കാലംതെറ്റി മാവു പൂത്തതു കൗതുകക്കാഴ്ച
1423212
Saturday, May 18, 2024 1:40 AM IST
കൊല്ലങ്കോട്: മുതലമട മാംഗോസിറ്റിയിൽ മാമ്പഴ സീസൺ അവസാനിച്ചെങ്കിലും സമീപ പഞ്ചായത്തായത്തായ പട്ടഞ്ചേരിയിൽ മാവുകുലച്ചത് കൗതുക കാഴ്ചയാകുന്നു. പഞ്ചായത്തിൽ പലസ്ഥലങ്ങളിലും വീട്ടു മാവുകൾ പൂത്തുതുടങ്ങിയിട്ടുണ്ട്.
പട്ടഞ്ചേരി ഭാഗങ്ങളിൽ സിന്ദൂരം ഇനത്തിൽപ്പെട്ട മാവാണ് കാലംതെറ്റി കുലയിട്ടിരിക്കുന്നത്. ചില വീടുകളിൽ കിളിച്ചുണ്ടൻമാങ്ങയും കുലയിട്ടിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ഇടമഴ മാവുകൾക്ക് ഏറെ പ്രയോജനപ്പെട്ടിട്ടുമുണ്ട്.
വിളവെടുപ്പ് സമയമെത്തിയതിനാൽ മഴയിൽ കൊഴിഞ്ഞു പോക്കുണ്ടായിട്ടുമില്ല. പ്രാദേശിക പച്ചക്കറി സ്ഥാപനങ്ങളിൽ എത്തിച്ചാൽ നല്ല വില ലഭിക്കുമെന്നത് മാവുടമകൾക്ക് ആശ്വാസത്തിന് വകനൽകുന്നുമുണ്ട്.
ഇത്തവണ മാംഗോ സിറ്റിയിൽ മാങ്ങയുടെ വിളവ് പത്തുശതമാനം മാത്രമായിരുന്നു. ഇതിനിടെയാണ് കൗതുകം പരത്തി സമീപ പഞ്ചായത്തുകളിൽ സീസൺ കഴിഞ്ഞിട്ടും മാവുകൾ പൂത്തുലയുന്നത്.