ശിരുവാണി ഇക്കോ ടൂറിസം പുനരാരംഭിക്കുന്നു
1451825
Monday, September 9, 2024 1:35 AM IST
മണ്ണാർക്കാട്: വർഷങ്ങളായി മുടങ്ങിക്കിടന്ന ശിരുവാണി ഇക്കോ ടൂറിസം പദ്ധതി പുനരാരംഭിക്കുവാൻ തീരുമാനം. 2018- 2019 വർഷങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിനെയും തുടർന്ന് നിർത്തിവെച്ച ശിരുവാണി ഇക്കോ ടൂറിസം പദ്ധതിയാണ് പുനരാരംഭിക്കുവാൻ നീക്കം ആയത്. വനവികസന ഏജൻസി എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനം എടുത്തത്.
ഇത് സംബന്ധിച്ച് ഡിവിഷൻ തലത്തിൽ തയ്യാറാക്കിയ വിശദമായ പ്രൊപ്പോസൽ അനുമതിക്കായി ഈസ്റ്റേൺ സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റർക്ക് സമർപ്പിക്കും.
മണ്ണാർക്കാട് വനവികസന ഏജൻസിയുടേയും ഇതിന്റെ കീഴിലുള്ള വനസംരക്ഷണ സമിതികളുടെയും വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും പദ്ധതിപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗംചേർന്നത്.
വനംവകുപ്പിന് പുറമെ റവന്യു, എക്സൈസ്, കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികളും തെരഞ്ഞെടുത്ത വനസംരക്ഷണ സമിതി പ്രസിഡന്റുമാരും ഉൾക്കൊള്ളുന്നതാണ് മണ്ണാർക്കാട് വനംവികസന ഏജൻസിയുടെ 22അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി.
യോഗത്തിൽ 19 അജണ്ടകൾ ചർച്ച ചെയ്തു. കോട്ടോപ്പാടം പഞ്ചായത്തിലെ സൗ രോർജ തൂക്കുവേലി പരിചരണ പ്രവർത്തികൾക്ക് വാച്ചർമാരെ നിയോഗിക്കുന്നതിന് യോഗം അംഗീകാരം നൽകി. കാഞ്ഞിരപ്പുഴ, തൊടുകാപ്പ് ഇക്കോ ഷോപ്പുകൾക്കും വനശ്രീ ഇക്കോഷോപ്പ് വ്യാപാര പദ്ധതിക്കും അംഗീകാരം നൽകി. ഡിഎഫ്ഒ സി. അബ്ദുൾ ലത്തീഫ് അധ്യക്ഷനായി.