സ്വാമിനാഥനും ദേവുവും ഹാപ്പിയാണ്; കൂർക്കകൃഷി വിളവെടുപ്പു തുടങ്ങി
1466626
Tuesday, November 5, 2024 2:17 AM IST
വടക്കഞ്ചേരി: രാപ്പകൽ വ്യത്യാസമില്ലാതെ അഞ്ചുമാസക്കാലം കണ്ണിലെണ്ണയൊഴിച്ച് സംരക്ഷിച്ച കൂർക്കകൃഷിയുടെ വിളവെടുപ്പിലാണ് അഞ്ചുമൂർത്തിമംഗലം ഐടിസിക്കടുത്തെ കൊളവള്ളിയിലെ സ്വാമിനാഥനും ഭാര്യ ദേവുവും.
പന്നിക്കൂട്ടങ്ങളിൽനിന്നും കൃഷി രക്ഷിക്കലാണു ഏറെ ദുർഘടമെന്നു രണ്ടുപതിറ്റാണ്ടായി കൂർക്കകൃഷി നടത്തിവരുന്ന ഈ കർഷക ദമ്പതികൾ പറയുന്നു. മയിൽശല്യവും രൂക്ഷമാണ്.
കൃഷിയെ രക്ഷിച്ചെടുക്കാൻ ഷെഡ്കെട്ടി രാവുംപകലും കൃഷിയിടത്തിൽ കാവലിരുന്നു. വൈകുന്നേരമാകുന്നതോടെ പന്നിക്കൂട്ടങ്ങളുടെ വരവുതുടങ്ങും.
കൂടുതൽ ആക്രമണകാരികളാണെന്നുകണ്ടാൽ പടക്കംപൊട്ടിച്ച് തുരത്തണം. പടക്കംതന്നെ വലിയൊരു തുകയ്ക്ക് വാങ്ങേണ്ടി വന്നുവെന്നു ദേവു പറഞ്ഞു. എങ്കിലും ഇത്തവണ പന്നിശല്യം രൂക്ഷമായിട്ടും വിളവെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും.
വീട്ടിൽനിന്നും ഒരുകിലോമീറ്ററോളംമാറി അണക്കപ്പാറയിൽ ദേശീയ പാതയോരത്തെ പാടം പാട്ടത്തിനെടുത്താണു ഇവർ കൂർക്കകൃഷി നടത്തിയത്.
കൂടുതൽ സ്ഥലം പാട്ടത്തിനെടുത്തിരുന്നെങ്കിലും അസുഖത്തെ തുടർന്ന് പത്തുസെന്റ് സ്ഥലത്തു മാത്രമായിരുന്നു കൃഷി.
കൂർക്കക്ക് ഭേദപ്പെട്ട വിളവുണ്ടെങ്കിലും വിപണിയാണ് ഈ കൃഷി ദമ്പതികളെ വലയ്ക്കുന്നത്. കിലോയ്ക്ക് 40 രൂപ നിരക്കിൽ പാടത്തെ കൃഷിയിടത്തിൽതന്നെ ഇവർ ചില്ലറ വില്പന നടത്തുന്നുണ്ട്.
കൃഷിയിടത്തിൽ തന്നെ കൂർക്ക വിറ്റുതീർന്നില്ലെങ്കിൽ വാഹനം വാടകയ്ക്കുവിളിച്ച് തൃശൂർ മാർക്കറ്റിലെത്തിക്കണം. ചെലവ് കണക്കാക്കുമ്പോൾ അത് ലാഭകരമാകില്ലെന്നാണ് ഇവർ പറയുന്നത്.
കൂർക്ക വിറ്റുകിട്ടുന്ന തുകകൊണ്ടുവേണം ഇനി ചെലവുകളെല്ലാം കൂട്ടിമുട്ടിച്ച് എന്തെങ്കിലുമൊക്കെ വരുമാനം കണക്കാക്കാനെന്നും ഇവർ പറയുന്നു. ഉറക്കവും വിശ്രമവും ഇല്ലാതെയുള്ള ഇവരുടെ കഷ്ടപ്പാടുകൾക്ക് വില കണക്കാക്കുമ്പോൾ കൃഷി കണക്കുകൾ അനുകൂലമാകില്ലെന്ന് ഇവർക്കറിയാമെങ്കിലും അറിയാവുന്ന തൊഴിൽ ചെയ്യുകയാണെന്നു സ്വാമിനാഥൻ പറഞ്ഞു.