ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ ഉദ്ഘടാനം വർണാഭമായി
സരൂപ അനിൽ
Monday, December 2, 2024 4:43 PM IST
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഫൊക്കാന റീജിയണൽ ഉദ്ഘടാനം ജനാവലികൊണ്ടും കലാപരിപാടികളുടെ മേന്മ കൊണ്ടും ഏറെ ശ്രദ്ധേയമായി.
വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പാർവതി സുധീറിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി അംഗം മനോജ് മാത്യു സ്വാഗത പ്രസംഗം നിർവഹിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിലവിളക്ക് കൊളുത്തി ഉദ്ഘടാനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അധ്യക്ഷത വഹിച്ചു.
വസുദൈവ കുടുംബകം എന്ന മഹത്തായ സങ്കല്പം ഉൾക്കൊണ്ടു കൊണ്ടാണ് താൻ ഫൊക്കാന പ്രസിഡന്റ് പദത്തിൽ ഇരിക്കുന്നതെന്ന് സജിമോൻ ആന്റണി പറഞ്ഞു.
ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് രാജഗിരിക്കു പുറമെ പാലാ മെഡിസിറ്റി, ബിലിവേഴ്സ് ഹോസ്പിറ്റല്‍ തിരുവല്ല എന്നിവയുമായി ധാരണയായെന്ന് അദ്ദേഹം പറഞ്ഞു. 23 പദ്ധതികൾ സംഘടന ഉടൻ നടത്തുമെന്ന് സജിമോൻ വിവരിച്ചു.
റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അടുത്ത രണ്ട് വർഷം വാഷിംഗ്ടൺ ഡിസി ഏരിയയിൽ റീജിയണൽ കമ്മിറ്റി നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ വിവരിച്ചു.
സ്വാർഥതാത്പര്യങ്ങൾക്കു വേണ്ടി ഫൊക്കാനയെ തകർക്കാൻ ശ്രമിക്കുന്നവരെ ലോകമലയാളികൾ മാപ്പ് കൊടുക്കില്ലെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.
താൻ എന്നും ഫൊക്കാനയ്ക്ക് ഒപ്പം കാണുമെന്ന് വൈസ് പ്രസിഡന്റ് വിപിൻ രാജ് പറഞ്ഞു. ഫൊക്കാനയെ പഴയ പ്രൗഢിയിൽ എത്തിച്ച സജിമോൻ ആന്റണിക്കു പൂർണ പിന്തുണ നൽകുന്നു എന്ന് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ തോമസ് തോമസ് പറഞ്ഞു.
നാഷണൽ കമ്മിറ്റി അംഗം ഷിബു സാമുവേൽ, ഓഡിറ്റർ സ്റ്റാൻലി ഏതുണിക്കൽ എന്നിവർ ആശംസകൾ നേർന്നു. റീജിയണൽ ഉദ്ഘാടനം മനോഹരമാക്കി തീർത്ത റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോളിനെയും വൈസ് പ്രസിഡന്റ് വിപിൻ രാജിനെയും മനോജ് മാത്യുവിനെയും അഭിനന്ദിച്ചു.
191 തവണ രക്തദാനം നിർവഹിച്ച തോമസ് വിതയത്തിനെ ഫൊക്കാന ഡിസി റീജിയൺ പരിപാടിയിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ഫൊക്കാന ന്യൂസ് കൈകാര്യം ചെയ്തു വരുന്ന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെ സമഗ്ര സംഭാവനകളെ മാനിച്ചു പൊന്നാടി അണിയിച്ചു ആദരിച്ചു.
ആദ്യകാല ഫൊക്കാന നേതാക്കളായ വർഗീസ് സ്കറിയ, തോമസ് തോമസ്, ജെയിംസ് ജോസഫ് എന്നിവരെ സ്റ്റാൻഡിംഗ് ഓവഷൻ നൽകി ആദരിച്ചു. ഡോ. മാത്യു തോമസ്, ബിജോയി വിതയത്തിൽ, ബിജോയി പട്ടംപാടി, പെൻസു ജേക്കബ്, ജിജോ ആലപ്പാട്ട്, കുട്ടി മേനോൻ, മനോജ് ശ്രീനിലയം, ജോസഫ് തോമസ് തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.
ഫൊക്കാന വിമൻസ് ഫോറത്തിന്റെ പദ്ധതികളെ പറ്റി വിമൻസ് ഫോറം കോ ചെയർ സരൂപ അനില്‍ വിശദീകരിച്ചു. വാഷിംഗ്ടൺ ഡിസി വിമൻസ് ഫോറം എക്സിക്യൂട്ടീവുകളുടെ സജീവ പങ്കാളിത്തം ഫൊക്കാന സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ ആയിരുന്നു.
പരിപാടിക്ക് മിഴിവേകാൻ പാകത്തിൽ കലാപരിപാടികളും അവതരിപ്പിക്കപ്പെടുകയുണ്ടായി. നന്ദി പ്രസംഗം അവതരിപ്പിച്ചത് റീജിയണൽ സെക്രട്ടറി ജോബി സെബാസ്റ്റ്യൻ ആയിരുന്നു.
വിമൻസ് ഫോറം കോ ചെയർ സരൂപ അനില്‍ പരിപാടിയുടെ അവതാരിക ആയിരുന്നു.