കണ്ണിയംപുറത്തെ പുതിയ കോടതിസമുച്ചയം: നടപടികൾക്കു തുടക്കം
1466627
Tuesday, November 5, 2024 2:17 AM IST
ഒറ്റപ്പാലം: പുതിയ കോടതിസമുച്ചയം കണ്ണിയംപുറത്ത് സ്ഥാപിക്കുന്നതിനു നടപടികൾ തുടങ്ങി. കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കണ്ണിയംപുറത്തെ സ്ഥലത്താണ് പദ്ധതിവരുന്നത്. ഇതിനാവശ്യമായ സ്ഥലംവിട്ടുനൽകാൻ ഉപാധികളോടെ റവന്യൂവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
ജലസേചനവകുപ്പിന്റെ 70 സെന്റ് സ്ഥലമാണ് കോടതിസമുച്ചയ നിർമാണത്തിനായി കൈമാറുന്നത്. ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലർത്തി ഭൂമിയുടെ കൈവശാവകാശമാണ് കൈമാറാൻ ഉത്തരവിട്ടിട്ടുള്ളതെന്ന് കെ. പ്രേംകുമാർ എംഎൽഎ അറിയിച്ചു.
സ്ഥലത്തെ മരങ്ങൾമുറിക്കാൻ റവന്യൂവകുപ്പിന്റെ അനുവാദം വാങ്ങലും, ഒപ്പം മുറിക്കുന്നതിന്റെ മൂന്നിരട്ടി വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് പരിപാലിക്കലടക്കമുള്ള കാര്യങ്ങളും നിർവഹിക്കേണ്ടതുണ്ട്. സ്ഥലം പണയപ്പെടുത്താനോ ഉപപാട്ടത്തിനോ നൽകരുത് തുടങ്ങിയ ഉപാധികളോടെയാണ് സ്ഥലം കൈമാറ്റംചെയ്തിരിക്കുന്നത്. ഇവയിൽ ഏതെങ്കിലുമൊന്നു ലംഘിച്ചാൽ സ്ഥലംതിരികെ റവന്യൂവകുപ്പിൽ പുനർനിക്ഷിപ്തമാകും.
നിലവിൽ താലൂക്കോഫീസിന് സമീപത്തുള്ള ഒറ്റപ്പാലം കോടതിക്കെട്ടിടത്തിനു ഒന്നര നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. കാലപ്പഴക്കത്തിന്റേതായ പ്രശ്നങ്ങളും ഈ കെട്ടിടത്തിലുണ്ട്.
2012ലാണ് പുതിയ കോടതിസമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്. നിലവിലെ കെട്ടിടം പൊളിച്ച് അതേസ്ഥലത്ത് പുതിയകെട്ടിടം നിർമിക്കാനായി 23.35 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കരുതെന്നും പുരാവസ്തുവെന്ന നിലയിൽ സംരക്ഷിക്കണമെന്നും വാദമുയർന്നു.
പൊളിച്ചുപണിയുമ്പോൾ സമീപത്തുള്ള സബ് ജയിലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്നതും പ്രതിസന്ധിയായി. പിന്നീടാണ് കണ്ണിയംപുറത്തെ ജലസേചനവകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റാൻ ധാരണയായത്. സ്ഥലംവിട്ടുനൽകുന്നതിൽ ജലസേചനവകുപ്പ് എതിർത്തതോടെ വീണ്ടും പദ്ധതിയുടെ അംഗീകാരം തടസപ്പെട്ടു. ചർച്ചകളുടെ അടിസ്ഥാനത്തിൽ പിന്നീടാണ് സ്ഥലം വിട്ടുനൽകാൻ ധാരണയാവുകയും ഉത്തരവിറങ്ങുകയും ചെയ്തത്.