കുളത്തിന്റെ ബണ്ട് പൊട്ടി വെള്ളംചോർന്നു
1466156
Sunday, November 3, 2024 6:43 AM IST
കോയമ്പത്തൂർ: വ്യാഴാഴ്ച രാത്രി പെയ്ത കനത്തമഴയിൽ സോമയംപാളയം കുളത്തിന്റെ ബണ്ട് പൊട്ടി വെള്ളം ചോർന്നു. പഞ്ചായത്ത് അധികൃതർ പൊട്ടിയ ഭാഗത്ത് മണൽചാക്കുകൾ സ്ഥാപിച്ചത് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കി.
സോമയംപാളയം, നവവൂർ, കസ്തൂരിനാസികൻപാളയം, കളപ്പനച്ചിക്കൻപാളയം പ്രദേശങ്ങളിലെ ജലസ്രോതസാണ് ഏഴേക്കർ കുളം. അടുത്തിടെ പെയ്ത മഴയിൽ കുളം പൂർണതോതിൽ നിറഞ്ഞിരുന്നു.
വ്യാഴാഴ്ച രാത്രി കുളത്തിലേക്കുള്ള നീരൊഴുക്കിൽ ഗണ്യമായ വർധനയുണ്ടായി. വെള്ളിയാഴ്ച പുലർച്ചെയാണ് വെള്ളക്കെട്ട് ബണ്ട് പൊട്ടിയത്. ഉടൻ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തു.
പഞ്ചായത്ത് ജീവനക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് തകർന്ന സ്ഥലത്ത് മണൽചാക്കുകൾ സ്ഥാപിക്കുകയും കൂടുതൽ ചോർച്ച ഫലപ്രദമായി തടയുകയും ചെയ്തു.