നവീകരിച്ച ആലമ്പള്ളം നിലമ്പതിപ്പാലം വാഹനസഞ്ചാരത്തിനു തുറക്കും
1466154
Sunday, November 3, 2024 6:43 AM IST
കൊല്ലങ്കോട്: നവീകരിച്ച ആലമ്പള്ളം നിലമ്പതിപ്പാലം അടുത്തയാഴ്ച തുറക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടന പരിപാടികൾ ഉണ്ടാകില്ല. കെ. ബാബു എംഎൽഎയുടെ 15 ലക്ഷം ഫണ്ട് ചെലവഴിച്ചാണ് ആലമ്പള്ളം പാലം നവീകരിച്ച് സഞ്ചാരയാഗ്യമാക്കിയത്.
നവീകരിച്ച പാലത്തിലൂടെ പയിലൂർമൊക്കിൽ നിന്നും ഊട്ടറ ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾ സുരക്ഷിതമായി സഞ്ചരിക്കാനാവുമെന്നത് യാത്രക്കാർക്ക് ആശ്വാസത്തിന് വക നൽകിയിട്ടുണ്ട്.
ഇപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെ മറ്റു യാത്രികരും കൊല്ലങ്കോട് ടൗണിലെത്താൻ മൂന്നു കിലോമീറ്റർ ദൂരം അധികം സഞ്ചരിക്കേണ്ടതിനും പാലം തുറക്കുന്നതോടെ പരിഹാരമാകും. 2018 ലെ പ്രളയജലം പുഴയിലെത്തിയതോടെയാണ് പാലം കൈവരിയും സഞ്ചാരവഴിയും തകർന്ന് അപകടഭീഷണിയിലായത്. പലതവണ പാലത്തിൽ താത്കാലിക നവീകരണങ്ങൾ ചെയ്തെങ്കിലും ഗുണപ്രദമായില്ല.
രണ്ടുമാസം മുന്പ് ഉണ്ടായ ശക്തമായ മഴയിൽ പുഴയിൽ വെള്ളം കവിഞ്ഞൊഴുകിയതോടെയാണ് നിലമ്പതിക്ക് സർവനാശമുണ്ടായി വഴി അടഞ്ഞത്. പാലത്തിന്റെ കൈവരികളിൽ അവസാന മിനുക്ക്പണികൾ ഇന്ന് പൂർത്തിയാകും.