നഗരവനം വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രവർത്തനം വീണ്ടുംതുടങ്ങി
1465765
Saturday, November 2, 2024 3:06 AM IST
ഷൊർണൂർ: വനംവകുപ്പ് നടപ്പാക്കുന്ന നഗരവനം വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ശുചീകരണവും ടിക്കറ്റ് നൽകാനുള്ള സംവിധാനവും ഒരുക്കി. ഉദ്ഘാടനംകഴിഞ്ഞ് പിന്നീട് എതാനുംദിവസം സൗജന്യമായി തുറന്നതൊഴിച്ചാൽ പിന്നീട് അടച്ചിടുകയായിരുന്നു.
വിനോദസഞ്ചാരികൾക്കും ട്രക്കിംഗിന് താത്പര്യമുള്ളവർക്കുമുള്ളതാണ് പദ്ധതി. കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, നഴ്സറി, നടപ്പാത, വിശ്രമകേന്ദ്രങ്ങൾ, പ്രവേശനകവാടം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രവേശനകവാടവും ചെറിയ കുളവുമെല്ലാം തയ്യാറാക്കിയിട്ടുണ്ട്. കുളപ്പുള്ളി-ഗുരുവായൂർ പാതയിൽ ചുവന്നഗേറ്റിൽ വനംവകുപ്പിന്റെ ഓഫീസിനോടുചേർന്നാണ് നഗരവനം.
അന്തിമഹാകാളൻ കാടിനോട് ചേർന്നുള്ള 25 ഏക്കർ സ്ഥലത്താണ് നഗരവനംപദ്ധതി യാഥാർഥ്യമാക്കിയത്. അഞ്ച് ഘട്ടങ്ങളിലായി വിപുലമായ പദ്ധതികൾ നടപ്പാക്കും. അടുത്ത ഘട്ടത്തിൽ സംസ്ഥാന വനംവകുപ്പിന്റെ ഫണ്ടുൾപ്പെടുത്തി തുടർപ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യം. പ്രായമായവർക്കും കുട്ടികൾക്കും വ്യായാമം ചെയ്യാനാഗ്രഹിക്കുന്നവർക്കുമെല്ലാം ഒരേസമയം ഉപയോഗിക്കാനും വിശ്രമിക്കാനും വിനോദത്തിനുമായെത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരുകിലോമീറ്ററോളം നീളമുള്ള നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രത്യേകമായി തിരിച്ച ഭൂമിയിൽ മതിൽകെട്ടി അതിനകത്ത് മുളവേലി നിർമിച്ചാണ് നഗരവനത്തിന്റെ അതിർത്തി നിർണയിച്ചിരിക്കുന്നത്. പ്രധാനപാതയിൽ കോൺക്രീറ്റിൽ നിർമിച്ച മരത്തിനുമുകളിൽ തൂക്കിയിരിക്കുന്ന ദിശാബോർഡും സ്ഥാപിച്ചിട്ടുണ്ട്.