"റബർവിലയിടിവും ചർച്ചയാക്കണം'
1466623
Tuesday, November 5, 2024 2:17 AM IST
വടക്കഞ്ചേരി: റബർവിലയിടിവിലും വിപണിയിലെ അനിശ്ചിതത്വത്തിലും പത്തുലക്ഷത്തോളം കർഷകകുടുംബങ്ങളും മേഖലയിൽ പണിയെടുക്കുന്ന അഞ്ചുലക്ഷത്തോളം തൊഴിലാളികുടുബങ്ങളും ദുരിതമനുഭവിക്കുമ്പോൾ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു റബറിന്റെ വിലയിടിവ് ചർച്ചയാകുന്നില്ലെന്നു റബർകർഷകർ.
തുടർച്ചയായ വിലയിടിവുമൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ കഷ്ടപ്പാടുകളിലും കടക്കെണിയിലുമാണ് കർഷകരെല്ലാം.
ഉപതെരഞ്ഞെടുപ്പു നടത്തുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും നിയമസഭാ മണ്ഡലങ്ങളായ ചേലക്കരയിലും പാലക്കാട്ടും രാഷ്ട്രീയ പാർട്ടികളും കേന്ദ്ര -സംസ്ഥാന സർക്കാർ പ്രതിനിധികളുമൊക്കെ റബർകർഷകരുടെ പ്രശ്നങ്ങൾക്കു യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ലെന്നതാണ് കർഷകരെ വിഷമിപ്പിക്കുന്നത്.
റബർകർഷകരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുകയും പ്രശ്നത്തിൽ രാഷ്ട്രീയപാർട്ടികളുടെയും ജനപ്രതിനിധികളുടെയും പ്രതികരണമുണ്ടാകുന്നതിനു മാധ്യമങ്ങൾ ശ്രദ്ധചെലുത്തണമെന്നു റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ ട്രഷറർ പി.വി. ബാബു ആവശ്യപ്പെട്ടു. റബർകർഷകരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ഈ മാസം ഏഴിന് നിലമ്പൂർ കോടതിപ്പടിയിൽ റബർകർഷകസംഗമം സംഘടിപ്പിച്ചിട്ടുള്ളത്.
രാജ്യാന്തരതലത്തിൽ സ്വാഭാവിക റബറിന്റെ ഉത്പാദനത്തിൽ 25 ശതമാനത്തോളം കുറവുണ്ടാവുകയും അന്താരാഷ്ട്രവില ഇന്ത്യയിലെ ആഭ്യന്തര വിലയെക്കാൾ വളരെ ഉയർന്നുനിന്നിട്ടും കേരളത്തിലെ റബർകർഷകർക്ക് അടിസ്ഥാന മിനിമംവിലപോലും ലഭിക്കുന്നില്ലെന്ന സ്ഥിതിയാണുള്ളത്.
ടയർ കമ്പനികളുടെ ഒത്തുകളിവ്യാപാരത്തിലൂടെ കർഷകരെ വഞ്ചിക്കുകയാണ്. റബർ സംഭരിക്കാൻ മറ്റു ഏജൻസികൾ ഇല്ലാതായതിനാൽ കർഷകർ തകർന്നടിയുകയാണ്. എക്സ്പോർട്ടിംഗ് ലൈസൻസുള്ള റബർ ബോർഡ് കമ്പനികളും മാർക്കറ്റിംഗ് സോസൈറ്റികളും പ്ലാന്റേഷൻ കോർപറേഷനും മറ്റു കേന്ദ്ര - സംസ്ഥാന ഏജൻസികളും കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ്. എല്ലാ രാഷ്ട്രീയ പർട്ടികളും റബറിന്റെ അടിസ്ഥാനവില 250 രൂപയാക്കണമെന്നു പറയുന്നുണ്ടെങ്കിലും ആത്മാർഥതയില്ലാത്ത പ്രഖ്യാപനങ്ങളാണെന്നാണു കർഷകരുടെ ആരോപണം.