപാലകൃഷ്ണന്, സ്പോര്‍ട്സ് ആൻഡ് മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ ജയന് കോഡിയത്ത് തുടങ്ങിയവര്‍ നേതൃത്വമേകുന്ന പത്തംഗ കമ്മിറ്റി ഇര്‍വിംഗ് പസന്ത് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
അടുത്ത രണ്ടു വര്‍ഷമാണ് കമ്മിറ്റിയുടെ പ്രവര്‍ത്തന കാലാവധി. 2018 മുതല്‍ നിര്‍ജീവമായി കിടക്കുന്ന അസോസിയേഷന്റെ സര്വ്വതോന്മുഖമായ പ്രവര്‍ത്തനങ്ങളെ പുനരുദ്ധരിച്ചുകൊണ്ട് സുതാര്യവും സമഗ്രവുമായ പദ്ധതികളും പൊതുപരിപാടികളും എല്ലാ വിഭാഗം ആളുകളേയും സഹകരിപ്പിച്ചുകൊണ്ട് നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ജൂഡി ജോസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ആറിന് ഇര്‍വിംഗ് പസന്ത് ഓണിറ്റോറിയത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ നടത്തുമെന്ന് ജൂഡി ജോസ് പറഞ്ഞു. ഫോമ സതേണ്‍ റീജിയന് വൈസ് പ്രസിഡന്റ് ബിജു ലോസണ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. അസോസിയേഷന് ഡയറക്ടര്‍ ഡക്സ്റ്റര്‍ ഫെരേരയാണ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍.