മരിച്ചവരുടെ ഓർമദിനം ആചരിച്ചു
1466169
Sunday, November 3, 2024 6:43 AM IST
പാലക്കാട്: കത്തോലിക്കാ സഭയിൽ മരിച്ചവർക്കായുള്ള ഓർമദിനമായിരുന്നു ഇന്നലെ. ദേവാലയങ്ങളിലും സെമിത്തേരികളിലും മരിച്ചവർക്കായുള്ള പ്രത്യേക ദിവ്യബലിയും പൊതു ഒപ്പീസും നടന്നു. പൂക്കളാൽ അലങ്കരിച്ച കല്ലറകൾക്കു മുന്നിൽ വീട്ടുകാരും ബന്ധുക്കളും മരിച്ചവർക്കായി പ്രത്യേക പ്രാർഥന നടത്തി.
കല്ലറകൾക്ക് മുന്നിൽനിന്ന് വേർപാടുകളുടെ നൊമ്പരസ്മരണകൾ വീണ്ടും അനുസ്മരിച്ചു.
അകാലത്തിൽ വിട്ടുപോയവരുടെ വീട്ടുകാരും ബന്ധുക്കളും ഒരിക്കൽകൂടി ഉറ്റവർക്ക് സ്നേഹപുഷ്പങ്ങളർപ്പിച്ചു മടങ്ങി.
നിരവധി വിശ്വാസികളാണ് സെമിത്തേരികളിൽ പ്രാർഥനയ്ക്കായി എത്തിയത്. സെന്റ് റാഫേൽസ് കത്തീഡ്രൽ സെമിത്തേരിയിൽ നടന്ന ശുശ്രൂഷകൾക്ക് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.
കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, ഫാ. സാൻജോ ചിറയത്ത്, ഫാ. മെൽവിൻ ചിറമേൽ എന്നിവർ സഹകാർമികരായിരുന്നു. രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ചടങ്ങുകൾ നടന്നു.