പാമ്പുപിടിത്തവിദഗ്ധൻ കാരയങ്കാട് മുഹമ്മദാലിക്കു വിശ്രമമില്ല
1576107
Wednesday, July 16, 2025 1:27 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ടൗണിനടുത്ത് കാരയങ്കാട് സ്വദേശിയായ മുഹമ്മദാലി എന്ന ചെറുപ്പക്കാരന് വിശ്രമമില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കും. വീടിനുള്ളിൽ, ഫ്രിഡ്ജിനുള്ളിൽ, കിണറ്റിൽ, കോഴിക്കൂട്ടിൽ, വിറകുപുരയിൽ, അങ്ങനെ സഹായിക്കണേ, രക്ഷിക്കണേ എന്നു പറഞ്ഞുള്ള ഫോൺ കോളുകളുടെ പ്രവാഹമാണ് മുഹമ്മദാലിയെ തേടിയെത്തുന്നത്.
കഴിഞ്ഞ രാത്രികളിൽ തന്നെ ആലത്തൂരിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി ഉഗ്രവിഷപാമ്പുകളെയാണ് മുഹമ്മദാലി പിടികൂടി നാട്ടുകാരെ ഭയപ്പാടിൽ നിന്നും രക്ഷപ്പെടുത്തിയത്. നാലുവർഷമായി വനംവകുപ്പിൽ വാച്ചർ ജോലിയുള്ള മുഹമ്മദാലിക്ക് പാമ്പുപിടുത്തം തന്നെയാണ് പ്രധാന ജോലി. അണക്കപ്പാറ, മംഗലാംഡാം, പീച്ചി തുടങ്ങിയ ഫോറസ്റ്റ് ഓഫീസ് പരിധിയിലുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം കോളുകൾ വരും.
അറിയപ്പെടുന്ന പാമ്പു പിടുത്തക്കാരനായിരുന്നു മുഹമ്മദാലിയുടെ വാപ്പ ബഷീർ. പാമ്പ്പിടുത്തത്തിന് വാപ്പയെ സഹായിക്കാൻ പതിനേഴാം വയസു മുതൽ പോയി തുടങ്ങിയതാണ് മുഹമ്മദാലിയും.
വാപ്പയുടെ മരണശേഷം പിന്നെ മുഹമ്മദാലിയായി നാട്ടിലെ പാമ്പുപിടുത്ത വിദഗ്ധൻ. 18 വർഷത്തിനിടെ 15,000 പാമ്പിനെയെങ്കിലും പിടികൂടിയിട്ടുണ്ടെന്ന് മുഹമ്മദാലി പറയുന്നു. കൂടുതലും മൂർഖൻ തന്നെയാണ്. അണലി, മലമ്പാമ്പ് തുടങ്ങിയവയും നാട്ടിൽ കുറവല്ല. മലമ്പ്രദേശമായ പാലക്കുഴിയിൽനിന്ന് മാത്രം എട്ടു രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. പിടികൂടുന്നവയെയെല്ലാം നെല്ലിയാമ്പതി കാട്ടിലാണ് വിടുന്നത്.
എന്നാൽ കാട്ടിലേക്കാൾ കൂടുതൽ പാമ്പുകൾ നാട്ടിലുണ്ടെന്നാണ് മുഹമ്മദാലി പറയുന്നത്. നാട്ടിൽ ഭക്ഷണ വേസ്റ്റും മറ്റും കൂടുതലുള്ളതിനാൽ അവിടെയെല്ലാം എലികൾ പെരുകുന്ന സ്ഥിതിയുണ്ട്. ഇവയെ പിടിക്കാൻ പാമ്പുകളുമെത്തും. ഇര തേടിയെത്തുന്ന പാമ്പുകൾ എലിയുടെ സാന്നിധ്യം കൂടുതലായി കണ്ട് അവിടെ തന്നെ വാസമുറപ്പിക്കും.
കോഴികളുള്ള വീടുകളിലും പാമ്പ് വരാൻ സാധ്യത കൂടുതലാണ്. വീടും പരിസരവുമെല്ലാം മാലിന്യമില്ലാതെ സൂക്ഷിച്ചാൽ പാമ്പ്ശല്യവും കുറയുമെന്നാണ് മുഹമ്മദാലി പറയുന്നത്. പാമ്പുകളെ പിടികൂടി നാട്ടിലെ രക്ഷകനാകുന്നുണ്ടെങ്കിലും പലപ്പോഴും യാത്രാ ചെലവു പോലും കിട്ടാറില്ലെന്ന വിഷമവും മുഹമ്മദാലിക്കുണ്ട്.