അമേരിക്കന്‍ മലങ്കര അതിഭ്രദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ബാവ അനുസ്മരണം ബുധനാഴ്ച
ജോര്‍ജ് കറുത്തേടത്ത്
Monday, December 2, 2024 5:14 PM IST
ന്യൂയോർക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച വൈകുന്നേരം മലങ്കരയുടെ യാക്കോബ് ബുര്‍ദാന എന്ന് അറിയപ്പെട്ടിരുന്ന കാതോലിക്ക ആബൂര്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുസ്മരണം ഭദ്രാസനാസ്ഥാനമായ സെന്റ് അഫ്രേം കത്തീഡ്രലില്‍ നടത്തും.
ഭദ്രാസനാധിപന്‍ യല്‍ദോ മോര് തീത്തോസ് മെത്രാപോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന അനുസ്മരണ ചടങ്ങില്‍ വൈദീക ശ്രേഷ്ഠരും ഒട്ടനവധി വിശ്വാസികളും പങ്കുചേരും. വൈകുന്നേരം 6.30ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് കുര്‍ബാനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും.
മലങ്കര യാക്കോബായ സുറിയാനി സഭയെ നിശ്ചയദാര്‍ഢ്യത്തോടെ കൈപിടിച്ചു നടത്തിയ ബാവയുടെ വേര്‍പാടില്‍ ലോകമെമ്പാടുമുള്ള സുറിയാനി സഭയുടെ വേദനയില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനവും പങ്കുചേര്‍ന്നുകൊണ്ട് നടത്തപ്പെടുന്ന ഈ അനുസ്മരണ ചടങ്ങിനായുള്ള ക്രമീകരണങ്ങള്‍ ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ശ്രേഷ്ഠബാവയുടെ 40-ാം ഓര്‍മദിനം സമുചിതമായി പാത്രിയര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ മലങ്കരയില്‍ ഈ മാസം ഒന്‍പതിന് നടത്തുന്നതിനാല്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഭദ്രാസന മെത്രാപോലീത്തയോടൊപ്പം ഭദ്രാസന സെക്രട്ടറി റവ.ഫാ. ജെറി ജേക്കബ്, മറ്റു വൈദീകര്‍ എന്നിവർ ഇന്ത്യയിലേക്ക് പോകുന്നുവെന്നുള്ളതിനാലാണ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള അനുസ്മരണ ചടങ്ങ് ഡിസംബര്‍ നാലിന് ക്രമീകരിച്ചിരുക്കുന്നത്.