ജോർജിയയിൽ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ്
പി.പി. ചെറിയാൻ
Friday, November 22, 2024 7:31 AM IST
ഏഥൻസ്(ജോർജിയ): ജോർജിയ സർവകലാശാലയിലെ നഴ്സിംഗ് വിദ്യാർഥിനിയായ ലേക്കൻ റൈലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അനധികൃത കുടിയേറ്റക്കാരൻ ഹൊസെ ഇബാറയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ബുധനാഴ്ച നടന്ന വിചാരണയിൽ ഇയാൾക്കെതിരെ ചുമത്തിയ 10 കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഏഥൻസ്ക്ലാർക്ക് കൗണ്ടി സുപ്പീരിയർ കോടതി കണ്ടെത്തി. പരോളിന്റെ സാധ്യതയില്ലാതെയാണ് ഇബാറയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
കേസിൽ അപ്പീൽ നൽകാനോ പുതിയ വിചാരണ അഭ്യർഥിക്കാനോ ഇബാറയ്ക്ക് 30 ദിവസമുണ്ട്. റൈലിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിങ്ങി നിറഞ്ഞ കോടതിമുറിയിലാണ് ജഡ്ജി എച്ച്. പാട്രിക് ഹാഗാർഡ് വിധി പ്രഖ്യാപിച്ചത്.
റൈലിയുടെ കുടുംബാംഗങ്ങൾ കോടതിയിൽ നൽകിയ പ്രസ്താവനകൾ കോടതിമുറിയിൽ വികാരനിർഭരമായ നിമഷങ്ങൾക്ക് കാരണമായി.
“പേടിയും പരിഭ്രാന്തിയും നിറഞ്ഞ എന്റെ കുട്ടിയോട് ഹൊസെ ഇബാറ ഒരു ദയയും കാണിച്ചില്ല. ആ ഭയാനകമായ ദിവസം, എന്റെ മകൾ ആക്രമിക്കപ്പെട്ടു. മർദിക്കപ്പെട്ടു. ക്രൂരമായ പീഡനത്തിൽ നിന്ന് സ്വയം രക്ഷ നേടാൻ പോരാടി. ഈ ദുഷ്ടനായ ഭീരു റൈലിയുടെ ജീവിതത്തോട് യാതൊരു പരിഗണനയും കാണിച്ചില്ല,” റൈലിയുടെ അമ്മ അലിസൺ ഫിലിപ്സ് വേദനയോടെ പറഞ്ഞു.
ഹൊസെ ഇബാറ എന്റെ ജീവിതം പൂർണമായും തകർത്തു. വലിയ ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനും പ്രാർഥിക്കാനും മാത്രമേ കഴിയൂ, റൈലിയുടെ സഹോദരി ലോറൻ ഫിലിപ്സ് പറഞ്ഞു.