ശാപമോക്ഷംതേടി "ലോഹിതദാസ്' റോഡ്
1576099
Wednesday, July 16, 2025 1:27 AM IST
ഒറ്റപ്പാലം: അമരാവതിയിലെത്താൻ ചെളിത്തോടു താണ്ടണം. അനശ്വര കഥാകാരൻ എ.കെ. ലോഹിതദാസിന്റെ വീടായ അമരാവതിക്ക് മുമ്പിലൂടെ കടന്നുപോകുന്ന പാതയാണ് മഴയിൽ തകർന്ന് ഉപയോഗരഹിതമായത്. മണ്ണും ചെളിയും നിറഞ്ഞ വെള്ളക്കെട്ടായിമാറി ഈ പാത. സിനിമസംവിധായകൻ ലോഹിതദാസിന്റെ പേരിലുള്ള ഈ പാത കാലെടുത്തുവയ്ക്കാൻ പോലും കഴിയാത്തനിലയിൽ തകർന്നു.
ജൂൺ 28ന് ലോഹിതദാസ് അനുസ്മരണം നടക്കുന്നതിനു മുമ്പെങ്കിലും പാത നന്നാക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, അതുണ്ടായില്ല. എട്ടുവർഷംമുൻപാണ് പാത നിർമിച്ചത്. നാളിതുവരെ അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. വിദ്യാർഥികളും തൊഴിലാളികളും സർക്കാർജീവനക്കാരുമായി നിത്യേന ഇരുനൂറിലേറെ ആളുകൾ ഉപയോഗിക്കുന്ന പാതയാണിത്.
എതിർദിശയിൽനിന്ന് വാഹനംവന്നാൽ ചെളിയിലിറങ്ങാതെ മാറിനിൽക്കാൻപോലും ഇടമില്ല. പ്രദേശവാസികളോടുള്ള അവഗണനയും മൺമറഞ്ഞ സംവിധായകനോടുള്ള അനാദരവുമാണ് പാത നന്നാക്കാൻ നടപടികളില്ലാത്തതെന്നു വിമർശനവും ഉയർന്നുകഴിഞ്ഞു.