കുട്ടികൾ മാതൃഭാഷ പഠിക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് പ്രധാനം: ജില്ലാ കളക്ടർ
1465764
Saturday, November 2, 2024 3:06 AM IST
പാലക്കാട്: ഇപ്പോഴത്തെ കുട്ടികളിൽ മനോഹരമായി മാതൃഭാഷ സംസാരിക്കുന്നവർ വിരളമാണെന്നും അതിനാൽ മാതൃഭാഷ അവരെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കാണെന്നും ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര പറഞ്ഞു.
ജില്ലാ റവന്യൂ വകുപ്പും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാചരണം ഭരണഭാഷാ വാരാഘോഷം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
പലപ്പോഴും കാർട്ടൂണ്‍ കഥാപാത്രങ്ങളുടെ സംസാരരീതി കുട്ടികളിൽ പ്രതിഫലിക്കുന്നു. മാതാപിതാക്കൾ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കികൊടുക്കുകയും അവർക്ക് മാതൃകയാകുകയും വേണം. നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്ക് കഴിയണം.
പരമാവധി വീടുകളിൽ മാതൃഭാഷ ഉപയോഗിക്കാൻ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കണം. മാതൃഭാഷയിലെ എഴുത്തും, വായനയും നല്ല കയ്യക്ഷരവും ഭാഷ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതും അഭിമാനവും അഹങ്കാരവുമായി കാണണം. ജില്ലാ കളക്ടർ പറഞ്ഞു.
മലയാള ഭാഷ നോഡൽ ഓഫീസറും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുമായ എസ്. സജീദ് അധ്യക്ഷത വഹിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി. സുരേഷ് ഭാഷാ പ്രതിജ്ഞ കളക്ടറേറ്റ് ജീവനക്കാർക്ക് ചൊല്ലി കൊടുത്തു.