റവന്യൂ വകുപ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി
1394803
Friday, February 23, 2024 1:20 AM IST
പാലക്കാട്: റവന്യൂ വകുപ്പ് ഏർപ്പെടുത്തിയ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി.
പാലക്കാട് മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന സംയോജിത പോർട്ടലായ "എന്റെഭൂമി' ഈ വർഷം യാഥാർഥ്യമാവുന്നതോടുകൂടി ഭൂമിയുടെ ക്രയവിക്രയം വിരൽത്തുമ്പിൽ എത്തിക്കാൻ സാധിക്കും.
സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിതർ ഇല്ലാത്ത കേരളം എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്ത മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി രാജേഷ് എന്നിവരുടെ ആഭിമുഖ്യത്തിൽ പട്ടയവിതരണം നടന്നു. ജില്ലയിൽ നടന്ന പട്ടയമേളയിൽ വിതരണത്തിനുള്ള 7218 പട്ടയങ്ങളില്‍ 6026 പട്ടയങ്ങളുടെ വിതരണമാണ് നടന്നത്.
ബാക്കി 1192 എണ്ണം പട്ടയങ്ങളിൽ 1141 എണ്ണം അട്ടപ്പാടിയിലും 51 എണ്ണം തൃത്താലയിലുമായി നേരത്തെ വിതരണം നടത്തിയിരുന്നു.
ജില്ലാതല പരിപാടിയില്‍ എംഎല്‍എമാരായ കെ. ബാബു, പി. മമ്മിക്കുട്ടി, എ. പ്രഭാകരന്, കെ. പ്രേംകുമാര്‍, പി.പി. സുമോദ്, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.