വടക്കഞ്ചേരി ടൗൺ റോഡുകളിലെ അനധികൃത കച്ചവടം; വ്യാപാരികൾ പ്രക്ഷോഭത്തിന്
1466625
Tuesday, November 5, 2024 2:17 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ അനധികൃത കച്ചവടങ്ങൾ തടയുന്നതിൽ പഞ്ചായത്ത്, പോലീസ്, ആരോഗ്യവിഭാഗം ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പധികാരികൾ കാണിക്കുന്ന അലംഭാവത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീൽ, ജനറൽ സെക്രട്ടറി എംഡി സിജു, ട്രഷറർ സി.എസ്. സിദിക് എന്നിവർ പറഞ്ഞു.
നിയമാനുസൃതം അരഡസനിലേറെ ലൈസൻസുകളെടുത്ത് വലിയ വാടകയും മറ്റു ചെലവുകളുമായി കച്ചവടം നടത്തുന്ന വ്യാപാരികളെ പരിഹസിക്കുന്ന രീതിയിലാണു കടകൾക്കുമുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടുള്ള കച്ചവടം മെയിൻറോഡിൽ നടക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധിതവണ പഞ്ചായത്തിൽ പരാതിനൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.
പഞ്ചായത്തിലും പോലീസിലും ആരോഗ്യവകുപ്പിലും കഴിഞ്ഞദിവസവും പരാതി നൽകിയിട്ടുണ്ട്.നടപടി കാണുന്നില്ല.
മാലിന്യമുക്തം നവകേരളം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത് ക്ലീൻ ടൗൺ, ക്ലീൻ ഗ്രാമം എന്നിങ്ങനെ പദ്ധതികൾ കൊട്ടിഘോഷിച്ചു നടത്തുമ്പോൾ വടക്കഞ്ചേരി ടൗണിൽ ഓരോ ദിവസവും അനധികൃത കച്ചവട വാഹനങ്ങളുടെ എണ്ണംകൂടുന്ന സ്ഥിതിയാണ്. തിരക്കേറിയ ടൗൺ റോഡിൽ പച്ചമത്സ്യവും - മാംസ വില്പനയും നടക്കുമ്പോഴും നടപടിയുണ്ടാകുന്നില്ലെന്നു വ്യാപാരി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.