നെൽപ്പാടങ്ങളെ സാരിയുടുപ്പിച്ചും നെറ്റ് കെട്ടിയും സംരക്ഷണം തീർത്ത് കർഷകർ
1466163
Sunday, November 3, 2024 6:43 AM IST
വടക്കഞ്ചേരി: നെൽകർഷകരുടെ കാര്യം മഹാകഷ്ടം തന്നെയാണ്. കൃഷിയിറക്കി അതിൽ നിന്നും വിളവെടുക്കാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാനാവില്ല. അത്രയേറെ നഷ്ടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞതാണ് പാടത്ത് കൃഷിയിറക്കി പരിപാലിച്ച് വളർത്തി കൊയ്ത് നെല്ല് വിറ്റ് വില കിട്ടുന്നതു വരെയുള്ള വിവിധ ഘട്ടങ്ങൾ.
ഇതെല്ലാം തരണംചെയ്ത് കൃഷി ചെയ്യുന്ന കർഷകരെ ഒടുവിൽ പരിഹസിക്കുന്ന മട്ടിലാണ് സർക്കാർ നിലപാടുകളും. വിളവും വിപണനവുമെല്ലാം ലോട്ടറിപോലെയാണ്. കിട്ടിയാൽ കിട്ടി. മുമ്പൊക്കെ വനാതിർത്തികളിലെ കരപ്പാടങ്ങളിൽ മാത്രമാണ് പന്നിശല്യമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വനാതിർത്തി വിട്ട് ആളുകൾ തിങ്ങിപ്പാർക്കുന്ന ടൗൺ പ്രദേശങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷമായി.
കൃഷിയെ രക്ഷിച്ചെടുക്കാൻ പെടാപ്പാടു പെടണം. കർഷകരുടെ രോദനങ്ങളാണിത്. രണ്ടാംവിള കൃഷിക്കായി ഒരുക്കം നടക്കുന്ന നെൽപ്പാടങ്ങളിലെല്ലാം ഇപ്പോൾ പഴയ സാരികളും പ്ലാസ്റ്റിക് ചാക്കുകളും നെറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
വിത്ത് പാകി അതിനു ചുറ്റും സാരികൾ വലിച്ചുകെട്ടിയാണ് നെൽച്ചെടികൾക്ക് സംരക്ഷണം നൽകുന്നത്. രണ്ടാംവിള കൃഷിക്കായി ആയക്കാട് പാടം സാരിയുടുത്തും നെറ്റുകൾ കെട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. കാട്ടുപന്നിയാണ് ഏറെ ശല്യക്കാർ.
ഇവ കൂട്ടമായെത്തി ചെളിക്കണ്ടത്തിൽ ഉരുണ്ട്കളിച്ചും കുത്തിമറിച്ചും മുളച്ചു വരുന്ന വിത്തെല്ലാം നശിപ്പിക്കും. മയിലുകളാണ് മറ്റൊരു ശല്യക്കാർ. പാകിയ നെല്ല് തിന്നുതീർത്താണ് ഇവ കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. ദേശാടനകൊക്കുകളുടെ വലിയപടയും കർഷകരെ ദ്രോഹിക്കാൻ പാടങ്ങളിൽ എത്തുന്നുണ്ട്.
ഇത്തരത്തിൽ ചുറ്റും തുണി കെട്ടിയാൽ പന്നി, മയിൽ എന്നിവയുടെ ശല്യത്തിന് കുറവുണ്ടെന്നാണ് കർഷകർ പറയുന്നത്. ഓരോവർഷവും പന്നികൾ പെരുകി വലിയ കൂട്ടങ്ങളായി മാറുകയാണ്.
പതിനഞ്ചും ഇരുപതും എണ്ണം വരുന്ന കൂട്ടങ്ങൾ രാത്രികാലങ്ങളിൽ പാടങ്ങളിലെത്തി കൃഷി നശിപ്പിക്കും. പറമ്പുകളിലും വലിയ തോട്ടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കപ്പ ഉൾപ്പെടെ കിഴങ്ങുവർഗങ്ങളൊന്നും കൃഷി ചെയ്യാനാകാത്ത സ്ഥിതിയായി.
റോഡിനു കുറുകെ പന്നിക്കൂട്ടങ്ങൾ ഓടുമ്പോഴുണ്ടാകുന്ന അപകടങ്ങൾക്കും കണക്കില്ല. അപകടങ്ങളിലെ മരണ നിരക്കുകളും ഉയരുകയാണ്. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
പന്നി ശല്യത്തിന് പ്രായോഗിക പരിഹാരം അടിയന്തരമായി ഉണ്ടായില്ലെങ്കിൽ നെൽകൃഷി ഉൾപ്പെടെ കൃഷികളെല്ലാം ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.