പായൽ കപാഡിയയ്ക്ക് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ
പി.പി. ചെറിയാൻ
Thursday, December 12, 2024 11:25 AM IST
ന്യൂയോർക്ക്: 82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷൻ കരസ്ഥമാക്കി പായൽ കപാഡിയ. മികച്ച സംവിധാനത്തിനുള്ള പട്ടികയിലാണ് പായൽ കപാഡിയ ഇടംപിടിച്ചിരിക്കുന്നത്. ഈ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സംവിധായികയാണ് കപാഡിയ.
മോഷൻ പിക്ചർ വിഭാഗത്തിൽ കപാഡിയയുടെ "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ മികച്ച ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് നാമനിർദേശം ചെയ്യപ്പെട്ടത്.
മികച്ച ഇംഗ്ലിഷ് ഇതര ഭാഷാ മോഷൻ പിക്ചർ വിഭാഗത്തിൽ, ഫ്രാൻസിന്റെ എമിലിയ പെരസ് (ഈ വർഷത്തെ ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ നാമനിർദേശം ചെയ്യപ്പെട്ട ചിത്രം), ദ ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ എന്നിവയുൾപ്പെടെ പ്രശസ്തമായ രാജ്യാന്തര സിനിമകൾക്കൊപ്പമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുന്നത്.
മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകരായ ജാക്വസ് ഓഡിയാർഡ് (എമിലിയ പെരസ്), സീൻ ബേക്കർ (അനോറ), എഡ്വേർഡ് ബെർഗർ (കോൺക്ലേവ്), ബ്രാഡി കോർബറ്റ് (ദ ബ്രൂട്ടലിസ്റ്റ്), കോറലി ഫാർഗേറ്റ് (ദ സബ്സ്റ്റൻസ്) എന്നിവർക്കൊപ്പമാണ് കപാഡിയ മത്സരിക്കുന്നത്.
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, 2024ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടയിൽ മത്സരിച്ച് അഭിമാനകരമായ ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയെന്ന നേട്ടം കൈവരിച്ചാണ് കപാഡിയയുടെ സിനിമ ഗോൾഡൻ ഗ്ലോബിലേക്ക് എത്തുന്നത്.
ഏഷ്യാ പസഫിക് സ്ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇന്റർനാഷനൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച രാജ്യാന്തര ചിത്രം എന്നീ നേട്ടങ്ങളും കൈവരിച്ചു.
ചലച്ചിത്ര - ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്.