വീട്ടമ്മയെ മർദിച്ച് 45,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു
1576109
Wednesday, July 16, 2025 1:27 AM IST
വടക്കഞ്ചേരി: വീടിന്റെ വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും തല്ലിയും അവശയാക്കി സ്വർണാഭരണങ്ങളും പണവും കവർന്നു. വടക്കഞ്ചേരി പഞ്ചായത്തിലെ പൊത്തപ്പാറ സെന്ററിനടുത്ത് വെട്ടിക്കൽകുളമ്പിൽ വളയൽ ബാബുവിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. വടികൊണ്ടുള്ള അടിയിൽ കൈക്ക് പരിക്കേറ്റ ബാബുവിന്റെ ഭാര്യ ജയന്തി (48)യെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. ബെഡ്റൂമിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപയും മൂന്ന് പവന്റെ സ്വർണാഭരണങ്ങളുമാണ് കവർന്നത്.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പിറകിലെ വാതിലും ഹാളിലേക്കുള്ള വാതിലും ചവിട്ടിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നതെന്ന് ജയന്തി പറഞ്ഞു. വാതിലുകളുടെ കുറ്റികളും കൊളുത്തുകളും തെറിച്ചുവീണ നിലയിലാണ്. ഹാളിൽ ഉണ്ടായിരുന്ന ജയന്തിയെ മോഷ്ടാക്കളിലൊരാൾ ചുമരിനോട് ചാരിനിർത്തി കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ഇതിനിടെ മോഷ്ടാക്കളിൽ നിന്നും കുതറിമാറി ജയന്തി മറ്റൊരു ബെഡ്റൂമിൽ കയറി വാതിൽ അടച്ചു. വാതിൽ ചവിട്ടിപൊളിക്കാതിരിക്കാൻ മുറിയിലെ കട്ടിൽ വാതിലിനോട് ചേർത്തിയിട്ടു. ഈ സമയമാണ് തൊട്ടടുത്ത മുറിയിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വലിച്ച് വാരിയിട്ട് അതിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടത്.
അരമണിക്കൂർ മുറിയിൽ കഴിഞ്ഞ ജയന്തി പിന്നീട് മുറിക്കുള്ളിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോണിൽ കൂട്ടുകാരിയെ വിളിച്ച് നാട്ടുകാരെ വിവരമറിയിച്ചാണ് ജയന്തിയെ ആശുപത്രിയിലെത്തിച്ചത്. മഴയുള്ള സമയത്തായിരുന്നു മോഷണം. സംഭവത്തിന് പത്ത് മിനിറ്റ് മുമ്പ് അടുക്കള ഭാഗത്ത് ശബ്ദംകേട്ട് നോക്കിയപ്പോൾ ഒന്നും കണ്ടില്ല. ഈ സമയം കറന്റും ഉണ്ടായിരുന്നില്ല. മുഖംമൂടിവച്ച് റെയിൻകോട്ട് ധരിച്ച രണ്ട് പേരായിരുന്നെന്ന് ജയന്തി പറഞ്ഞു. ഭർത്താവ് ബാബു വടക്കഞ്ചേരിയിലെ ഐഒസി പെട്രോൾ പമ്പിൽ ജോലിയിലായിരുന്നു.
മക്കളും വീട്ടിലുണ്ടായിരുന്നില്ല. കാറ്ററിംഗ് ജോലിയുള്ള ജയന്തി തനിച്ചായിരുന്നു വീട്ടിൽ. പൊത്തപ്പാറ സെന്ററിൽ നിന്നും പല്ലാറോഡിലേക്കുള്ള റോഡിൽ ഉള്ളിലേക്ക് മാറിയാണ് ഈ വീട്. രണ്ടു വീടുകൾക്കു നടുവിലൂടെയുള്ള ഒറ്റയടിപാതയിലൂടെ അമ്പത് മീറ്റർ നടന്നുവേണം ഈ വീട്ടിലെത്താൻ.
വഴിയിലെ അവസാനത്തെ വീടാണിത്. ഒറ്റപ്പെട്ട വീടും സമീപത്ത് റബർതോട്ടവുമാണ്. വീടിനു മുന്നിൽ സിസി ടിവി ഉണ്ടെങ്കിലും സംഭവസമയത്ത് അത് പ്രവർത്തിച്ചിരുന്നില്ലെന്ന് ബാബു പറഞ്ഞു. വടക്കഞ്ചേരി സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.