ആദരമൊരുക്കി ആദിവാസിദിനാചരണം
1443505
Saturday, August 10, 2024 1:25 AM IST
അഗളി: അട്ടപ്പാടിയുടെ സ്പന്ദനമറിഞ്ഞവർക്കു ആദിവാസി ദിനാചരണത്തിൽ ആദരമൊരുക്കി ധർമ റിസർച്ച് ഫൗണ്ടേഷൻ. വിവിധ ഊരുകളിലെ മൂപ്പന്മാരെയും മൂപ്പത്തിമാരെയും ഊരുകളിലെത്തി നേരിൽകണ്ടാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
കുറുംമ്പി മൂപ്പത്തി, കാവുണ്ടിക്കൽ മണപ്പ മൂപ്പൻ, രാമചന്ദ്രൻ അത്തിപ്പറ്റ എന്നിവർക്കാണ് ഇന്നലെ ആദരമൊരുക്കിയത്.
താഴെ ഭൂതയാറിലെ പാരമ്പര്യ വൈദ്യ സേവനം ചെയ്യുന്ന കുറുംമ്പി മൂപ്പത്തി അച്ഛൻ ഗേല മൂപ്പനിൽ നിന്നും കിട്ടിയ വൈദ്യ സംബന്ധമായ അറിവുകൾ ഇന്നും കെടാതെ സൂക്ഷിക്കുന്നുണ്ട്. കുറുംബ വിഭാഗങ്ങളിൽ നിന്നും പാരമ്പര്യ വൈദ്യം അന്യം നിന്നും പോകാതെ സംരക്ഷിക്കുന്നതിൽ തൊണ്ണൂറ് വയസ് തികഞ്ഞ മൂപ്പത്തി വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
കാവുണ്ടിക്കൽ ഊരിലെ മണപ്പ മൂപ്പനെയും മൂപ്പത്തിയെയും ഊരിലെത്തി ആദരിച്ചു. ഇരുള വിഭാഗത്തിൽ നിന്നും ആദ്യകാലത്ത് വിദ്യാഭ്യാസം നേടിയവരിൽ ജീവിച്ചിരിക്കുന്ന പ്രായം ചെന്ന മൂപ്പന്മാരിൽ ഒരാളാണ് മണപ്പ മൂപ്പൻ.
അട്ടപ്പാടിയിലെ ആദ്യകാല സർക്കാർ ഉദ്യോഗസ്ഥനായ രാമചന്ദ്രൻ അത്തിപ്പറ്റ ്ക്കും ആദരവു നൽകി. അദ്ദേഹം അട്ടപ്പാടിയിൽ നടത്തിയ 27 വർഷത്തെ സേവനങ്ങളെ പരിഗണിച്ചാണ് ആദരവു നൽകിയത്. ധർമ്മ റിസർച്ച് ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ.എ.ഡി. മണികണ്ഠൻ, മാണി പറന്പെട്ട്, ദീപ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.