വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു
1453752
Tuesday, September 17, 2024 1:50 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ തങ്കം ജംഗ്ഷനിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 യാത്രക്കാർക്ക് പരുക്കേറ്റു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തൊട്ടടുത്തെ നായനാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പിന്നീട് ആലത്തൂർ, നെന്മാറ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വടക്കഞ്ചേരി ടൗൺ റോഡിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. തൃശൂർക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. സ്വകാര്യ ബസിന്റെ മുൻവശത്തെ ഡോറിന്റെ ഭാഗത്താണ് കെഎസ്ആർടിസി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ വീണും കമ്പിയിലിടിച്ചുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്.
വടക്കഞ്ചേരി ഗാന്ധിനഗർ ഹക്കീമിന്റെ ഭാര്യ ദിൽഷാദ് (37), കൊല്ലങ്കോട് വട്ടേക്കാട് ശ്യാമിന്റെ ഭാര്യ എം.കെ. മിനി, ലക്ഷ്മി (10), കൊല്ലങ്കോട് ഗണേഷിന്റെ മകൻ ആനന്ദ് (33), ചിറ്റിലഞ്ചേരി നൊച്ചിക്കൽ ശിവദാസൻ ഭാര്യ വിജിത(25), രമ്യ, ആദിശ്രീ, രജനി, സുന്ദരന്റെ ഭാര്യ കാഞ്ചന, അമൃത (23), പ്രമിത (46), കുമാരസ്വാമി (89), കുമാരി (67) എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്കാണ് കൂടുതൽ പരിക്കേറ്റത്. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.അപകടത്തെ തുടർന്ന് ജംഗ്ഷനിൽ ഗതാഗത തടസമുണ്ടായി.