റെയിൽവേയിൽ ഉദ്യോഗസ്ഥ ഒത്തുകളി: അടിമപ്പണിയായി കരാർ ജോലി
1466624
Tuesday, November 5, 2024 2:17 AM IST
സ്വന്തം ലേഖകൻ
പാലക്കാട്: റെയിൽവേയുടെ വിവിധ വിഭാഗങ്ങളിലുള്ള കരാർതൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കി ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം.
കരാർ കിട്ടുന്നതിന് എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്ന കന്പനി, തൊഴിലാളികൾക്കു നൽകേണ്ട പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നു.
അപകടത്തിൽപെടുന്നവർക്ക് ഇൻഷ്വറൻസോ നഷ്ടപരിഹാരമോ ലഭിക്കാറില്ല.
ശന്പളവും കൃത്യസമയത്തു ലഭിക്കാറില്ല. ഷൊർണൂരിൽ പാളം വൃത്തിയാക്കുന്നതിനിടെ മരിച്ച സംഭവം റെയിൽവേക്ക് ഒഴിവാക്കാമായിരുന്നെന്ന് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വരുന്നെന്ന കാരണത്താൽ തൊഴിലാളികളെ നിർബന്ധിച്ചു പറഞ്ഞയയ്ക്കുകയായിരുന്നെന്നും വിസമ്മതിച്ചവരെ പിരിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും അപകടത്തിൽപെട്ടവരുടെ മൃതദേഹം കണ്ടെടുക്കുന്ന സ്ഥലത്തേക്കു റെയിൽവേയുടെ ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നും യൂണിയനുകൾ ആരോപിച്ചു.
കേരളത്തിൽ അഞ്ചു വിംഗുകളിലായി അയ്യായിരത്തിലേറെ കരാർതൊഴിലാളികളുണ്ട്. ട്രാക്ക് വൃത്തിയാക്കുന്നവർ, ട്രെയിനുകളിൽ വെള്ളം നിറയ്ക്കുന്നവർ, ശുചീകരണതൊഴിലാളികൾ, പാഴ്സൽ പോർട്ടർമാർ എന്നിവരാണ് കൂടുതൽ അപകടത്തിന് ഇരയാകുന്നത്.
മലയാളികളും തമിഴ്നാട്ടുകാരുമായ കോണ്ട്രാക്ടമാരുമുണ്ട്.
സതേണ്‍ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്കു വിധേയപ്പെടുന്നവർക്കു മാത്രമാണ് കരാർ നൽകുക.
ആധുനികലോകത്തെ അടിമത്തമാണ് റെയിൽവേയിൽ ഇന്നുള്ളതെന്നും കേണ്ട്രാക്ടർക്കെതിരേ സംസാരിച്ചതിന്റെ പേരിൽ ഷൊർണൂരിൽ നാലു തൊഴിലാളികളെ സസ്പെൻഡ് ചെയ്തെന്നും എച്ച്എംഎസ് ജനറൽ സെക്രട്ടറി രാഹുൽ വി. നായർ പറഞ്ഞു.
അംഗീകാരമില്ലാത്ത കോണ്‍ട്രാക്ടർമാർക്കു കരാർ കൊടുക്കാൻ പാടില്ലെന്നാണു നിയമമെങ്കിലും ഇതൊന്നും പുറംലോകം അറിയുന്നില്ല. കരാർ അടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി തീരുമാനിക്കുകയാണ്.
സുരക്ഷാ ഉപകരണങ്ങൾ വന്നാൽതന്നെ സ്ഥിരം ജീവനക്കാർക്കുമാത്രമേ ലഭിക്കൂ. കവച്, രക്ഷക് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ പരിമിതമായ തോതിലാണ് ലഭ്യമാക്കിയിട്ടുള്ളത്.
അപകടമുണ്ടായാൽ കരാറുകാരനെ ഒഴിവാക്കി ചെറിയ നഷ്ടപരിഹാരം നൽകി നടപടികൾ അവസാനിപ്പിക്കും. നൂറുകണക്കിനു സർവീസുകൾ നടക്കുന്ന കേരളത്തിലെ പാതകളിൽ ട്രെയിൻ വരുന്നതു സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പുകൾ നൽകാറില്ല.
സൂപ്പർവൈസർമാർ വിസിൽ അടിക്കുന്പോൾ ഓടിമാറുകയാണ് ചെയ്യാറ്. ഒരു കിലോമീറ്ററോളം ദൂരത്തിൽ ജോലിചെയ്യുന്നവർക്ക് ട്രെയിന്റെ ശബ്ദത്തിൽ വിസിൽ കേൾക്കാറുമില്ല.
2017-2018 കാലയളവിൽമാത്രം 103 റെയിൽവേ ജീവനക്കാർ ട്രെയിൻ അപകടങ്ങളിൽ മരിച്ചെന്നാണു 2021ൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അവതരിപ്പിച്ച കണക്ക്.
2012 മുതൽ 2016 വരെ പ്രതിവർഷം ട്രാക്ക് മെയിന്റനൻസ് ജോലി ചെയ്യുന്ന 600 തൊഴിലാളികൾ അപകടത്തിൽ മരിച്ചു. 2017- 2019 കാലയളവിൽ ഓരോ വർഷവും ശരാശരി 1000 മരണമെന്ന തോതിലെത്തി.
നിലവിൽ ഇന്ത്യൻ റെയിൽവേയിൽ പ്രതിദിനം മൂന്നുപേരെങ്കിലും കൊല്ലപ്പെടുന്നെന്ന കണക്കും പുറത്തുവന്നു.