ഖാദി കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ; അസംസ്കൃത വസ്തുവായ പഞ്ഞി വാങ്ങാൻപോലും പണമില്ല
1466349
Monday, November 4, 2024 2:35 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: നൂൽനിർമാണത്തിനുള്ള അസംസ്കൃതവസ്തുവായ പഞ്ഞി ലഭിക്കാതെ ഖാദി ഉത്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായി.
കേരള ഗാന്ധി സ്മാരകനിധിയുടെ കീഴിൽ മംഗലത്തും കണ്ണമ്പ്രയിലും പ്രവർത്തിക്കുന്ന സെന്ററുകളാണ് നിലനിൽപ്പിനായി പൊരുതുന്നത്.
ഇതുമൂലം ഈ സെന്ററുകളിലെ നൂറോളം സ്ത്രീകളുടെ തൊഴിലും പ്രശ്നമാവുകയാണ്. അസംസ്കൃത വസ്തുവിന്റെ ലഭ്യതക്കുറവുമൂലം സെന്ററുകളിലെ ചർക്കകളെല്ലാം പ്രവർത്തിക്കാനാകാതെ മൂടിയിട്ടു.
ഏതാനും തൊഴിലാളികൾക്ക് മാത്രമാണ് സെന്ററുകളിൽ തൊഴിലുള്ളത്. പ്രദേശവാസികളായ സ്ത്രീകളാണ് ഇവിടെ തൊഴിലെടുക്കുന്നവരിൽ കൂടുതൽ പേരും. മറ്റു ജില്ലകളിലുള്ള സെന്ററുകളിലും ഇത്തരം പ്രതിസന്ധികളുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ നടത്തി വരികയാണെന്ന് അഖിലേന്ത്യാ ഗാന്ധി ഗ്രാമ സേവാ സംഘം പ്രസിഡന്റ് പ്രഫ. ഡോ. വാസുദേവൻ പിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കോവിഡിനു ശേഷമാണ് പ്രതിസന്ധി തുടങ്ങിയത്. രണ്ടുവർഷമായിട്ടും പരിഹാരം നീളുന്ന സ്ഥിതിയാണ്. നേരത്തെ ഒരു ലോഡ് പഞ്ഞിക്ക് മുപ്പതിനായിരം രൂപയായിരുന്നു വില.
ലോഡ് ഇറക്കി അത് നൂലാക്കി കൊടുക്കുമ്പോൾ പഞ്ഞിയുടെ വിലയും നൂലിന്റെ വിലയും കണക്കാക്കി പരസ്പര ധാരണയിലായിരുന്നു ഇടപാടുകൾ. എന്നാൽ കേന്ദ്ര സർക്കാർ നയം മാറ്റി അസംസ്കൃത വസ്തുക്കളുടെ വിതരണം സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചു. പഞ്ഞിയുടെ വിലയും ഇരട്ടിയിലധികമാക്കിയതായി ഡോ.വാസുദേവൻ പിള്ള പറയുന്നു. വർധിത തുക പഞ്ഞി വാങ്ങുമ്പോൾ തന്നെ പൂർണമായും അടയ്ക്കണം എന്ന വ്യവസ്ഥ കൂടി വന്നു. തൃശൂർ കുറ്റൂരിൽ നിന്നാണ് പഞ്ഞി കൊണ്ടുവരുന്നത്. ഉത്സവ സീസണുകളിൽ ഖാദി തുണികൾക്ക് സർക്കാർ വലിയ റിബേറ്റ് പ്രഖ്യാപിക്കാറുണ്ടെങ്കിലും കുറച്ചു കൊടുക്കുന്ന തുക സർക്കാരിൽ നിന്നും യഥാസമയം ലഭ്യമാകാറുമില്ല.
ഇതെല്ലാം സെന്ററുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടാക്കി. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഈ മേഖലയേയും പുറകോട്ടടിക്കുന്നത്. ഓരോരുത്തരും ഉണ്ടാക്കുന്ന നൂൽ കെട്ടുകൾ ( നൂൽകഴി)ക്കനുസരിച്ചാണ് തൊഴിലാളികൾക്കുള്ള കൂലി നിശ്ചയിക്കുന്നതെന്ന് മംഗലം, കണ്ണമ്പ്ര എന്നീ സെന്ററുകളുടെ മാനേജർ എ. വനിത പറഞ്ഞു.
കൂടാതെ ഇൻസെന്റീവ്, സർക്കാർ വിഹിതം എന്നിവയും തൊഴിലാളികളുടെ പ്രതിഫലമായി കണക്കാക്കും. മറ്ു വരുമാനം ഉള്ളവർക്ക് ഇതിൽനിന്നുള്ള ചെറിയ തുക കൂടിയാകുമ്പോൾ കുടുംബ ചെലവുകൾ കൂട്ടിമുട്ടിച്ചു പോകാം എന്നു മാത്രം.
കമ്പനി ജോലി പോലെ ഒരു സെന്ററിൽ വന്ന് സുരക്ഷിതമായി തൊഴിലെടുക്കാം എന്ന സൗകര്യങ്ങളുമുണ്ട്. ഗാന്ധിജി വിഭാവനം ചെയ്തപ്പോലെ ഗ്രാമീണ സ്ത്രീകൾക്ക് തൊഴിൽ സുരക്ഷിതത്വം എന്ന വലിയ ലക്ഷ്യത്തിനൊപ്പം സ്വദേശാഭിമാനം വളർത്തുന്ന തുണികളുടെ പ്രചാരണത്തിനും ഇത്തരം സെന്ററുകൾ നില നിന്നേ മതിയാകു.
പഴയകാല പ്രതാപത്തിലേക്ക് സെന്ററുകളെ തിരിച്ചുകൊണ്ടുവരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മുക്കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട് മംഗലത്തെ സെന്ററിന്. കണ്ണമ്പ്ര സെന്ററും അരനൂറ്റാണ്ടിനോടടുത്തായെന്ന് മാനേജർ വനിത പറഞ്ഞു. കണ്ണമ്പ്ര സെന്ററിലെ പുതിയ കെട്ടിടവും പഴയ കെട്ടിടങ്ങളുമെല്ലാം കേടുപാടുകളും അപകട ഭീഷണിയുമുണ്ട്.