ക്രമവിരുദ്ധമായി ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി പരാതി
1459362
Sunday, October 6, 2024 7:21 AM IST
അഗളി: അട്ടപ്പാടിയിൽ ക്രമവിരുദ്ധമായി ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.ആർ. രവീന്ദ്രദാസ് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് പരാതി നൽകി.
ഷോളയൂർ പഞ്ചായത്തിൽ കോട്ടത്തറ വില്ലേജിൽ 1819, 524, 1275, 742 എന്നീ സർവേ നമ്പരുകളിൽ ഉൾപ്പെട്ടതും എ ആൻഡ് ബി രജിസ്റ്ററിൽ മൂപ്പിൽ നായർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ നൂറുകണക്കിന് ഏക്കർ ഭൂമി മൂപ്പിൽ നായരുടെ അവകാശികൾ എന്ന് അവകാശപ്പെട്ട് ഏതാനും വ്യക്തികൾ റവന്യൂ രേഖകൾ തരപ്പെടുത്തി ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സംസ്ഥാനത്ത് പരിധിയിൽ കവിഞ്ഞ സ്വത്ത് ഇപ്പോഴും കൈവശമുണ്ടെന്ന് അവകാശപ്പെട്ട് വ്യാജ രേഖകൾ ചമയ്ക്കുന്നത് തടയുന്നതിന്ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു. ഇന്നലെ അഗളിയിൽ നടന്ന താലൂക്ക് സഭയിലാണ് രവീന്ദ്രദാസ് പരാതി ഉന്നയിച്ചത്.