മാനസികാരോഗ്യം സംരക്ഷിക്കാൻ സൗജന്യ ഓൺലൈൻ സേവനവുമായി റിലീഫ് കോർണർ
ജീമോൻ റാന്നി
Friday, November 29, 2024 3:45 PM IST
ഹൂസ്റ്റൺ: മാനസികാരോഗ്യ വികസനത്തെ പിന്തുണയ്ക്കുന്നതിനും വീണ്ടെടുക്കുന്നതിനും സൗജന്യ സഹായവുമായി റിലീഫ് കോർണർ. ഓൺലൈൻ മീറ്റിംഗിലൂടെ റിലീഫ് കോർണർ എന്ന ചാരിറ്റബിൾ ഓർഗനൈസേഷൻ ഡോ. സജി മത്തായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള നിരവധി പ്രമുഖരും മാനസികാരോഗ്യ വിദഗ്ധരും ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും അവരുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. ഹൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് ഉദ്ഘാടനം നിർവഹിക്കുകയും തന്റെ പിന്തുണ പങ്കുവയ്ക്കുകയും സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്തു.
പ്രശസ്ത സൈക്കോളജിസ്റ്റും അഡിക്ഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റുമായ ഡോ.സിസ്റ്റർ ജോവാൻ ചുങ്കപ്പുരയ്ക്ക് (ട്രാഡ ഡയറക്ടർ) ചില കാരണങ്ങളാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായില്ല. എന്നാൽ ഡോ. ജോവാൻ ചുങ്കപ്പുര സൗജന്യമായി സേവനമനുഷ്ഠിക്കുന്ന റിലീഫ് കോർണറിലെ പ്രഫഷനലുകളുടെ ടീമിൽ അംഗമാണെന്ന് ഡോ. സജി മത്തായി അറിയിച്ചു.
ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ് ഈ സംരംഭത്തിന് പൂർണ പിന്തുണ നൽകി അഭിനന്ദിച്ചു. ഐപ്പ് തോമസ്, അലക്സാണ്ടർ ജേക്കബ്, പ്രശസ്ത കൗൺസിലർമാരായ അഡ്വ. ഡോ. മാത്യു വൈരമൺ, ഡോ. തോമസ് പി. മാത്യു, ഡോ. ഫ്രാൻസിസ് ജേക്കബ്, പാട്രിക് എം കല്ലട എന്നിവരും പിന്തുണ അറിയിച്ചു.
പ്രശസ്ത കർണാടക സംഗീതജ്ഞൻ കുമ്മനം ശശികുമാറും കാർട്ടൂണിസ്റ്റ് പന്തളം ബാബുവും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും സംഗീതത്തിന്റെയും കലയുടെയും പ്രാധാന്യം പങ്കുവയ്ക്കുകയും വെർച്വൽ ക്ലാസുകൾ നൽകാനുള്ള പൂർണ പിന്തുണയും സന്നദ്ധതയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറാൻ റിലീഫ് കോർണർ ഗ്രൂപ്പ് സഹായിച്ചതെങ്ങനെയെന്ന് അൽഫോൻസി ജെയിംസ് അനുഭവം പങ്കുവച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.Reliefcorner.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.