ഒറ്റപ്പാലത്തു വാനരശല്യം രൂക്ഷം
1466619
Tuesday, November 5, 2024 2:17 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് വാനരശല്യം രൂക്ഷം. ദിനംപ്രതി വാനരന്മാരുടെ ശല്യം പ്രദേശത്ത് വർധിച്ചുവരികയാണ്. ഒറ്റപ്പാലത്തിന്റെ പല പ്രദേശങ്ങളിലും വാനരന്മാർ കൂട്ടമായി ജനജീവിതത്തെ ഭയപ്പെടുത്തികൊണ്ടിരിക്കുകയാണ്.
ഓരോ ദിവസവും വാനരന്മാരുടെ എണ്ണം പെരുകുന്നുമുണ്ട്. വരോട്, അത്താണി, വാണിവിലാസിനി, വീട്ടാംപാറ, മുരുക്കുംപറ്റ, പാലാട്ട് റോഡ്, റെയിൽവേസ്റ്റേഷൻ പരിസരം, പനമണ്ണ, വട്ടനാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വാനരപ്പടയുടെ ആക്രമണം കൂടുതലായിട്ടുള്ളത്.
വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുക, ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുക, ഇലക്ട്രിക് സംവിധാനം തകരാറിലാക്കുക, ഓട്പൊളിച്ച് വലിച്ചിടുക, വളർത്തുമൃഗങ്ങളെ ആക്രമിക്കുക, കൃഷി നശിപ്പിക്കുക, തെങ്ങുകളിലെ തേങ്ങ വലിച്ചിടുക, കോഴികളെ കഴുത്ത്ഞെരിച്ച് കൊല്ലുക തുടങ്ങിയ വിനോദപരിപാടികളാണ് വാനരന്മാരുടെ കയ്യിലുള്ളത്. വാനരന്മാരുടെ സംഘം കുട്ടികളെ അക്രമിക്കുമോ എന്നതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പേടി. വാനരന്മാർ തമ്മിലും അടിപിടി നടക്കാറുണ്ട്. വലിയ ശബ്ദത്തിൽ കലപിലകൂട്ടി വീട്ടിലുള്ളവരെ ഭയപ്പെടുത്തുന്നതും വാനരന്മാരുടെ കലാപരിപാടിയാണ്.
വാനരസംഘത്തിൽ നാൽപ്പതിലധികം അംഗങ്ങളുണ്ട്. പകലും രാത്രിയും ഭേദമില്ലാതെ നാട്ടിടവഴികളിലൂടെ വാനരസംഘത്തെ കാണുന്നുണ്ട്. വാനരശല്യത്തെകുറിച്ച് വനംവകുപ്പിൽ അറിയിച്ചിട്ടും പരിഹാരമൊന്നും ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി.
ആൾതാമസമില്ലാതെ കാടുമൂടികിടക്കുന്ന സ്ഥലങ്ങളാണ് വാനരസംഘത്തിന്റെ താവളം. വാനരശല്യത്തോടൊപ്പം പന്നിശല്യവും വർധിച്ചതായും പരാതി ഏറെയാണ്.
കാട്മൂടി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ ഇടപെടലിലൂടെ വൃത്തിയാക്കാനുള്ള നടപടിയും വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.