കനത്ത മഴ; ദേശീയപാതയിലെ വെള്ളം ആശുപത്രിയിലേക്ക് ഒഴുകി
1459742
Tuesday, October 8, 2024 7:51 AM IST
കല്ലടിക്കോട്: കല്ലടിക്കോട് മേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് ചുങ്കത്ത് ആശുപത്രിയിൽ വെള്ളംകയറി. ദേശീയപാതയുടെ സമീപമുള്ള പിസിഎം മെഡിക്കൽ സെന്ററിലാണ് വെള്ളം കുത്തിയൊഴുകി എത്തിയത്. റോഡ് നവീകരണത്തിനുശേഷം നിലനിരപ്പിൽ നിന്നും റോഡ് ഉയർന്നതാണ് മഴവെള്ളം ഒഴുകിയെത്താൻ കാരണം.
ഉയർന്ന പ്രദേശങ്ങളായ കാട്ടുശേരി അയ്യപ്പൻകാവ്, കാഞ്ഞിക്കുളം ചെക്ക്പോസ്റ്റ്, മേലേചുങ്കം, കുന്നത്തുകാട്, പുലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള മഴവെള്ളം മുഴുവൻ റോഡിനേക്കാൾ താഴെ സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേയ്ക്കാണ് ഒഴുകിയത്തിയത്.
കാർപോർച്ചിന്റെ ഉള്ളിലൂടെ എത്തിയ വെള്ളം മുറ്റത്തും അതിഥി മന്ദിരത്തിലും മറ്റ് ഭാഗങ്ങളിലും നിറയുകയായിരുന്നു. റോഡ് നിർമിച്ചപ്പോൾ ഈ ഭാഗത്ത് വെള്ളം പോകാൻ ചാലുകൾ നിർമിച്ചിരുന്നില്ല.
നാലു കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ള വെള്ളം റോഡിലൂടെ ഒഴുകി ആശുപത്രിയിലും സമീപത്തെ വീടുകളിലും പള്ളിയിലും കടകളിലും കയറുകയായിരുന്നു. ദേശീയപാതയിൽ അഴുക്കുചാലുകൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎക്കും എംപിക്കും നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.