വവ്വാലുകളുടെ കൂട്ടം; ജനങ്ങൾക്കു ആശങ്ക
1576101
Wednesday, July 16, 2025 1:27 AM IST
വടക്കഞ്ചേരി: ഇടവേളക്കുശേഷം നിപ്പ ഭീതി ആരോഗ്യമേഖലയെ പേടിപ്പിക്കുമ്പോൾ പതിറ്റാണ്ടുകളേറെയായി വവ്വാലുകളുടെ ആവാസകേന്ദ്രമായ പാളയം പ്രദേശവും ചർച്ചയാവുകയാണ്.
കുറുക്കന്റെ മുഖ സാദൃശ്യമുള്ള ഫ്ളയിംഗ് ഫോക്സ് എന്ന ഇനം വവ്വാലുകളാണ് നിപ്പയുടെ വൈറസ് വാഹകരെന്ന നിഗമനം കഴിഞ്ഞ വർഷമുണ്ടായിരുന്നു.
വവ്വാലുകളുടെയും കാക്ക ഉൾപ്പെടെയുള്ള പറവകളുടെയും വലിയ ആവാസ കേന്ദ്രമാണ് വടക്കഞ്ചേരി ടൗണിനടുത്തുള്ള പാളയം പ്രദേശം. ആരോഗ്യസംഘങ്ങളുടെ പരിശോധന വേണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി വവ്വാലുകളും മറ്റു പറവകളും പാളയം പ്രദേശത്തുണ്ട്. ഓരോ വർഷം പിന്നിടുമ്പോഴും പ്രദേശത്ത് വവ്വാൽ കൂട്ടങ്ങൾ പെരുകുകയാണെന്ന് പാളയം സ്വദേശി കൂടിയായ അഡ്വ.എം. ദിലീപ് പറഞ്ഞു.
സർക്കാർ ആശുപത്രിക്കു സമീപമാണ് പാളയം പ്രദേശം. നിപ്പ ഭീതി നിലനിൽക്കുമ്പോഴും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു മുൻകരുതൽ നടപടികളുമുണ്ടാകുന്നില്ലെന്ന പരാതിയുമുണ്ട്.
റമ്പൂട്ടാൻ തുടങ്ങിയ മുന്തിയ ഇനം പഴങ്ങളുടെ വിളവെടുപ്പുക്കാലം കൂടിയാണിത്. വവ്വാലുകളുടെ പഴംതീറ്റി വിനയാകുമോയെന്ന ആശങ്കയും നാട്ടുകാർ പങ്കിടുന്നു.