നറുക്കെടുപ്പിലൂടെ ചാലിശേരിയിൽ യുഡിഎഫിനു ഭരണത്തുടർച്ച
1442902
Thursday, August 8, 2024 1:51 AM IST
ഷൊർണൂർ: ചാലിശേരി പഞ്ചായത്തിൽ യുഡിഎഫിനു ഭാഗ്യപരീക്ഷണത്തിൽ ഭരണത്തുടർച്ച. ചാലിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ വിജേഷ് കുട്ടൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയും എഴാംവാർഡ് മെംബറുമായ പി.വി. രജീഷിനും യുഡിഎഫ് സ്ഥാനാർഥിയും രണ്ടാം വാർഡ് മെംബറുമായ വിജേഷ് കുട്ടനും ഏഴുവീതം വോട്ടുകളാണ് ലഭിച്ചത്.
ഇരുവരും തുല്യനിലയിലായതോടെ ടോസിലൂടെയാണ് യുഡിഎഫ് സ്ഥാനാർഥി വിജേഷ് കുട്ടൻ ജയം കൈവരിച്ചത്. ഇതോടെ യുഡിഎഫ് ഭരണത്തുടർച്ച ലഭിച്ചതിന്റെ ആശ്വാസത്തിലാണ്. ചാലിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന യുഡിഎഫിലെ എ.വി. സന്ധ്യ പ്രസിഡന്റ് സ്ഥാനവും മെംബർ സ്ഥാനവും രാജിവച്ചതോടെയാണ് ചാലിശേരി ഗ്രാമപഞ്ചായത്തിൽ ഭരണപ്രതിസന്ധി സംജാതമായത്. ഭരണം കൈവിട്ടുപോകുമെന്ന ആശങ്കയിലായിരുന്നു നേതൃത്വം. ആകെയുള്ള 15 വാർഡുകളിൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും അംഗങ്ങളാണ് ഉണ്ടായിരുന്നത്.
എന്നാൽ എ.വി. സന്ധ്യ നേതൃത്വവുമായി ഇടഞ്ഞ് പ്രസിഡന്റ് സ്ഥാനവും മെംബർ സ്ഥാനവും ഒരുമിച്ചു രാജിവച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഭരണപ്രതിസന്ധി സൃഷ്ടിച്ച എ.വി. സന്ധ്യയെ പിന്നീട് പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.
ചാലിശേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച വരണാധികാരി സുഹാനയുടെ നേതൃത്വത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
ഒമ്പതാം വാർഡിൽ ഉപതെരഞ്ഞെടുപ്പു തീയതി പിന്നീട് പ്രഖ്യാപിക്കും.