തെരഞ്ഞെടുപ്പായിട്ടും ആളിയാര്വെള്ളമില്ല
1415896
Friday, April 12, 2024 1:30 AM IST
പാലക്കാട്: ഓരോ തെരഞ്ഞെടുപ്പുകാലത്തും നാട്ടിലെ ചര്‍ച്ചാ വിഷയമായിരുന്നു ആളിയാര്‍- പറമ്പിക്കുളം കരാറും ജലലഭ്യതയും. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം മൂര്ധന്യഘട്ടത്തിലെത്തിയിട്ടും ആര്‍ക്കും മിണ്ടാട്ടമില്ല.
രാഷ്ട്രീയ പാര്ട്ടിക്കാര് ഇതു മറന്നമട്ടാണ്. കര്‍ഷക സംഘടനകളും വിഷയം ഏറ്റുപിടിക്കുന്നതില്‍ പിന്നാക്കമാണ്.
അണികളും പൊതുപ്രവര്‍ത്തകരുമെല്ലാം തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള തത്രപ്പാടില്‍ കുടിവെള്ളം മുട്ടുമെന്ന കാര്യം പോലും മറന്നമട്ടാണ്.
വോട്ടെടുപ്പു ദിവസം കഴിഞ്ഞാല്‍ മാത്രമേ പലര്‍ക്കും നേരം വെളുക്കുകയുള്ളുവെന്നും അന്നുമുതലേ കുടിവെള്ളം വിഷയമായി ഉയര്ന്നുവരുള്ളുവെന്നും അടക്കം പറയുന്നവരുണ്ട്. വരുംദിവസങ്ങളില്‍ പമ്പിംഗ് നിലച്ചാല്‍ മിക്ക പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുമെന്നു ഉറപ്പാണ്.
ആളിയാര്വെള്ളത്തിനായി പുതിയ പ്രക്ഷോഭം തുടങ്ങാന്‍ വോട്ടെടുപ്പു ദിവസം വരെ കാത്തിരിക്കേണ്ടി വരില്ലെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നു.